Thursday 16 August 2018 04:19 PM IST : By ഷാജി എടക്കര

മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം നേടിയ ബാലഭാസ്കരൻ ലക്ഷ്യമിടുന്നു; ഒരു വീട്ടിൽ സർക്കാർ ജോലിയുള്ള ഒരാളെങ്കിലും

balabhaskaran എഴുത്ത് - ഷാജി എടക്കര, ചിത്രം - മനോരമ

ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിൽ നിന്ന് മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങുമ്പോഴാണ് സി. ബാലഭാസ്കരൻ എന്ന അധ്യാപകന് താൻ തെളിയിച്ച അക്ഷരവെളിച്ചത്തിന്റെ മഹത്വം മനസ്സിലായത്. തന്റെ ചുറ്റുവട്ടത്തുള്ള കുട്ടികൾക്കു വിദ്യ പകർന്നു നൽകാതെ തന്നിലെ അധ്യാപകന് എന്തു പ്രസക്തി എന്ന ചിന്തയാണ് ബാലഭാസ്കരനെ ദേശീയതലത്തിൽ ശ്രദ്ധേയനാക്കിയത്. ചുങ്കത്തറ പള്ളിക്കുത്ത് ഗവ. യുപി സ്കൂളിലെ അധ്യാപകനായ ബാലഭാസ്കരൻ രാവിലെ സ്കൂളിലേക്ക് പോകാനിറങ്ങുമ്പോൾ കാണുന്നത് സമീപത്തെ വളയനൊടി പട്ടികവർഗ കോളനിയിലെ കുട്ടികൾ സ്കൂളിൽ പോകാതെ കളിച്ചിരിക്കുന്നതാണ്. ഇവരിൽ പലരെയും സ്കൂളിൽ ചേർത്തതാണെങ്കിലും മിക്കവരും പോകാറില്ല. കുട്ടികളെ ഇങ്ങനെ വിട്ടാൻ പറ്റില്ലെന്ന് ബാലഭാസ്കരൻ തീരുമാനമെടുത്തു.

സ്കൂളിൽ പോകാനുള്ള വിമുഖത മാറ്റിയെടുക്കാൻ കോളനിയൽ തന്നെ പഠനവീട് തുടങ്ങി. ബെഞ്ചും ഡസ്കും ബോർഡും എല്ലാ ഒരുക്കി പഠനവീട് സ്കൂളിന്റെ പ്രതീതിയാക്കിയെടുത്തു. തുടക്കത്തിൽ ബുദ്ധിമുട്ടിയെങ്കിലും പിന്നീട് എല്ലാവരും അനുസരണയുള്ള കുട്ടികളായി. പഠനം ആസ്വാദ്യമാക്കി മാറ്റിയെടുത്ത് ഇവരെ സ്കൂളിലേക്കെത്തിച്ചു. ഇപ്പോൾ വളയനൊടി കോളനിയിൽ സ്കൂളിൽ പോകാത്ത ഒരു കുട്ടിയുമില്ല. ഇതുകൊണ്ടും ബാലഭാസ്കരൻ തൃപ്തനായില്ല. പള്ളിക്കുത്ത്, നരയംപൊയിൽ, ചീരക്കുഴി, പടിഞ്ഞാറ്റുപാടം പട്ടികവർഗ കോളനികളിലും പഠന വീടുകൾ തുടങ്ങി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാനുള്ള ശ്രമത്തിലാണ്.

ബാലഭാസ്കരൻ വീണ്ടും സ്കൂളിലെത്തിച്ചവരിൽ 24 കുട്ടികൾ പത്താം ക്ലാസും എട്ട് കുട്ടികൾ പ്ലസ്ടുവും പാസായി. വളയനൊടി കോളനിയിലെ നീലിമ ഉൾപ്പെടെ മുതിർന്ന ഒൻപത് പേരെ തുല്യതാ പരീക്ഷയിലുടെ പത്താം ക്ലാസ് യോഗ്യതയുള്ളവരാക്കി.

ഒരു വീട്ടിൽ ഒരു സർക്കാർ ജീവനക്കാരൻ

ഒരു വീട്ടിൽ സർക്കാർ ജോലിയുള്ള ഒരാളെങ്കിലും ഉണ്ടാകണമെന്നാണ് ഇനി ബാലഭാസ്കരൻ ആഗ്രഹിക്കുന്നത്. അതിനുവേണ്ടി 37 പേർക്ക് പിഎസ്‌സി പരീക്ഷയ്ക്ക് പരിശീലനം നൽകുന്നുണ്ട്. സാമൂഹിക, പരിസ്ഥിതി പ്രവർത്തകനും ശാസ്ത്ര പ്രചാരകനുമായ ബാലഭാസ്കരന് കേരള സർക്കാരിന്റെ വനമിത്ര പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ സുഭാഷിണിയും മക്കളായ വിഷ്ണുപ്രിയയും ധനഞ്ജയും എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണായായി കൂടെയുണ്ട്.

കോളനികളിലെ ദുരിത പൂർണമായ അവസ്ഥയ്ക്ക് പരിഹാരം കാണാൻ എല്ലാതരം ഇടപെടലും അദ്ദേഹം നടത്തും. 37 വീടുകൾക്ക് വൈദ്യുതിയെത്തിച്ചു. സമ്പൂർണ വൈദ്യുതി ഉറപ്പാക്കാൻ‍ സാധിച്ചു. ചുങ്കത്തറ സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ എല്ലാ കുടുംബങ്ങളെയും ഇൻഷുർ ചെയ്തു. സമ്പാദ്യ ശീലം വളർത്താൻ എല്ലാവർക്കും ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി.

പട്ടിക വർഗ കോളനിയിലെ കുട്ടികളെ പഠനരംഗത്ത് തിരിച്ചെത്തിക്കാൻ ബാലഭാസ്കരൻ കണ്ടെത്തിയ പകൽ വീട് പദ്ധതി ലക്ഷ്യം കാണുന്നുവെന്ന് ബോധ്യപ്പെട്ടതോടെ സഹായിക്കാൻ പഞ്ചായത്തും ഐടിഡിപിയും എത്തി. പഞ്ചായത്ത് പ്രത്യേകം പദ്ധതി തയാറാക്കി ഫണ്ട് അനുവദിച്ചു. ഇൻസ്ട്രക്ടർമാരെയും നിയോഗിച്ചു. പകൽവീട് പദ്ധതി സംസ്ഥാനതലത്തിൽ വ്യാപിക്കുന്നതിന് ബാലഭാസ്കരന്റെ പ്രയത്നം പ്രചോദനമായി. വെകിട്ട് ആറ് മുതൽ 9. 30 വരെ നടക്കുന്ന പഠന വീട്ടിൽ എല്ലാ ദിവസവും ലഘുഭക്ഷണവും ഒരുക്കിയിരുന്നു. ഈ പ്രവർത്തനം തന്നെയാണ് മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാരവും ഇദ്ദേഹത്തിനു ലഭ്യമാക്കിയത്.

കൂടുതല്‍ വായനയ്ക്ക്