Saturday 18 August 2018 11:17 AM IST

തടങ്കലിൽ ദൈവസാന്നിധ്യം തിരിച്ചറിഞ്ഞത് അങ്ങനെ! ആ രഹസ്യം ‘വനിത’യോടു വെളിപ്പെടുത്തി ഫാ. ടോം ഉഴുന്നാലിൽ

Sujith P Nair

Sub Editor

tom-father1

യെമനിൽ തീവ്രവാദികളുടെ തടങ്കലിൽപ്പെട്ടപ്പോൾ ദൈവസാന്നിധ്യം തിരിച്ചറിഞ്ഞ സംഭവം ‘വനിത’യോടു വെളിപ്പെടുത്തി ഫാ. ടോം ഉഴുന്നാലിൽ. 557 ദിവസത്തെ തടങ്കലിനു ശേഷം മോചിതനായി വത്തിക്കാനിലെത്തിയ അച്ചൻ ആദ്യമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തടവു ജീവിതത്തിലെ ദുരിതങ്ങൾ ഈ ലക്കം ‘വനിത’യോടു പങ്കുവയ്ക്കുന്നത്.

അച്ചന്റെ വാക്കുകൾ ഇങ്ങനെ:

കഴിഞ്ഞ വർഷം മാർച്ച് നാലിനാണ് തീവ്രവാദികൾ യെമനിലെ ഏഡനിൽ പ്രവ‍ർത്തിക്കുന്ന മദർ തെരേസ വൃദ്ധസദനം ആക്രമിച്ചത്. തുടരെ വെടിവച്ചു കൊണ്ട് അവർ ഉള്ളിലേക്ക് കയറുകയായിരുന്നു. ആദ്യം കാവൽ നിന്ന സെക്യൂരിറ്റിയെ വധിച്ചാണ് ക്യാമ്പിൽ കടന്നത്. പിന്നെ കൺമുന്നിൽ കണ്ട ഓരോരുത്തരേയും അവരുടെ നാട് അന്വേഷിച്ച ശേഷം വെടിവച്ചു കൊലപ്പെടുത്തി. എന്റെ അടുത്തുവന്ന് ഏതു നാട്ടുകാരനാണെന്ന് ചോദിച്ചു.

‘ഐ ആം ഫ്രം ഇന്ത്യ’ എന്നു പറഞ്ഞപ്പോൾ എന്നെ സെക്യൂരിറ്റിയുടെ മുറിയിലേക്ക് മാറ്റി നിർത്തി. ഒപ്പമുണ്ടായിരുന്നവർക്ക് എന്തുപറ്റിയെന്ന ആശങ്കയായിരുന്നു എനിക്ക്. കൺമുന്നിൽ രണ്ടു സിസ്റ്റർമാരെ വെടിവച്ചു കൊലപ്പെടുത്തി. നിസഹായനായി നിൽക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. അൽപം സമയം കഴിഞ്ഞപ്പോൾ ആയുധധാരികൾ വീണ്ടുമെത്തി. അവർ എന്നെ കാറിന്റെ ഡിക്കിയിലേക്ക് തള്ളി. പിന്നാലെ എന്തോ വന്നു എന്റെ കാൽചുവട്ടിലേക്ക് വീണു. വൃദ്ധസദനത്തിലെ അൾത്താരയിലെ സക്രാരി (തിരുവോസ്തി സൂക്ഷിക്കുന്ന പേടകം) ആയിരുന്നു അത്. കൈയിൽ കിട്ടിയതെല്ലാം കൊള്ളയടിക്കുന്ന കൂട്ടത്തിൽ ലഭിച്ചതാകാം.

കൈകൾ ബന്ധിച്ചിട്ടില്ലാതിരുന്നതിനാൽ സക്രാരി മൂടിയിരുന്ന വെൽവെറ്റ് തുണിയുടെ അടിയിലൂടെ കൈകൾകൊണ്ടു പരതി. അതിൽ തലേദിവസം കൂദാശ ചെയ്ത നാലോ അഞ്ചോ തിരുവോസ്തികൾ ഉണ്ടായിരുന്നു. അതിൽ കൈവച്ചു ഞാൻ പ്രാർഥിച്ചു. അപ്പോൾ ഞാൻ എന്നോടുതന്നെ പറഞ്ഞു: ദൈവം അറിയാതെ എനിക്ക് ഒന്നും സംഭവിക്കില്ല. ദൈവം എന്നോടൊപ്പമുണ്ടെന്നതിന്റെ അടയാളമായാണ് ആ തിരുവോസ്തികൾ എനിക്ക് അനുഭവപ്പെട്ടത്. എനിക്കുറപ്പായിരുന്നു അവർ എന്നെ വധിക്കില്ലെന്ന്. കാരണം എനിക്ക് ദൈവത്തിന്റെ കാവലുണ്ടായിരുന്നല്ലോ?

ഫാ. ടോം ഉഴുന്നാലിലിന്റെ എക്സ്ക്ലൂസീവ് അഭിമുഖം ഈ ലക്കം വനിതയിൽ വായിക്കാം. കോപ്പികൾ ഇന്നു തന്നെ ഉറപ്പാക്കൂ.