Wednesday 13 June 2018 04:04 PM IST : By സ്വന്തം ലേഖകൻ

ദാരിദ്ര്യം മറന്ന് ഇരട്ടക്കുട്ടികളെ ഡോക്ടർമാരാക്കാനൊരുങ്ങി ഈ കർഷകകുടുംബം; കഷ്ടപ്പാടുകളിലും വിജയത്തിളക്കം

doctors

ഡോക്ടറാകാൻ മക്കളെ പഠിപ്പിച്ചപ്പോൾ പരിചയക്കാരിൽ പലരും ചോദിച്ചു, ‘പാവങ്ങൾക്ക് കഴിയുന്ന കാര്യമാണോ ചേട്ടാ ഇത്’ എന്ന്. എന്നാൽ കടംകയറി പോയ ചായക്കടബിസിനസിൽ തകരാതെ പാട്ടത്തിന് സ്ഥലമെടുത്ത് കൃഷി ചെയ്യുമ്പോൾ ഈ അച്ഛന് ഉറപ്പായിരുന്നു മണ്ണും ചതിക്കില്ല ആറ്റുനോറ്റുണ്ടായ ഇരട്ട ആൺമക്കളും ചതിക്കില്ല, അത് സത്യമായി. കൊട്ടാരക്കരയിലെ കോട്ടത്തല കുണ്ടറത്ത് ഭാഗം സുമ മന്ദിരത്തിൽ സോമശേഖരന്റെയും സുമതിയുടെയും മക്കൾ അജിത്തും അനിത്തും എംബിബിഎസിനു ചേർന്നു. അച്ഛന്റെ കഷ്ടപ്പാടുകണ്ട് പഠിച്ച് മുന്നേറിയ ഇവർക്ക് ഒറ്റ ആശങ്കയേ ഉള്ളൂ. പഠനം പൂർത്തിയാക്കി അച്ഛന്റെ സ്വപ്നം പൂർത്തിയാക്കാൻ കഴിയുമോ എന്ന്.

അജിത്ത് പോണ്ടിച്ചേരി ജിത്മർ യൂണിവേഴ്സിറ്റിയിൽ 70,000 രൂപയോളം മുടക്കി ചേർത്തു. അനിത്തിന് തിരുനെൽവേലി മെഡിക്കൽ കോളേജിൽ അഡ്മിഷൻ ലഭിച്ചെങ്കിലും ഫീസ് കണ്ടെത്താൻ പെടാപ്പാടുപെടു പെടുകയാണ് ഈ അച്ഛൻ.

വെറ്റിലയെടുപ്പിൽ നിന്ന് കിട്ടുന്ന തുക കൊണ്ട് വേണം 22 ന് നടക്കുന്ന അനിത്തിന്റെ അഡ്മിഷന് പോകാൻ. പണം തികയാതെ വന്നാൽ കടം വാങ്ങാൻ പോലുമാരുമില്ല. അത്രമാത്രം കടത്തിൽ മുങ്ങിപ്പോയിടത്തുനിന്ന് കരകയറുന്നതേ ഉള്ളൂ ഈ കുടുംബം. ആകെ ഉള്ള നാലു സെന്റിൽ കൃഷി സാധ്യമല്ലാത്തതിനാൽ പാട്ടത്തിന് സ്ഥലമെടുത്ത് കപ്പയും വെററിലയും വാഴയും പച്ചക്കറിയും കൃഷിയുണ്ട്.

ഭാര്യ സുമതിയും വീട്ടുവേലയ്ക്ക് പോയി ഇവർക്കു പഠനത്തിനുള്ള ഫീസു കണ്ടെത്താൻ സഹായിക്കും. എറണാകുളത്ത് എൻട്രൻസ് പരിശീലനത്തിന് അയയ്ക്കുമ്പോൾ നിറകണ്ണുകളോടെ ഈ അമ്മ പ്രാർത്ഥിച്ചു പട്ടികജാതിവിഭാഗത്തിന്റെ ആനുകൂല്യങ്ങളും ഈ മിടുക്കന്മാർക്ക് ലഭിച്ചിരുന്നു. കഷ്ടപ്പാടുകൾ തളർത്തിക്കളയുമ്പോഴും മക്കൾ ഡോക്ടറാകുന്നത് സ്വപ്നം കാണുകയാണ് ഈ മാതാപിതാക്കൾ.