Thursday 19 July 2018 04:51 PM IST : By സ്വന്തം ലേഖകൻ

സോഷ്യൽമീഡിയ ചോദിക്കുന്നു, ഇതാണോ വിവേചന രഹിത വിദ്യാഭ്യാസം; ഇലക്ഷൻ പോസ്റ്ററുകളിൽ പെൺ സ്ഥാനാർത്ഥികൾക്ക് മുഖമില്ല

msf_poster

മുഖമില്ലാത്ത പെൺകുട്ടികളുടെ രൂപവുമായി വീണ്ടും കോളേജ് ഇലക്ഷൻ പോസ്റ്ററുകൾ. വിവേചന രഹിത വിദ്യാഭ്യാസം, വിദ്യാർത്ഥി സൗഹൃദ കലാലയം എന്ന തലക്കെട്ടോടെ ഇറങ്ങിയ പോസ്റ്ററുകൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുകയാണ്. എംഇടി ആർട്സ് ആന്റ് സയൻസ് ക്യാമ്പസിലെ എംഎസ്എഫ് പോസ്റ്ററുകളിലാണ് ഈ വിവേചനം. 12 ആൺ സ്ഥാനാർത്ഥികളുടെ ചിത്രങ്ങളും പേരുകളുമടങ്ങിയ പോസ്റ്ററുകളിലാണ് ഒമ്പത് പെൺ സ്ഥാനാർത്ഥികളുടെ പേരുകൾ മുഖമില്ലാതെ അച്ചടിച്ചുവന്നിരിക്കുന്നത്.

എന്നാൽ സ്വന്തം ചിത്രങ്ങൾ അച്ചടിക്കരുതെന്ന് പെൺകുട്ടികൾ തന്നെ ആവശ്യപ്പെട്ടിട്ടാണ് ഇത്തരത്തിൽ ചെയ്തതെന്നാണ് മുസ്ലീം സ്റ്റുഡന്റ്സ് ഫെഡറേഷൻ പ്രതിനിധി പറയുന്നത്. എന്നാൽ ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ ഇതിനെതിരെ ചർച്ചകൾ സജീവമായിക്കഴിഞ്ഞു. സംഘടനയുടെ മുദ്രാവാക്യത്തിൽ നിന്നും ഏറെ വൈരുധ്യമാണ് ഇവർ പ്രകടമാക്കിയിട്ടുള്ളത് എന്നതാണ് പലരും പ്രകടിപ്പിച്ച പ്രധാന വസ്തുത. എന്നാൽ പെൺകുട്ടികളുടെ ചിത്രങ്ങൾ അവരുടെ അനുവാദം ഇല്ലാതെ ഉപയോഗിക്കാതിരുന്ന സംഘടാ പ്രവർത്തകർക്ക് പിന്തുണയുമായും ചിലർ രംഗത്തെത്തിയിട്ടുണ്ട്.

പൺകുട്ടികൾ സ്ഥാനാർത്ഥികളായി മത്സരിച്ചിരുന്ന വർഷങ്ങളിലൊന്നും തന്നെ ഇവിടെ ചിത്രങ്ങൾ പോസ്റ്ററുകളിൽ വന്നിട്ടില്ല എന്നതും ചിലർ ചൂണ്ടിക്കാട്ടുന്നു. പെൺകുട്ടികളെ വിവേചന ബുദ്ധിയോടെ നോക്കിക്കാണുന്ന പിന്തിരിപ്പൻ സംസ്കാരമാണിതെന്ന് പലരും കടുത്ത ഭാഷയിൽ പ്രതികരിക്കുന്നുണ്ട്.