Friday 27 July 2018 11:53 AM IST : By സ്വന്തം ലേഖകൻ

അജ്ഞാതനായ സുഹൃത്തേ നന്ദി! കുത്തൊഴുക്കിൽപ്പെട്ട് മരണം മുന്നിൽ കണ്ട യുവാവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

salih

പുഴയില്‍ കുളിക്കുമ്പോള്‍ കുത്തൊഴുക്കില്‍ പെട്ടുപോയ തന്നെ അത്ഭുതകരമായി രക്ഷിച്ചിട്ട് ഒന്നു മിണ്ടാതെ പോയ അജ്ഞാത മനുഷ്യനെ കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സാലി ബിന്‍ അലി എന്ന യുവാവാണ് തന്റെ അനുഭവം ഫേസ്ബുക്കില്‍ കുറിച്ചത്. പുഴയുടെ ആഴമുള്ള ഭാഗത്ത് പെട്ടുപോയ തന്നെ കൂടെയുള്ള അഞ്ചോളം സുഹൃത്തുക്കള്‍ കിണഞ്ഞു ശ്രമിച്ചിട്ടും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും അവസാനം മരണം മുന്നില്‍ കണ്ടപ്പോള്‍ ദൈവദൂതനെ പോലെ ഈ മനുഷ്യന്‍ എത്തുകയായിരുന്നുവെന്നും സാലിയുടെ കുറിപ്പിൽ പറയുന്നു. കണ്ണൂര്‍ ചിറക്കലിലെ പുഴയിലാലിയുന്നു സാലിയും സുഹൃത്തുക്കളും കുളിക്കാനിറങ്ങിയത്.

സാലിയുടെ പോസ്റ്റിന്റെ പൂർണരൂപം ചുവടെ:

രാവിലെതന്നെ കായലിൽ കുളിക്കാൻ പോയി നല്ല ഒഴുക്കുമുണ്ടായിരുന്നു. കുളിച്ചോണ്ടിരിക്കുമ്പോൾ ഒരു തോന്നൽ അപ്പുറത്ത് പോയി നീന്തി വന്നാലോ എന്ന് . ഇറങ്ങിയ സ്ഥലത്ത് അത്യാവശ്യം ആഴവും ഉണ്ടായിരുന്നു കുറച്ചു നീന്തിയപ്പോൾ ഉള്ളിൽ ഒരു ഭയം വന്നു. ആഴം കൂടുതകുണ്ടല്ലോ. നല്ല ഒഴുക്കുമുണ്ടല്ലോ എന്നുള്ള ചിന്ത വന്നതോടെ ഭയം കൂടി. അങ്ങനെ തിരിച്ചു നീന്താൻ തീരുമാനിച്ചു തിരിച്ചു. നീന്താൻ തുടങ്ങി നീന്തിയപോഴാണ് മനസ്സിലായത് ഒഴുക്കിനെതിരെയാണല്ലോ നീന്തുന്നതെന്ന്. ഭയംകൊണ്ട് കൈകാലുകൾ കുഴയുകയാണ്. വീണ്ടും ഒഴുക്കുള്ള ഭാഗത്തേക്ക് തിരിച്ചു നീന്തി. എന്റെ ഭയം എല്ലാ ധൈര്യത്തേയും കീഴ്പെടുത്തി.

