Wednesday 12 September 2018 02:36 PM IST

കരുണാകരനിലെ രാഷ്ട്രീയക്കാരൻ അമ്പരപ്പിച്ചു, നായനാർ പ്രശംസിച്ചു; അനുഭവങ്ങൾ പങ്കുവച്ച് ഡിജിപി ശ്രീലേഖ

Vijeesh Gopinath

Senior Sub Editor

ips-story1 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മുന്‍ മുഖ്യമന്ത്രിമാരായ കെ കരുണാകരന്റെയും ഇ കെ നായനാരുടെയും ഓർമ്മകൾ പങ്കുവച്ച്  ഡിജിപി ശ്രീലേഖ ഐപിഎസ്. പുതിയ ലക്കം ’വനിത’യ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീരേഖ അനുഭവങ്ങൾ തുറന്നുപറയുന്നത്.

"വിജിലൻസിൽ ജോലി ചെയ്യുമ്പോഴാണ് കരുണാകരന്‍ സാറിനെ ചോദ്യം ചെയ്യുന്നത്. അനധിക‍ൃതമായി സ്വത്ത് സമ്പാദിച്ച പരാതിയിൽ. അന്നത്തെ വിജിലൻസ് ഡയറക്ടറുടെ നിർദേശ പ്രകാരമായിരുന്നു അത്. നൂറ്റി ഇരുപതിലേറെ ചോദ്യങ്ങള്‍ തയാറാക്കി. എറണാകുളം റസ്റ്റ്ഹൗസില്‍ വച്ചായിരുന്നു ചോദ്യം െചയ്യല്‍. ഒാരോ ചോദ്യത്തിനും സാവധാനം, വിശദമായി, കൃത്യമായി ഉത്തരങ്ങൾ. ഇടയ്ക്ക് അദ്ദേഹം കരിക്കിന്‍ വെള്ളം കുടിച്ചു, മരുന്നുകള്‍ കഴിച്ചു. ഉച്ചയൂണു കഴിഞ്ഞപ്പോള്‍ ചോദിച്ചു, ‘ഞാന്‍ കുറച്ച് ഉറങ്ങിക്കോട്ടെ’യെന്ന്. ഒരു മണിക്കൂേറാളം ഉറങ്ങിക്കഴിഞ്ഞ് കുളിച്ച് െറഡിയായി വന്നു. വീണ്ടും ചോദ്യങ്ങൾ. ഒരു ഘട്ടമായപ്പോൾ‌ ബാക്കി ഉത്തരങ്ങൾ എഴുതി തരാമെന്നു പറഞ്ഞ് തെളിഞ്ഞ ചിരിയോടെ അദ്ദേഹം എഴുന്നേറ്റു.

വാതിൽ തുറന്നു പുറത്തിറങ്ങും മുന്‍പേ അദ്ദേഹം ഒരു നിമിഷം നിന്നു. എന്നെ നോക്കി പതിവു മട്ടില്‍ കണ്ണിറുക്കി പുഞ്ചിരിച്ചു, പിന്നെ ചീകി വച്ചിരുന്ന മുടി ഒന്ന് അലങ്കോലമാക്കി. കണ്ണൊന്നു തിരുമ്മി. ഉടുപ്പിലൊന്നു ചുളിവു വീഴ്ത്തി, നേരെ വാതിൽ തുറന്നു പത്രക്കാരുെട മുന്നിൽ ചെന്നു പറഞ്ഞു. ‘ഇടതുപക്ഷ സർക്കാരിന്റെ ക്രൂരമായ നടപടികളുെട തുടര്‍ച്ചയാണ് ഇന്നിവിടെ കാണുന്നത്..’ ഈ ചോദ്യം െചയ്യലിലൊന്നും തളരില്ല എന്ന മട്ടിലൊരു പ്രസ്താവന. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ തന്ത്രജ്ഞതയില്‍ അമ്പരപ്പു തോന്നി.

പത്തനംതിട്ട എസ്പിയായിരിക്കുമ്പോള്‍ ഒരു വനിതാ വക്കീലുമായി പ്രശ്നമുണ്ടായി. പെൺകുട്ടി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടു പയ്യന്മാരെ അറസ്റ്റ് ചെയ്തു. ആ കേസ് കൊലപാതകമാക്കി രജിസ്റ്റർ ചെയ്യാൻ വക്കീൽ നിർബന്ധിച്ചു. പരാതിയുണ്ടെങ്കില്‍ എഴുതിത്തരാൻ പറഞ്ഞെങ്കിലും അവർ തയാറായില്ല. അവരുമായി സംസാരിക്കുന്ന സമയത്താണ് കലക്ടറുെട ഫോണ്‍ വന്നത്. ഞാന്‍ ഫോണെടുക്കാന്‍ തുടങ്ങിയപ്പോള്‍ ‘ഇതിനു പരിഹാരം ഉണ്ടാക്കിയിട്ടു മതി ഫോൺ ചെയ്യൽ’ എന്നുപറഞ്ഞ് ആ സ്ത്രീ എന്റെ കൈയിൽ കയറി പിടിച്ചു. ക്ഷമകെട്ട് ഒരൊറ്റ അടി കൊടുത്തു.

നായനാര്‍ സാറാണ് അപ്പോള്‍ മുഖ്യമന്ത്രി. കുറച്ചു ദിവസം കഴിഞ്ഞ് അദ്ദേഹം പത്തനംതിട്ടയില്‍ എത്തി. അടി പ്രശ്നത്തിന്റെ പേരിൽ എനിക്കെതിരെ നടപടിയെടുക്കും എന്നു പേടിച്ചിരുന്നു. കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു.

‘ഒാളെ അടിച്ചോ..?’

‘അടിച്ചു പോയി സാർ’ ഞാന്‍ പറഞ്ഞു.

പൊട്ടിച്ചിരിച്ചു െകാണ്ട് അദ്ദേഹം ഒരു വാക്കേ പറഞ്ഞുള്ളൂ.‘മിടുക്കി.’"

അഭിമുഖത്തിന്റെ പൂർണ്ണരൂപം പുതിയ ലക്കം വനിതയിൽ വായിക്കാം