Saturday 18 August 2018 05:19 PM IST

നിങ്ങളുടെ രാജ്യം നിങ്ങളെ രക്ഷിക്കുമോ, പോപ് സഹായിക്കുമോ, ബിഷപ് നിങ്ങളുടെ രക്ഷയ്ക്കെത്തുമോ? ഫാദർ ടോം ഉഴുന്നാലിനോട് ഭീകരർ ചോദിച്ചത്

Sujith P Nair

Sub Editor

father-tom-new

യെമനിൽ തീവ്രവാദികളുടെ തടങ്കൽ അനുഭവങ്ങൾ ‘വനിത’യോടു വെളിപ്പെടുത്തി ഫാ. ടോം ഉഴുന്നാലിൽ. 557 ദിവസത്തെ തടങ്കലിനു ശേഷം മോചിതനായി വത്തിക്കാനിലെത്തിയ അച്ചൻ ആദ്യമായി ഫാദർ എബ്രഹാം കവളക്കാട്ടിനു നൽകിയ അഭിമുഖത്തിലാണ് തടവു ജീവിതത്തിലെ ദുരിതങ്ങൾ പങ്കുവച്ചത്.

"എന്നോട് അതേക്കുറിച്ചൊന്നും സംസാരിച്ചിട്ടില്ല. ഏതെങ്കിലും ഫോൺ നമ്പർ ഓർമയുണ്ടോ എന്ന് ഇടയ്ക്കിടെ ചോദിക്കും. എന്റെ വീട്ടിലെ ലാൻഡ് ഫോൺ നമ്പർ ആയിരുന്നു ആകെ ഓർമയിൽ ഉണ്ടായിരുന്നത്. അമ്മ മരിച്ചതോടെ ആ ഫോൺ ഡിസ്കണക്ട് ചെയ്തിരുന്നു. നമ്പർ പറഞ്ഞു കൊടുത്തു. നമ്പർ ഇപ്പോൾ പ്രവർത്തനരഹിതമാണെന്നും പറഞ്ഞിരുന്നു. എന്നെ അവർ അവിശ്വസിച്ചിരുന്നില്ല. ഉന്നതരുമായൊക്കെ ബന്ധമുണ്ടോ എന്നും സർക്കാരിൽ ആരെയെങ്കിലും അറിയാമോ എന്നുമൊക്കെ ഇടയ്ക്കിടെ ചോദിക്കും. എനിക്ക് ഇന്ത്യയിലും യെമനിലും ഒന്നും ഉന്നത ബന്ധങ്ങൾ ഉണ്ടായിരുന്നില്ല. ഇതോടെ ഏഡനിൽ എത്ര പേർ പ്രാർഥനയ്ക്ക് എത്തുമായിരുന്നു എന്നും അവരിൽ ആരുടെയെങ്കിലും നമ്പർ അറിയാമോ എന്നായി ചോദ്യം. സ്ഥിരം എത്തുന്ന ചിലരെ പരിചയമുണ്ടായിരുന്നു എങ്കിലും അവരുടെ ഫോൺ നമ്പർ ഒന്നും ഓർമിച്ചു വയ്ക്കുന്നത് പതിവില്ലായിരുന്നു. ‍

നിങ്ങളുടെ രാജ്യം നിങ്ങളെ രക്ഷിക്കുമോ, പോപ് നിങ്ങളുടെ സഹായത്തിന് ഇടപെടുമോ,  ബിഷപ് നിങ്ങളുടെ രക്ഷയ്ക്കെത്തുമോ എന്നിങ്ങനെ മൂന്നു ചോദ്യങ്ങളാണ് പ്രധാനമായും അവർ ചോദിച്ചത്. കോടിക്കണക്കിന് ഡോളർ നൽകി രാജ്യം എന്നെ മോചിപ്പിക്കാൻ സാധ്യതയില്ലെന്ന് ഞാൻ മറുപടി നൽകി. അബുദാബി ബിഷപ്പിനെ വിവരം ധരിപ്പിച്ചാൽ ഒരുപക്ഷേ എന്തെങ്കിലും സഹായം ലഭിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. യെമൻ അദ്ദേഹത്തിന്റെ കീഴിൽ വരുന്നതാണ്. എന്നെ ഉപയോഗിച്ചു മോചനദ്രവ്യം എങ്ങനെ നേടാമെന്നായിരുന്നു അവരുടെ ചിന്ത മുഴുവൻ എന്നാണ് എനിക്കു തോന്നിയിരുന്നത്. ദുഃഖ വെള്ളിയാഴ്ച ദിവസം എന്നെ ക്രൂശിക്കുമെന്നൊക്കെ അവർ അങ്ങനെയാണ് വാർത്ത പ്രചരിപ്പിച്ചത്. ആശയ വിനിമയത്തിന് ഭാഷ അനിവാര്യമല്ലെന്ന് തിരിച്ചറിഞ്ഞത് അവിടെ വച്ചാണ്. തീവ്രവാദികൾ എന്റെ മുന്നിൽ വരുമ്പോൾ മുഖം മറയ്ക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ ആരുമായും പരിചയപ്പെടാൻ പോലും കഴിഞ്ഞില്ല." ഫാദർ ടോം ഉഴുന്നാലിൽ പറയുന്നു.

ഫാ. ടോം ഉഴുന്നാലിലിന്റെ എക്സ്ക്ലൂസീവ് അഭിമുഖം ഈ ലക്കം വനിതയിൽ വായിക്കാം. കോപ്പികൾ ഇന്നു തന്നെ ഉറപ്പാക്കൂ.