Thursday 04 October 2018 02:44 PM IST : By സ്വന്തം ലേഖകൻ

’ദൃശ്യം’ സ്റ്റൈലിൽ പിതാവിനെ കൊന്ന് കുഴിച്ചിട്ടു; തിരക്കഥ തകർത്ത് പൊലീസിന്റെ അന്വേഷണം

wayanad-arun-pandi.jpg.image.784.410

തോണിച്ചാൽ പയിങ്ങാട്ടിരിയിലെ നിർമാണത്തിലിരിക്കുന്ന വീട്ടിലെ കിടപ്പുമുറിയിൽ തമിഴ്നാട് ഇസ്‌ലാംപെട്ടി സ്വദേശി ആശൈ കണ്ണനെ (48) കൊന്ന് കുഴിച്ച് മൂടാൻ ഒന്നാം പ്രതിയായ മകൻ അരുൺ പാണ്ടിക്ക് പ്രചോദനമായത് ദൃശ്യം സിനിമ. മലയാളത്തിലെ ദൃശ്യം സിനിമക്ക് പുറമെ ദൃശ്യത്തിന്റെ തമിഴ്പതിപ്പായ പാപനാശവും പ്രതിയെ സ്വാധ്വീനിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

നിർമാണം നടക്കുന്ന വീട് കൃത്യം നടത്താനും മൃതദേഹം മറവുചെയ്യുന്നതിനും തിരഞ്ഞെടുത്തത് ഇൗ പ്രേരണയിലാണ്. അരുൺ പാണ്ടി മാനന്തവാടിയിലെ ഗുജറിയിലെ തൊഴിലാളിയാണ്. ആശൈ കണ്ണൻ മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നതും മദ്യലഹരിയിൽ ഭാര്യ മണിമേഖലയെ ക്രൂരമായി മർദിക്കുന്നതും പതിവായിരുന്നു.

രണ്ടാമത്തെ മകനായ അരുണിനെയും മണിമേഖലയെയും കുറിച്ച് വളരെ മോശമായി സംസാരിക്കുന്നത് സ്ഥിരമായതോടെയാണ് അരുണിൽ പ്രതികാരം ഉയർത്തിയത്. സ്വന്തം അമ്മയെ ചേർത്ത് അപവാദം പറഞ്ഞതിലുള്ള വെറുപ്പാണ് കൊലപാതകത്തിൽ കലാശിച്ചത്. ജില്ലാ പൊലീസ് മേധാവി ഡോ. അരുൾ ആർ.ബി. കൃഷ്ണയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു അന്വേഷണം. വ്യാഴാഴ്ച ഐജിയും ജില്ലാ പൊലീസ് മേധാവിയും സംഭവ സ്ഥലം സന്ദർശിച്ചിരുന്നു.

മാനന്തവാടി ഡിവൈഎസ്പി കെ.എം. ദേവസ്യ, സിഐ പി.കെ. മണി അഡീഷനൽ എസ്ഐ ഇ. അബ്ദുള്ള, അസി. സബ് ഇൻസ്പെക്ടർ കെ.എ. അജിത്‌കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം. രമേശൻ, പി.കെ. മനോജൻ, യു.കെ. മനേഷ്കുമാർ, ബി. റിയാസുദ്ദീൻ, ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക ടീമിലെ അംഗങ്ങളായ സി.എം. ഉസ്‌മാൻ, പി. അബ്ദുൾ റഹ്‌മാൻ, കൽപറ്റ എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ ജിതേഷ് എന്നിവർ ഉൾപ്പെട്ടതാണ് അന്വേഷണ സംഘം.

പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിനും അഭിമാനിക്കാൻ ഏറെയുണ്ട്. കൊലനടന്ന വിവരം പുറത്തറിഞ്ഞ ഉടൻ തന്നെ രഹസ്യാന്വേഷണ വിഭാഗത്തിന് വിലപ്പെട്ട വിവരങ്ങൾ ശേഖരിക്കാനായത് പഴുതടച്ചുള്ള അന്വേഷണത്തിന് സഹായകരമായി. കേസിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ ഇനിയും കണ്ടെത്തേണ്ടതായിട്ടുള്ളതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

കൂടുതൽ വായനയ്ക്ക്