Saturday 20 May 2017 10:08 AM IST : By സ്വന്തം ലേഖകൻ

എംജി അണ്ണൻ സാധിച്ചു കൊടുക്കുമോ ഓട്ടിസം ബാധിച്ച ഭാനുവിന്റെ സ്വപ്നം? ഓട്ടിസം തോറ്റു ഈ കുരുന്നിന്റെ ശബ്ദമാധുര്യത്തിന് മുന്നിൽ

bhanu

’മൈനാകം കടലിൽ നിന്നുയരുന്നുവോ’... ഭാനു ആലപിച്ച ഈ ഗാനം ഇതിനോടകം കേട്ടത് ലക്ഷണങ്ങളാണ്. എല്ലാവരും ഒറ്റ സ്വരത്തിൽ പറയും, ഈ കുട്ടി സൂപ്പറാണ്. വെറുതേ സൂപ്പർ എന്നു പറഞ്ഞാൽ പോര, അതിലുമപ്പുറമാണ്. പാട്ടിന്റെ കൂട്ടു പിടിച്ച് ഭാനു പഠിച്ചത് സംഗീതം മാത്രമല്ല, ജീവിതം കൂടിയാണ്. അതെങ്ങനെ എന്നറിയാൻ ഭാനു ആരെന്ന് അറിയണം, ഭാനുവിന്റെ കഥ അറിയണം.

രണ്ടര വയസ്സുവരെ ഒരു സാധാരണ കുട്ടിയായിരുന്നു ഭാനു. ഒരു ദിവസം അച്ഛൻ വിളിച്ചപ്പോൾ കുട്ടി പ്രതികരിച്ചില്ല. ചെവി കേൾക്കാത്തതുപോലെ പെരുമാറിയ അവളെയും കൊണ്ട് മാതാപിതാക്കൾ ഡോക്ടറുടെ അടുത്തേക്ക് ഓടി. പരിശോധനയ്ക്ക് ശേഷം ഡോക്ടർ പറഞ്ഞത് കുട്ടിക്ക് ഓട്ടിസം ആണെന്നാണ്. തളർന്നു പോയി ആ മാതാപിതാക്കൾ.
അവരെ സംബന്ധിച്ചിടത്തോളം അതുവരെ എല്ലാം സാധാരണ നിലയിൽ ആയ്യിരുന്നു. മകളുടെ വൈകല്യം മനസ്സിലാക്കിയെടുക്കാൻ അവർക്ക് സമയം വേണമായിരുന്നു. ഒരിക്കൽ നിംഹാൻസിലെ ഒരു ഡോക്ടറാണ് ടാബ് വാങ്ങിച്ചുകൊടുത്താൽ ഓട്ടിസ്റ്റിക്കായ കുട്ടികളുടെ കഴിവ് ഏതിലാണെന്നു തിരിച്ചറിയാൻ പറ്റുമെന്ന് പറഞ്ഞത്.

അധികം വൈകാതെ ഭാനുവിന്റെ കഴിവ് സംഗീതത്തിലാണെന്ന് മാതാപിതാക്കൾ മനസ്സിലാക്കി. അവർ ഭാനുവിന് സംഗീതത്തെയും നൃത്തത്തെയും പ്രമോട്ട് ചെയ്യുന്ന ഹിന്ദുസ്ഥാൻ കൾച്ചർ എന്ന സംഘടനയ്‌ക്കൊപ്പം പ്രവർത്തിക്കാൻ അവസരമൊരുക്കി. ആ പ്രോഗ്രാമിലൂടെയാണ് മകൾ ഇത്ര നന്നായി പാടുമെന്ന് അവർ മനസ്സിലാക്കിയത്. ഭാനു പാട്ടുകളും കീബോർഡുമെല്ലാം പരിശീലിച്ചതു സ്വന്തമായിട്ടാണ്. ഒരിക്കൽ ’ട്വിങ്കിൾ ട്വിങ്കിൾ’ എന്ന റയ്യിമിന്റെ മ്യൂസിക്കാണ് അവൾ ആദ്യമായി വായിച്ചു കണ്ടത്. ഇത് മാതാപിതാക്കളെ അദ്‌ഭുതപ്പെടുത്തി. ജിജോ സാറാണ് ഭാനുവിനെ കീബോർഡ് ഗുരു. നല്ല പാട്ടുകൾ ഭാനു തന്നെ തിരഞ്ഞെടുത്ത് പഠിക്കുകയാണ് പതിവ്. എംജി ശ്രീകുമാറിനോടൊപ്പം മകൾ സ്റ്റേജിൽ പാടുന്നത് കേൾക്കാനാണ് ഈ അച്ഛന്റെയും അമ്മയുടെയും ആഗ്രഹം.