Thursday 04 October 2018 02:13 PM IST : By സ്വന്തം ലേഖകൻ

‘ഏയ്‌ ഓട്ടോ’ അടക്കം നിരവധി സൂപ്പർഹിറ്റുകളുടെ അസോസിയേറ്റ് എഡിറ്റര്‍ മകന്റെ ചികിത്സയ്ക്കായി ഓട്ടോ ഓടിക്കുന്നു; അറിയാതെ പോകരുത് ഈ പ്രതിഭയെ

narayanan

‘ഏയ്... ഓട്ടോ’....പയ്യന്നൂർ പെരിങ്ങോമിലെ ‘ദർശൻ’ ഓട്ടോയെയാണ് നിങ്ങൾ ഇങ്ങനെ കൈകാട്ടി വിളിക്കുന്നതെങ്കിൽ ഒരു നിമിഷത്തേക്ക് ഓർക്കുക, ഡിജിറ്റൽ എഡിറ്റിങ്ങിനും മൾട്ടിമീഡിയ സാങ്കേതിക വിദ്യകളും മലയാളത്തിലെത്തും മുമ്പ് ഏയ് ഓട്ടോയും കിലുക്കവും അടക്കം നിരവധി ചിത്രങ്ങൾ വെട്ടിയൊട്ടിച്ച കൈകളാണ് ഈ ഓട്ടോയെ മുന്നോട്ടു കൊണ്ടു പോകുന്നത് എന്ന്. വിധിയുടെ എഡിറ്റിങ്ങിൽ  ജീവിതത്തിന്റെ ഏറ്റവും വർണ കാലഘട്ടവും താണ്ടി മുന്നോട്ടുള്ള പ്രയാണത്തിലാണ് ഈ കലാകാരൻ, കെ. നാരായണൻ.

പ്രശസ്ത സിനിമാ സംവിധായകരായ ഭരതൻ, പ്രിയദർശൻ, വേണുനാഗവള്ളി, ടി. വി ചന്ദ്രൻ തുടങ്ങിയവരുടെ പ്രിയപ്പെട്ട അസ്സോസിയേറ്റ് എഡിറ്റർ ആയിരുന്നു നാരായണൻ. മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളായ കിലുക്കം, ചിത്രം, വെള്ളാനകളുടെ നാട്, ഏയ്‌ ഓട്ടോ, ലാൽസലാം തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ  അദ്ദേഹത്തിന്റെ കൂടെ പ്രയത്നത്തിൽ പുറത്തിറങ്ങിയ സിനിമകളാണ്. മലയാളം കൂടാതെ തമിഴ്,ഹിന്ദി സിനിമകളുടെ ഭാഗമാകാനും ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

പത്താംക്ലാസ് കഴിഞ്ഞ് എഡിറ്റിങ് പഠിക്കാൻ മൂത്ത സഹോദരനായ സെവൻആർട്സ് മോഹന്റെ ഒപ്പം കൂടി ചെന്നൈയിലെ സിനിമാ ലോകത്ത് കടന്ന നാരായണൻ ചെന്നൈ വിജയവാഹിനി  സ്റ്റുഡിയോയിലെ പ്രധാന എഡിറ്റിങ് സഹായിയായി. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ചിത്രത്തിൽ സംവിധായകൻ ഭരതൻ തന്നെ എഡിറ്ററായപ്പോൾ ഭരതന്റെ പ്രധാന സഹായി നാരായണനായിരുന്നു. കൈകൊണ്ട് എഡിറ്റിങ് ചെയ്തിരുന്ന കാലത്തു നിന്ന് ഡിജിറ്റൽ കാലഘട്ടത്തിലേക്ക് സിനിമ മാറിയപ്പോൾ നാരായണനും പുതുസാങ്കേതിക വിദ്യാ എഡിറ്റിങ് പഠിച്ചു.

1995 ൽ സ്വതന്ത്ര എഡിറ്റിങ് തുടങ്ങിയപ്പോഴാണ് ബന്ധുവായിരുന്ന ബാലാമണിയുമായുള്ള വിവാഹം. അപൂർവ രോഗവുമായി ഒരു മകൻ ജനിച്ചപ്പോൾ നാരായണന്റെ വിധി വീണ്ടും മാറി. പക്ഷെ ഇത്തവണ ജീവിതം തന്നെ മാറിമറിഞ്ഞു. 1998 ൽ ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്ക് മാറിയ നാരായണന് മകന്റെ ചികിത്സയ്ക്കും മറ്റുമായി എഡിറ്റിങ് ലോകത്തു നിന്നു തന്നെ അകലേണ്ടി വന്നു.

thaniye



മകന് സ്കൂളിലേക്ക് പോകാൻ താൻ തന്നെ ഓട്ടോ ഓടിച്ചാലോ എന്ന് കരുതി ഓട്ടോ എടുത്തതാണ്. പിന്നീട് മകന്റെ സ്കൂൾ സമയത്തിനിടയിൽ ഓട്ടോയും ഓടിച്ചു ഫ്രീലാൻസ് എഡിറ്റിങ്ങും ചെയ്ത് ജീവിതം മുന്നോട്ടു പോയി. 2001 ൽ പൂർണമായി ജീവിതത്തിൽ ഒരു ഓട്ടോ ഡ്രവറായി.

സുഹൃത്തും മിന്നാമിനുങ്ങിന്റെ നുറുങ്ങു വട്ടത്തിന്റെ നിർമാതാവുമായ ബാബു തിരുവല്ല  'തനിയെ' എന്ന ചിത്രം സംവിധാനം ചെയ്തപ്പോൾ നാരായണൻ വീണ്ടും എഡിറ്ററായി. തനിയെയ്ക്ക് 2008 ലെ മികച്ച എഡിറ്റർക്കുള്ള ടിവി അവാർഡ് ലഭിച്ചെങ്കിലും ജീവിതം വീണ്ടും മുന്നിൽ പ്രാരാബ്ധങ്ങളുടെ വേഷവുമായി നിന്നു. നാരായണൻ വീണ്ടും ഓട്ടോ ഡ്രൈവറായി. സംസാരശേഷിയുമില്ലാത്ത പരസഹായമില്ലാതെ നടക്കാനാകാത്ത തന്റെ ഏക മകനായ ദർശൻ്റെ (20 വയസ്സ് ) പഠനത്തിനും ചികിത്സയ്ക്കും വേണ്ടി പെരിങ്ങോം പഞ്ചായത്തിലെ പൊന്നമ്പാറായിൽ ഓട്ടോ ഡ്രൈവറായി നാരായണനുണ്ട്.

എങ്കിലും ദൈവം തന്നനുഗ്രഹിച്ച എഡിറ്റിങ് ഉപേക്ഷിച്ചിട്ടില്ല ഈ കലാകാരൻ .അതിജീവനം,മിഴികൾ (തമിഴ് )അച്ഛനും അമ്മയും ചിരിക്കുമ്പോൾ (റിലീസ് ചെയ്തില്ല )എന്നിവയുടെയെല്ലാം ചിത്രസംയോജനം ഇതിനിടയിലും അദ്ദേഹം നടത്തി.