Thursday 16 August 2018 04:26 PM IST : By സ്വന്തം ലേഖകൻ

സന്യാസം സ്വീകരിക്കാൻ ദമ്പതികൾ ഉപേക്ഷിച്ചത് മൂന്ന് വയസ്സുള്ള മകനെയും 100 കോടിയുടെ സ്വത്തും; പിന്തുണയുമായി വീട്ടുകാർ

jain_couple

‘ഇത് മതം അല്ല ‘മദം’ പൊട്ടൽ ആണെന്ന് സോഷ്യൽമീഡിയ. മൂന്ന് വയസ് മാത്രം പ്രായമുള്ള മകനേയും 100 കോടി രൂപയുടെ ആസ്തിയും ഉപേക്ഷിച്ച് ദമ്പതികള്‍ സന്ന്യാസം സ്വീകരിക്കുന്നതാണ് ഇപ്പോൾ സോഷ്യൽമീഡിയയിലേ‍ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. മധ്യപ്രദേശ് സ്വദേശികളായ സുമിത് രാത്തോഡ് (35) ഭാര്യ അനാമിക (34) എന്നിവരാണ് ജൈന സന്ന്യാസത്തിനായി ഉള്ളതെല്ലാം ഉപേക്ഷിക്കുന്ന്. ഗുജറാത്തിലെ സുധാമാര്‍ഗി ജെയ്ന്‍ ആചാര്യ രാമലാല്‍ മഹാരാജില്‍ നിന്ന് സെപ്റ്റംബര്‍ 23ന് ഇരുവരും ദീക്ഷ സ്വീകരിക്കും.

ഇരുവരുടെയും തീരുമാനം കേട്ട് നാട്ടുകാർ മാത്രമല്ല ലോകത്ത് പലഭാഗങ്ങളിലുമുള്ള ഇന്ത്യക്കാർ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ മകളുടേയും മരുമകന്റേയും തീരുമാനത്തിന് പിന്തുണയുമായി അനാമികയുടെ പിതാവും ബിജെപി നീമുച്ച് മുന്‍ പ്രസിഡന്റുമായ അശോക് ചണ്ടാലിയ രംഗത്തെത്തി. പേരക്കുട്ടിയെ താന്‍ വളര്‍ത്തുമെന്നും മകളേയും മരുമകനേയും തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കില്ല എന്നും ആണ് ചണ്ടാലിയ പറഞ്ഞത്. ''മതപരമായ കാര്യങ്ങളില്‍ ഞങ്ങള്‍ ഇടപെടാറില്ല. ഒരാളെ മതം വിളിക്കുമ്പോള്‍ തടയാന്‍ മറ്റാര്‍ക്കുമാകില്ല'' അശോക് ചണ്ടാലിയ വ്യക്തമാക്കി.

സുമിത്തിന്റെ പിതാവ് രാജേന്ദ്ര സിങ്ങും മകനും മരുമകള്‍ക്കും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇരുവരും സന്ന്യാസത്തിന് പോകുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്ര നേരത്തെ തീരുമാനമെടുക്കുമെന്ന് കരുതിയിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. നാല് വര്‍ഷം മുമ്പായിരുന്നു സുമിത്-അനാമിക ദമ്പതികളുടെ വിവാഹം. കുഞ്ഞിനെ വീട്ടുകാരെ ഏൽപ്പിക്കാനാണ് ഇരുവരുടെയും ഇപ്പോഴുള്ള തീരുമാനം. ജൈന മതത്തിന് വേണ്ടിയാണ് തങ്ങൾ സന്യാസം സ്വീകരിക്കുന്നതെന്നായിരുന്നു ഇവരുടെയും മറുപടി.