Wednesday 21 March 2018 04:51 PM IST : By സ്വന്തം ലേഖകൻ

വിവരങ്ങൾ ചോർത്തിയാൽ കർശന നടപടി; ഫെയ്സ്ബുക്കിന് ഇന്ത്യയുടെ മുന്നറിയിപ്പ്

fb-jhg

ഇന്ത്യയുടെ തിരഞ്ഞെടുപ്പു പ്രക്രിയയെ സ്വാധീനിക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ അനുവദിക്കാനാകില്ലെന്നു ഫെയ്സ്ബുക്കിന് ഇന്ത്യയുടെ മുന്നറിയിപ്പ്. ആവശ്യമെങ്കിൽ ഫെയ്സ്ബുക് പോലുള്ള സമൂഹമാധ്യമങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കും. മാധ്യമ സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം എന്നിവയ്ക്കും സമൂഹമാധ്യമങ്ങളിലൂടെ ആശയങ്ങൾ പങ്കുവയ്ക്കുന്നതിനും കേന്ദ്രം എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു.

ഫെയ്സ്ബുക്ക് ഡീലിറ്റ് ചെയ്യണമെന്നു വാട്സാപ്പ് സഹസ്ഥാപകൻ

ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യൂവെന്നു വാട്സാപ്പ് സഹസ്ഥാപകൻ ബ്രയാൻ ആക്റ്റൻ. അഞ്ചുകോടി ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണു ഫെയ്‌സ്ബുക്കിന് എതിരായി ബ്രയാന്‍ ആക്റ്റൻ രംഗത്തു വന്നതെന്നതാണു ശ്രദ്ധേയം. ബ്രയാന്‍ ആക്റ്റിന്റെ വെരിഫൈ ചെയ്യാത്ത ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണു ഡിലീറ്റ് ഫെയ്‌സ്ബുക്ക് എന്ന ഹാഷ്ടാഗിലുള്ള ആഹ്വാനം. ആയിരക്കണക്കിന് ആളുകളാണ് ഇതു റീ ട്വീറ്റ് ചെയ്തു രംഗത്തെത്തിയത്.

വിവരം ചോർന്നത് എങ്ങനെയെന്നു പരിശോധിക്കാൻ ഡിജിറ്റല്‍ ഫൊറന്‍സിക് കമ്പനിയെ ചുമതലപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണു ഫെയ്സ്ബുക് ഡിലീറ്റ് ചെയ്യാനുള്ള ആഹ്വാനവുമായി ബ്രയാൻ ആക്റ്റൻ രംഗത്തെത്തിയത്. ജാന്‍ കൗമിനോടു കൂടെ ബ്രയാന്‍ ആക്റ്റ് 2009ല്‍ ഉണ്ടാക്കിയ വാട്സാപ്പ് മെസഞ്ചര്‍ 2014ല്‍ ഫെയ്സ്ബുക് വാങ്ങിയിരുന്നു. 1900 കോടി ഡോളറിനായിരുന്നു ഫെയ്‌സ്ബുക് വാട്‌സാപ്പ് സ്വന്തമാക്കിയത്.

ഫെയ്സ്ബുക്കിനെതിരായ പ്രചാരണത്തിനു പിന്നിൽ


യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു കാലത്ത് ട്രംപ് പ്രചാരകർക്കുവേണ്ടി രാഷ്ട്രീയവിവര വിശകലന സ്ഥാപനം കേംബ്രിജ് അനലിറ്റിക്ക, ഫെയ്സ്ബുക് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതായി അടുത്തിടെ കണ്ടെത്തിയിരുന്നു. സ്വകാര്യതാ നിയമം ലംഘിച്ച് അഞ്ചു കോടിയോളം ഫെയ്‌സ്ബുക് അംഗങ്ങളുടെ വ്യക്തിവിവരങ്ങളാണു ബ്രിട്ടിഷ് സ്വകാര്യസ്ഥാപനം ചോർത്തിയത്. 2016ലെ യുഎസ് തിരഞ്ഞെടുപ്പു കാലത്തു ട്രംപ് പ്രചാരകർക്കുവേണ്ടി വോട്ടർമാരുടെ വിവരശേഖരണത്തിന്റെ ഭാഗമായാണു 2014 മുതൽ ഫെയ്‌സ്ബുക്കിൽനിന്ന് അഞ്ചു കോടിയോളം പേരുടെ വ്യക്തിവിവരങ്ങൾ എടുത്തത്. സമൂഹമാധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ വിവര ചോർച്ചയാണിത്. ഇതേത്തുടർന്നു കേംബ്രിജ് അനലിറ്റിക്കയെ ഫെയ്സ്ബുക് പുറത്താക്കിയിരുന്നു.

ഫെയ്സ്ബുക് ഓഹരികളിൽ വൻ ഇടിവ്

സ്വകാര്യത ചോർന്നുവെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ ഫെയ്സ്ബുക്കിന്റെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ആറു വർഷത്തിനിടെ ഫെയ്സ്ബുക് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്. കമ്പനിയുടെ വിപണി മൂല്യത്തിലും 537 ബില്യൻ ഡോളറില്‍നിന്നും 494 ബില്യൻ ഡോളറിലേക്കുള്ള ഇടിവുണ്ടായി. 500 കോടി ഡോളറാണ് ഈയൊരൊറ്റ സംഭവവികാസം കൊണ്ട് ഫെയ്സ്ബുക് ഉടമ സുക്കര്‍ബര്‍ഗിനു നഷ്ടമായിരിക്കുന്നത്.

ഫെയ്സ്ബുക്ക് നല്‍കുന്ന വിശദീകരണം ഇങ്ങനെ

ബ്രിട്ടിഷ് വിദ്യാഭ്യാസ വിദഗ്ധനായ അലക്‌സാണ്ടര്‍ കോഗം ഉണ്ടാക്കിയ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത 2.7 ലക്ഷം പേരുടെ വിവരമാണു ചോര്‍ന്നതെന്നു ഫെയ്‌സ്ബുക് പറയുന്നു. ഇവരുടെ ഫെയ്‌സ്ബുക് സുഹൃത്തുക്കളുടെ വിവരങ്ങളും ചോര്‍ന്നു. ഫെയ്‌സ്ബുക്കിന്റെ നയങ്ങള്‍ ലംഘിച്ചു കോഗം കേംബ്രിജ് അനലിറ്റിക്കയ്ക്കു വിവരം കൈമാറിയെന്നായിരുന്നു ഫെയ്സ്ബുക്കിന്റെ ആരോപണം.

കൂടുതൽ വായനയ്ക്ക്