Friday 27 July 2018 11:56 AM IST : By സ്വന്തം ലേഖകൻ

ഇത് ഞങ്ങളുടെ കുട്ടി, കോഹ്ലിക്കും ധവാനും ഒന്നുമറിയില്ല! കരയുന്ന കുട്ടിയുടെ വിഡിയോയ്ക്ക് വിശദീകരണവുമായി ബോളിവുഡ് ഗായകർ

video_girl

കൈകൂപ്പി തല്ലരുതെന്നു പറഞ്ഞിട്ടും കരയുന്ന കുഞ്ഞിന്റെ മുഖത്തടിച്ച് കണക്കുപഠിപ്പിക്കുന്ന സ്ത്രീയുടെ വിഡിയോ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ കറങ്ങിനടക്കുന്നുണ്ട്. ദയനീയമായ വിഡിയോ കണ്ട് മാതാപിതാക്കളുടെ മനോഭാവം അത്തരത്തിലാകരുത് എന്നു പറഞ്ഞ് നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്ങ്, വിരാട് കോലി, ശിഖര്‍ ധവാന്‍, റോബിന്‍ ഉത്തപ്പ എന്നിവരു തങ്ങളുടെ ഇന്‍സ്റ്റാഗ്രാമില്‍ ഈ വീഡിയോ പങ്കുവെക്കുകയും അത് ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ ഇന്ത്യന്‍ താരങ്ങളെ പരിഹസിച്ചുകൊണ്ട് ആ കുഞ്ഞ് തങ്ങളുടെ അനന്തിരവളാണെന്നും വ്യക്തമാക്കി ബോളിവുഡ് ഗായകരായ തോഷിസാബ്രിയും ഷാരിബ് സാബ്രിയും രംഗത്തെത്തിയിരിക്കുകയാണ്. ഇരുവരുടെയും അനന്തിരവള്‍ മൂന്നു വയസ്സുകാരി ആയ ഹയയാണ് ആ വീഡിയോയില്‍ കരയുന്ന കുട്ടി. തങ്ങളുടെ കുടുംബ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്തുപോയ സ്വകാര്യ വിഡിയോ ഇത്ര സംഭവമാക്കേണ്ടെന്നാണ് ഇരുവരും വിമർശിക്കുന്നത്.

'കോലിക്കും ധവാനും ഞങ്ങളെ കുറിച്ച് ഒന്നുമറിയില്ല. ഞങ്ങളുടെ കുഞ്ഞിനെ കുറിച്ച് ഞങ്ങള്‍ക്കറിയാം. ഹയയുടെ സ്വഭാവം അങ്ങനെയാണ്. ചീത്ത പറഞ്ഞാലേ അവള്‍ അനുസരിക്കൂ. ചീത്ത കേട്ടാലും അവളുടെ കളിക്ക് ഒരു കുറവുമുണ്ടാകാറില്ല. അങ്ങനെ അടിച്ച് നിര്‍ബന്ധിപ്പിച്ചാലേ അവള്‍ വല്ലതും പഠിക്കൂ' തോഷി പറയുന്നു.

‘വീഡിയോ ഇത്തരത്തില്‍ പ്രചരിക്കുമെന്ന് ഞങ്ങളാരും വിചാരിച്ചില്ല. കുട്ടിയുടെ അമ്മ തന്നെയാണ് ആ വീഡിയോ എടുത്തത്. അവളുടെ പിടിവാശി അച്ഛനും ഏട്ടനും കാണിച്ചുകൊടുക്കാന്‍ വേണ്ടിയായിരുന്നു അത്.’ തോഷി പ്രതികരിച്ചു.

നഴ്‌സറിയില്‍ നിന്ന് നല്‍കിയ ഹോം വര്‍ക്കാണ് എണ്ണാന്‍ പഠിക്കുക എന്നത്. അതു ഇതുവരെ അവള്‍ പഠിച്ചിട്ടില്ല. അത് പിടിവാശി കൊണ്ടുമാത്രമാണ്. അതിനാണ് അവളെ തല്ലിയത്, എല്ലാ വീട്ടിലും ഇതൊക്കെ പതിവാണ്. ഇത്രയും വലിയ പ്രശ്‌നമാക്കേണ്ടതില്ല. തോഷി പറയുന്നു. കുട്ടികള്‍ പഠിച്ചു വളരണം. വിദ്യാഭ്യാസത്തിന്റെ കാര്യം വരുമ്പോള്‍ കുട്ടികളുടെ ദുശ്ശാഠ്യം അംഗീകരിച്ചുകൊടുക്കാന്‍ പറ്റില്ലെന്നാണ് തോഷി വിഡിയോയെക്കുറിച്ച് പ്രതികരിക്കുന്നത്.

കണക്കുപഠിക്കാത്തതിന് കുട്ടിയുടെ മുഖത്തടിക്കുന്ന സ്ത്രീ; മാതാപിതാക്കൾക്ക് ഉപദേശവുമായി ക്രിക്കറ്റ് താരങ്ങൾ