Saturday 27 January 2018 09:08 AM IST : By സ്വന്തം ലേഖകൻ

സ്വിച്ച് ഇടൂ, കൈകെട്ടി നിൽക്കൂ; സാമ്പാർ റെഡി!

sambar_machine

കൊച്ചി: ഇരുപത് ലീറ്റർ സാമ്പാർ തയാറാക്കാനുള്ള അഞ്ചു ലക്ഷം രൂപയുടെ യന്ത്രം... സാമ്പാറിനുള്ള പച്ചക്കറി കഷണങ്ങളും ചേരുവകളും വെള്ളവും യന്ത്രത്തിലിട്ടു സ്വിച്ചിട്ടാൽ മതി. കൈ കെട്ടി നോക്കി നിൽക്കാം. ചൂടാക്കലും ഇളക്കലും വറ്റിക്കലുമെല്ലാം യന്ത്രം ചെയ്യും. മിനിറ്റുകൾക്കുള്ളിൽ സാമ്പാർ റെഡി.

രാജീവ് ഗാന്ധി സ്പോർട്സ് സെന്ററിൽ ആരംഭിച്ച ഫുഡ്ടെക് കേരള പ്രദർശനത്തിലാണു ഭക്ഷ്യസംസ്കരണ രംഗത്തെ പുത്തൻ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കുന്നത്. ഭക്ഷ്യസാധനങ്ങൾ നിശ്ചയിക്കുന്ന അളവിൽ പായ്ക്ക് ചെയ്തു ലഭ്യമാക്കുന്ന യന്ത്രങ്ങളും ജ്യൂസറുകളും പ്രദർശനത്തിലുണ്ട്. നാഷനൽ സ്മോൾ ഇൻഡസ്ട്രീസ് കോർപറേഷൻ, കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ, നാളികേര വികസന ബോർഡ്, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രദർശനം 27നു സമാപിക്കും.

ഭക്ഷ്യസംസ്കരണ രംഗത്തെ വിവിധ സാങ്കേതിക വിദ്യകൾ, ഉപകരണങ്ങൾ, ഭക്ഷ്യസംസ്കരണത്തിനുള്ള പുതിയ മാർഗങ്ങൾ, പാലുൽപന്നങ്ങൾ, പാനീയങ്ങൾ, ഫുഡ് റീട്ടെയ്‌ലിങ്, റഫ്രിജറേഷൻ ആൻഡ് കോൾഡ് ചെയിൻ, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ, ആരോഗ്യപരവും ശുചിത്വവുമുള്ള ഭക്ഷ്യവസ്തുക്കൾ, പാക്കേജിങ് എന്നിവയ്ക്കൊപ്പം കുടുംബശ്രീയുടെ നാടൻ ഉൽപന്നങ്ങളുടെ സ്റ്റാളും ഉണ്ട്.

‘ഫ്രം ദ് ഫാം , ടു ദ് ഫോർക്ക്’ എന്ന സങ്കൽപത്തോടെയുള്ള പ്രദർശനത്തിൽ ഭക്ഷ്യ, പാനീയ മേഖലയിലെ എല്ലാ ഘടകങ്ങളും ഇടം നേടും. ഭക്ഷ്യ സംസ്കരണ വ്യവസായം: അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. ഇന്നു ഭക്ഷ്യവ്യവസായ മേഖലയിലുള്ളവർക്കു സുരക്ഷ, ശുചിത്വം എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കും.

കൂടുതല്‍ വാര്‍ത്തകള്‍