Thursday 18 January 2018 12:50 PM IST : By സ്വന്തം ലേഖകൻ

കിടക്കയോടെ കുടിയൊഴിപ്പിച്ച ബബിതയ്ക്കും മകൾക്കും സ്നേഹത്തണലൊരുക്കി പൊലീസ്!

babitha-news1 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

തിരുവനന്തപുരത്ത് അനുജനെ പൊലീസ് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ശ്രീജിത്ത് എന്ന യുവാവ് നടത്തുന്ന സത്യാഗ്രഹ സമരത്തോട് നാടൊട്ടുക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുമ്പോൾ മറ്റൊരിടത്ത് കോടതി ഉത്തരവ് നടപ്പാക്കിയതിന്റെ പേരിൽ പഴി കേട്ട പൊലീസ് തെറ്റു തിരുത്തി കയ്യടി വാങ്ങുന്നു. കാഞ്ഞിരപ്പള്ളി പൊലീസ് മനുഷ്യ സ്നേഹത്തിന്റെ പുതിയ മാതൃകയാകുമ്പോൾ ജനങ്ങൾ ഒന്നടങ്കം പറയുന്നു, വീ സല്യൂട്ട് യു!

കോടതി ഉത്തരവിനെത്തുടര്‍ന്ന് കിടപ്പാടം നഷ്ടമായ പൂതക്കുഴി തൈപ്പറമ്പില്‍ ബബിതയ്ക്കും മകള്‍ സൈബയ്ക്കും വീടൊരുക്കിയാണ് കാഞ്ഞിരപ്പള്ളി പൊലീസ് ജനമൈത്രിക്ക് പുതിയ മാതൃകയായത്. എസ്.ഐ. എ.എസ്.അന്‍സലിന്റെ നേതൃത്വത്തിലാണ് വീട് നിര്‍മാണം പുരോഗമിക്കുന്നത്. വീടിന്റെ താക്കോല്‍ ഈ മാസം 26ന് ബബിതയ്ക്ക് നല്‍കും. മന്ത്രി എം.എം.മണിയാണ് വീടിന്റെ താക്കോല്‍ കൈമാറുക.

മൂന്ന് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ബബിത മകളുടെ കൂടെ ഒറ്റമുറി കടയിലാണ് താമസിച്ചിരുന്നത്. കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍തൃസഹോദരന്‍ നല്‍കിയ കേസില്‍ കഴിഞ്ഞ മാര്‍ച്ച് 20ന് വിധി വന്നതോടെയാണ് ഇവര്‍ തെരുവിലായത്. രോഗിയായ ബബിതയെ പൊലീസെത്തി കിടക്കയോടെയെടുത്താണ് ആശുപത്രിയിലേക്കു മാറ്റിയത്. കയറിക്കിടക്കാന്‍ വീടില്ലാതായതോടെ ജമാ അത്തിന്റെ നേതൃത്വത്തില്‍ പൂതക്കുഴിയില്‍ വീട് വാടകയ്ക്കെടുത്ത് നല്‍കി. വീട് നിര്‍മിക്കുന്നതിനായി സഹായങ്ങളെത്തിയിരുന്നെങ്കിലും സ്ഥലം വാങ്ങുന്നതിനും വീട് നിര്‍മിക്കുന്നതിനും ആവശ്യമായ പണം തികയാതെ വന്നതോടെ കാഞ്ഞിരപ്പള്ളി പൊലീസ് സഹായത്തിനെത്തുകയായിരുന്നു.

അമ്മയും മകളും താമസിച്ചിരുന്ന ഒറ്റമുറി വീട് കോടതി ഉത്തരവിനെത്തുടർന്നു പൊലീസ് ഒഴിപ്പിച്ചത് വാർത്തയായിരുന്നു. കുടുംബസ്വത്തു സംബന്ധിച്ച തർക്കത്തിൽ ഭർതൃസഹോദരൻ നൽകിയ കേസിലാണു പൂതക്കുഴി തൈപ്പറമ്പിൽ ബബിത ഷാനവാസ് (44), മകൾ സൈബ (14) എന്നിവരെ ഇന്നലെ പൊലീസ് വീട്ടിൽനിന്ന് ഇറക്കിവിട്ടത്. കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയുടെ ഉത്തരവിലാണു നടപടി. ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് സ്ഥലത്തെത്തിക്കും മുൻപേ വീട് ഒഴിപ്പിക്കുകയായിരുന്നു.

