Friday 05 October 2018 03:50 PM IST : By സ്വന്തം ലേഖകൻ

മൂന്നു വയസുകാരനെ കാറില്‍ പൂട്ടിയിട്ട് അച്ഛൻ പോയി, ഒടുവിൽ നാട്ടുകാരിടപെട്ടപ്പോൾ സംഭവിച്ചത്

baby representative image

കുട്ടികളെ കാറിനുള്ളിൽ പൂട്ടിയിട്ട് മാതാപിതാക്കൾ ഷോപ്പിങ്ങിനു പോകുകയും ശ്വാസം കിട്ടാതെയും ചൂടു സഹിക്കാതെയും കുഞ്ഞുങ്ങൾ മരിക്കുകയും ചെയ്യുന്ന വാർത്തകൾ വിദേശരാജ്യങ്ങളിൽ പതിവാണ്. കഴിഞ്ഞ ദിവസം കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിനടുത്തും ഇത്തരത്തിലൊരു സംഭവമുണ്ടായി. എന്നാൽ നാട്ടുകാരിടപെട്ടതിനാൽ കുട്ടി വലിയ അപകടത്തിൽ നിന്ന് രക്ഷെപെട്ടു. പിതാവ് പൂട്ടിയിട്ട കാറിൽ പെട്ട മൂന്നു വയസുകാരനെയാണ് മുക്കാല്‍ മണിക്കൂറിനുശേഷം അഗ്നിശമന സേനയും നാട്ടുകാരും ചെർന്ന് പുറത്തെത്തിച്ചത്.

കാര്‍ പാര്‍ക്കിങ് സ്ഥലത്തു നിന്ന് തുടര്‍ച്ചയായി ഹോണ്‍ മുഴക്കം ഉയര്‍ന്നതോടെ കാറിനു ചുറ്റും ആളുകള്‍ തടിച്ചുകൂടി നോക്കിയപ്പോളാണ് മൂന്നു വയസ്സുള്ള ആൺകുട്ടിയെ പൂട്ടിയ കാറിനുള്ളില്‍ കണ്ടത്. പേടിച്ചരണ്ട് കരയുകയായിരുന്നു കുട്ടിയെ കണ്ടെത്തിയതോടെ നാട്ടുകാർ പോലീസിനെയും അഗ്നശമനസേനയേയും അറിയിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം സംഭവസ്ഥലത്ത് എത്തിയ അഗ്നിശമനസേന കാറിന്റെ സൈഡ് ഗ്ലാസ് അഴിച്ചു കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.

എസി ഓഫായിരുന്ന കാറിൽ ശ്വാസം കിട്ടുമോ എന്നു ഭയന്ന് കരയുകയായിരുന്ന കുട്ടിയെ നാട്ടുകാരിൽ ചിലർ കളിപ്പിക്കാനും, ചിരിപ്പിക്കാനും ഒക്കെ ശ്രമിക്കുന്നുണ്ടായിരുന്നു. ചിലർ ഷോപ്പിങ് കോംപ്ലക്സിനുളളിൽ കാർ ഉടമസ്ഥനായ അച്ഛനെ അന്വേഷിക്കുകയും ചെയ്തു. കുട്ടിയെ പുറത്തെത്തിച്ചപ്പോഴാണ് അച്ഛനെ കണ്ടെത്തിയത്. കുട്ടിയെ കാറില്‍ പൂട്ടിയിട്ട് പെട്ടെന്നു വരാമെന്നു കരുതി ബസ് സ്റ്റാന്‍ഡിനടുത്ത കേംപ്ലക്‌സിലേയ്ക്കു പോകുകയായിരുന്നുവെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. സംഭവത്തിൽ നാട്ടുകാരോടും പൊലീസിനോടും കുട്ടിയുടെ രക്ഷിതാവ് മാപ്പും പറഞ്ഞു. കേസ് എടുത്തിട്ടില്ല.