Friday 28 September 2018 02:46 PM IST : By സ്വന്തം ലേഖകൻ

വിമാനത്താവളത്തിൽ സെൽഫി വിഡിയോ എടുത്ത മലയാളി യുവാവ് തീവ്രവാദിയായി! ആ കഥ ഇങ്ങനെ

clinse1

കൊച്ചി നെടുമ്പാശേരി എയർപ്പോർട്ടിലെത്തിയ മലയാളി യുവാവ് ക്ലിൻസ് യഥാർത്ഥത്തിൽ വിമാനം റാഞ്ചിയും ഭീകരനും ആയത് എങ്ങനെയാണ്? രസകരമായ ആ കഥ ഇങ്ങനെയാണ്; തൃശൂരുകാരനാണ് ക്ലിൻസ്. പക്ഷെ  ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിൽ. കുടുംബം ഇപ്പോഴും തൃശൂരുണ്ട്. കോളജിൽ പഠിക്കുന്ന കാലം തൊട്ടേ മിടുക്കനായിരുന്നു ക്ളിൻസ്. അവതാരകനെന്ന നിലയിൽ ശ്രദ്ധ നേടിയതോടെ  2015 സീസൺ ഐപിഎല്ലിന്റെ പൂനെ ടീമിന്റെ ഔദ്യോ​ഗിക ആങ്കറായിരുന്നു ക്ളിൻസ്. പിന്നീട് എം. ടിവിയിൽ അവതാരകനായി ട്രാക്ക് സ്റ്റാർ 2, ​ഗ്രേറ്റ് സെൽഫി ഷോ തുടങ്ങിയ യാത്ര പരിപാടിയും ക്ലിൻസ് അവതരിപ്പിച്ചിട്ടുണ്ട്. അങ്ങനെയാണ് 'സെൽഫി കിങ്' എന്ന പേരിൽ ക്ളിൻസ് അറിയപ്പെടാൻ തുടങ്ങിയത്.

ക്ളിൻസിന്റെ ഈ ’സെൽഫി’ പ്രേമം തന്നെയാണ് താരത്തെ വിമാനം റാഞ്ചിയും ഭീകരനും ആക്കിയത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ക്ളിൻസ് മുംബൈയിലേക്ക് പറക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. സുഹൃത്തിന്റെ വിവാഹം കഴിഞ്ഞ് ഹാപ്പിയായി തിരിച്ചു നെടുമ്പാശ്ശേരി എയർപോർട്ടിലെത്തി. വിമാനത്തിലേക്ക് കയറും മുമ്പ് എപ്പോഴത്തെയും പോലെ ഒരു സെൽഫി വിഡിയോ എടുത്തു. "ആം സോ എക്സൈറ്റഡ് ​ടു ​ഗോ ബാക്ക് ഹൈജാക്കിങ്  വിത്ത് ഹാപ്പി വൈബ്സ്... ബൂം ഷക്കലക്ക..." ഇതായിരുന്നു വിഡിയോയുടെ ഒപ്പം പറഞ്ഞ വാചകം.

പിന്നെ പറയണ്ടല്ലോ.. ഹൈജാക്കിങ് എന്ന വാക്ക് സുരക്ഷാ ജീവനക്കാരന്റെ ചെവിയിലെത്തിയതോടെ ക്ലിൻസിന്റെ കാര്യത്തിൽ ഒരു തീരുമാനമായി. ഒടുവിൽ പറഞ്ഞ ’ബൂം ഷക്കലക്ക’യെ അദ്ദേഹം ബോംബെന്നു തെറ്റിദ്ധരിച്ചതോടെ സുരക്ഷാ ഉദ്യോ​ഗ​സ്ഥരെത്തി ക്ലിൻസിനെ വിമാനത്തിൽ നിന്ന് പുറത്തിറക്കി. ഇതോടെ ക്ലിൻസ് വിമാനം റാഞ്ചിയായി. എൻഐഎ മുതൽ നെടുമ്പാശേരി പൊലീസ് വരെ ക്ലിൻസിനെ ചോദ്യം ചെയ്തു. ഇതോടെ മാധ്യമങ്ങളിൽ വിമാനം റാഞ്ചിയുടെ കഥ പരന്നു.

clinse3

’നിങ്ങൾക്ക് ആള് മാറിയതാണ് സാറമ്മാരെ’ എന്ന് ക്ളിൻസ് പറഞ്ഞു നോക്കിയെങ്കിലും വെറുതെ വിടാൻ അന്വേഷണ ഉദ്യോഗസ്ഥർ തയാറായില്ല. വിമാനത്തിലുള്ള മുഴുവൻ യാത്രക്കാരെയും അവരുടെ ബാ​ഗേജുകളും പുറത്തിറക്കി വിമാനം വിശദമായി പരിശോധിച്ചു. തെറ്റിദ്ധാരണ കൊണ്ട് രണ്ടു മണിക്കൂറാണ് വിമാനം വൈകിയത്.

ഫൈറ്റിൽ സന്തോഷം നിറയ്‌ക്കും എന്നായിരുന്നു ക്ളിൻസ് പറയാൻ ഉദ്ദേശിച്ചത്. സംഗതി കുഴപ്പമായതോടെ വിഡിയോ അന്വേഷണ ഉദ്യോഗസ്ഥരെ കാണിച്ചു. വിഡിയോ കാണിച്ചപ്പോൾ സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് കാര്യം മനസിലായി. പക്ഷെ അപ്പോഴേക്കും കാര്യങ്ങൾ അവരുടെ കയ്യിൽ നിന്ന് പോയിരുന്നു. സിഐഎസ്എഫ് മുതലുള്ള സുരക്ഷാ ഏജൻസികളിലെല്ലാം വിവരം കൈമാറിയിട്ടുണ്ടായിരുന്നു. അവർ വന്ന് ക്ലിൻസിനെ വീണ്ടും പരിശോധിച്ചു. ബാ​ഗുകളും സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും ഒരു 'ബ്ലേഡ്' പോലും കണ്ടെത്തിയില്ല.

എൻഐഎ, ഐബി, കംസ്റ്റസ്, സിഐഎസ്എഫ്, പൊലീസ് തുടങ്ങിയ ഏജൻസികളെല്ലാം ക്ലിൻസിനെ ചോദ്യം ചെയ്തു. ​കാര്യങ്ങൾ ഏജൻസികൾക്ക് ബോധ്യപ്പെട്ടതോടെ ക്ലിൻസിനെയും സുഹൃത്തിനെയും നെടുമ്പാശേരി പൊലീസിന് കൈമാറി. അവരാകട്ടെ ഐപിസി 118 സെക്ഷൻ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ജാമ്യത്തിൽ വിട്ടു.

സെൻസിറ്റീവ് ഏരിയകളിൽ ഇത്തരം വാക്കുകൾ ഉപയോ​ഗിക്കാൻ പാടില്ല എന്ന് ഈ സംഭവത്തോടെ മനസിലായതെന്ന് ക്ലിൻസ് പറയുന്നു. മുംബൈയിലേക്ക് തിരിച്ചുപോകാനാവാതെ ക്ലിൻസ് ഇപ്പോൾ തൃശൂരിലെ വീട്ടിലുണ്ട്. ഇപ്പോഴും സംഭവത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. നിലയ്‌ക്കാത്ത കോളുകളാണ് തനിക്ക് വരുന്നതെന്ന് ക്ളിൻസ് പറയുന്നു.

clinse2