babitha0-new3

വിവിധ ഇടങ്ങളിൽ നിന്നു ലഭിച്ചതും പൊലീസിന്റെ നേതൃത്വത്തില്‍ സമാഹരിച്ചതുമായ തുകയ്ക്ക് കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് അഞ്ചു സെന്റ് സ്ഥലം വാങ്ങി വീട് നിര്‍മാണം ആരംഭിച്ചു. വീട് നിര്‍മാണത്തിന്റെ ഒരോ ഘട്ടത്തിലും പൊലീസിനും ബബിതക്കും കൂട്ടായി സുമനസ്സുകളെത്തി. എണ്ണൂറ് ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടിന്റെ നിര്‍മാണത്തിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പതിനൊന്ന് ലക്ഷത്തോളം രൂപ വീടുപണിക്കായി ഇത് വരെ ചെലവഴിച്ചുകഴിഞ്ഞു.

കുടുംബസ്വത്ത് സംബന്ധിച്ച തർക്കത്തെ തുടർന്ന് കോടതി ഉത്തരവിൽ പൊലീസ് വീട്ടിൽ നിന്നിറക്കിവിട്ട ബബിതയ്ക്കും മകൾ സൈബയ്ക്കും വാർത്ത പുറത്തു വന്നതിനു പിന്നാലെ സഹായം പ്രവാഹിച്ചിരുന്നു. ബബിതയുടെ നിസ്സഹായാവസ്ഥ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. മൂന്നുവർഷം മുൻപാണു ബബിതയുടെ ഭർത്താവു മരിച്ചത്. രോഗം ബാധിച്ചു കിടപ്പിലായ ബബിതയെ കിടക്കയോടുകൂടി പൊലീസ് എടുത്തു വീടിനു പുറത്തിറക്കുകയായിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചിറക്കടവ് സെന്റ് ഇഫ്രേംസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി സൈബയുടെ പുസ്തകങ്ങൾ ഉൾപ്പടെ വീട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പൊലീസ് കോടതിയിൽ ഹാജരാക്കി. വീടൊഴിപ്പിക്കാൻ പൊലീസ് എത്തിയപ്പോൾ കണ്ട കാഴ്ച ദയനീയമായിരുന്നു. പലകകളും തുണിയും ഉപയോഗിച്ചു മറച്ച വീട്. വാതിലില്ല, വൈദ്യുതിയില്ല. ഒരാൾക്കുമാത്രം നിൽആദ്യം. മടങ്ങിപ്പോയ പൊലീസ് ദയനീയാവസ്ഥകാട്ടി കോടതിയിൽ റിപ്പോർട്ട് നൽകി. റിപ്പോർട്ട് തള്ളിയ കോടതി, കാഞ്ഞിരപ്പള്ളി എസ്എെയെ കോടതിയിൽ വിളിച്ചുവരുത്തി ഉത്തരവു നടപ്പാക്കാൻ കർശനനിർദേശം നൽകുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു.

വീടും ഒരു സെന്റ് സ്ഥലവും ഭർത്താവിന്റെ മരണശേഷം ഭർതൃമാതാവ് മറ്റൊരു മകന് എഴുതിക്കൊടുത്തതായി ബബിത പറയുന്നു. ഇതേതുടർന്നാണു കേസുവന്നത്. ബബിതയ്ക്കു 3,90,000 രൂപ നൽകാൻ ഏറ്റുമാനൂർ കുടുംബക്കോടതി 2010ൽ വിധിച്ചിരുന്നു. ഇതിനെതിരെ ഭർതൃവീട്ടുകാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണെന്നും ബബിത പറയുന്നു.

babitha-new2

കിടക്കയോടെ കോടതി കുടിയൊഴിപ്പിച്ച ബബിതയും മകളും ദാ ഇവിടെയുണ്ട്! കാരുണ്യത്തിന് നന്ദിയോടെ...