എന്റെ മുന്നിലുള്ള ജവാദിനെ വിളിച്ചു, ജാവദേ പിടിക്കട എന്നെയൊന്ന്. അവൻ പിടിചു അവനെ വിട്ടു എങ്ങനെയെങ്കിലും കരയിലേക്ക് എത്തണം എന്നുള്ള ചിന്തയിൽ. എന്റെ കൈകാലുകൾ കുഴഞ്ഞത്കൊണ്ടും ഉള്ളിലെ ഭയംകൊണ്ടും എനിക്ക് നീന്താൻ കഴിയുന്നില്ല. ഞാൻ റഫീക്കാ അസറു വേഗം വന്നു പിടിക്കൂ എന്ന് മുങ്ങി പൊങ്ങിയപ്പോൾ പറഞ്ഞു. അപ്പൊഴേക്കും ഹനീഫക്കയും നിസാർക്കായും ഞങ്ങളുടെ എതിരായി നീന്തിവരുന്നുണ്ട് എല്ലാവരും പരിഭ്രാന്തരായി. ആരും അടുത്തേക്ക് വരുന്നില്ല. മരണ വെപ്രാളത്തിൽ ഞാൻ അവരെ പിടിചു താഴ്ത്തും എന്നുള്ള ചിന്തകൊണ്ടാവാം അവർ അങ്ങനെ ചെയ്തത്. അത് കണ്ടതോട്കൂടി ഞാനുറപ്പിച്ചു എന്റെ മരണം.

നിസാർക്ക, എല്ലാവരും വരൂ ആൾ മുങ്ങുന്നേയെന്നെല്ലാം പറയുന്നുണ്ടായിരുന്നു. നിസാർക്കയും ഹനീഫക്കയും എന്നെ ഒഴിഞ്ഞു നിന്നു കരയുടെ ഭാഗത്തേക്ക് എന്നെ തള്ളി. അതുകൊണ്ട് കുറച്ചു നീങ്ങി കരയുടെ അടുത്തേക്ക് . ഞങ്ങൾ ആദ്യം കുളിച്ചിരുന്ന സ്ഥലത്തു ആരോടും മിണ്ടാതെ ഒരാൾ വന്ന് നീന്തി കളിക്കുന്നുണ്ടായിരുന്നു. അന്നേരം ഞാൻ അയാളെ ശ്രദ്ധിച്ചിരുന്നു. അവിടെ കുളിക്കാൻ വന്നവർ എല്ലാവരും പരസ്പരം പരിചയപെടാറുണ്ട്. ഇയാളെന്താ ഇങ്ങനെ എന്ന് ചിന്തിച്ചിരുന്നു ഞാൻ. അങ്ങനെ ചിന്തിച്ചോണ്ട് ആണ് ഞാൻ അപ്പുറത്തേക്ക് നീന്തിവരാൻ പോയതും. ആ മനുഷ്യൻ ഞാൻ മുങ്ങുമ്പോൾ കുളി കഴിഞ്ഞു തല തോർത്തി കരയിൽ നിൽക്കുകയായിരുന്നത്രെ. നിസർക്കാടെ ആരെങ്കിലും വരൂ എന്നുള്ള വിളികേട്ട് വന്നതാണ് അദ്ദേഹം. അയാൾ ഉടനെ ചാടി അയാൾ കൈ പിടിചു വലിച്ചു അതിനാൽ പുനർജന്മം കിട്ടി. ക്ഷീണിതനായത്കൊണ്ട് കുറച്ചു നേരം ഇരുന്നു. അങ്ങനെ അയാളെ നോക്കി കുളിസ്ഥലത്തേക്ക് നടന്നു പക്ഷെ അയാൾ അപ്പോഴേക്കും അവിടെനിന്നും പോയിരുന്നു. എന്തായാലും പെരുത്തു നന്നിയുണ്ട്.

നിസർക്കാ ഹനീഫക്ക അസറു ജവാദ് റഫീക്ക ഫൈസൽക്ക പിന്നെ പേരറിയാത്ത എല്ലാവർക്കും നന്ദി. എല്ലാം കഴിഞ്ഞപ്പോൾ കൂട്ടത്തിൽ നിന്നും തമാശക്ക് ഒരു ചോദ്യം നീ ബ്ലൂ വൈൽ കളിച്ചു മുങ്ങി മരിക്കാനുള്ള ടാസ്ക് എടുത്ത് വന്നതല്ലേ എന്ന്.