Tuesday 13 March 2018 12:34 PM IST : By സ്വന്തം ലേഖകൻ

വീട്ടുകാരെ എതിർത്തും അവർ ഒരുമിച്ചു, നൂറാം നാൾ മരണത്തിലേക്ക് പോയതും ഒരുമിച്ച്! കുരങ്ങിണിമലയിലെ കാട്ടുതീയിൽ വെന്തുമരിച്ചത് അപൂർവ പ്രണയം

thee

വീട്ടുകാർ അവഗണിച്ചപ്പോൾ തുണയായി നിന്നു വിവാഹം നടത്തിക്കൊടുത്ത സുഹൃത്തുക്കളായിരുന്നു വിവേകിനും വിദ്യയ്ക്കും എല്ലാം. അതുകൊണ്ടുതന്നെ കുരങ്ങിണി മലയിലേക്കുള്ള ട്രക്കിങ് സുഹൃത്തുക്കളുമൊത്തുള്ള ഒരു കൂടിച്ചേരലായാണ് അവർക്കു തോന്നിയത്. പക്ഷേ വിധി ആ നവദമ്പതികൾക്ക് ഒരുക്കിയത് മരണത്തിലേക്കുള്ള യാത്രയാണ്. മധുവിധു തീരും മുൻപേ കുരങ്ങിണി മലയില്‍ വെന്തു മരിച്ച ഈറോഡ് സ്വദേശികളായ വിവേക് (28), വിദ്യ (26) എന്നിവർ നാടിന്റെ വേദനയായി.

യാത്രകള്‍ ഏറെ ഇഷ്ടപ്പെടിരുന്ന ഇവര്‍ തങ്ങളുടെ കൊളുക്കുമല യാത്രസംബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. യാത്രയ്ക്കു മുമ്പേ ഇവര്‍ വാഹനത്തിനു മുന്നില്‍ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫിയും എടുത്തു. കുട്ടിക്കാലം മുതൽക്കേ സുഹൃത്തുക്കളായിരുന്നു വിവേകും ദിവ്യയും. വീട്ടുകാർ എതിർത്തപ്പോൾ സുഹൃത്തുക്കളായ തമിഴ്ചെൽവനും കണ്ണനും മുൻകൈയെടുത്ത് വിവാഹം നടത്തി. മൂന്നര മാസം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഈറോഡിൽ വീടെടുത്തു നൽകിയതും സുഹൃത്തുക്കൾ തന്നെ. ദുബായില്‍ എഞ്ചിനീയറായ വിവേക് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ദിവ്യയെയും ദുബായിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കൾ തുടങ്ങിയിരുന്നു. മിന്നു കെട്ടി 100 ദിവസം പൂര്‍ത്തിയായപ്പോള്‍ ഈറോഡിലെ ക്ഷേത്രത്തിനു മുന്നില്‍ നിന്നും ഇവര്‍ സെല്‍ഫിയെടുത്ത് ഫെയസ്ബുക്കില്‍ ഇട്ടിരുന്നു. ഇതിനു ശേഷമാണ് സാഹസിക യാത്രയ്ക്ക് പുറപ്പെട്ടത്.

രക്ഷാപ്രവര്‍ത്തകരെത്തുമ്പോള്‍ വിവേകും വിദ്യയും ഗുരുതരമായി പൊള്ളലേറ്റ അവസ്ഥയിലായിരുന്നു. വിദ്യയുടെ വസ്ത്രങ്ങളെല്ലാം പൂര്‍ണമായി കത്തിപ്പോയപ്പോള്‍ വിവേക് തന്റെ പാതി കത്തിയ വസ്ത്രം വിദ്യയ്ക്ക് നല്‍കിയിരുന്നു. പിടഞ്ഞുകൊണ്ടിരുന്ന ഇരുവരെയും ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുന്ന വഴിയാണ് മരിച്ചത്. കുരങ്ങിണി മലയിൽ പൊള്ളലേറ്റവരുടെ ഉറ്റവർ ആശുപത്രിയിലേക്ക് കുതിച്ചെത്തിയെങ്കിലും വിവേകിന്റെയും ദിവ്യയുടെയും ബന്ധുക്കൾ തിരിഞ്ഞു നോക്കിയില്ല. തുടർന്ന് അധികൃതർ ഇവരുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു. മൃതദേഹം ഏറ്റുവാങ്ങി സംസ്കാരം നടത്താൻ ഇരുവീട്ടുകാരും സന്നദ്ധത അറിയിച്ചതായാണ് വിവരം.

ഇവരുടെ സുഹൃത്ത് കണ്ണൻ അപകടനില തരണം ചെയ്തതായാണ് ആശുപത്രിവൃത്തങ്ങൾ അറിയിച്ചത്. കോടമഞ്ഞു പുതച്ച കൊളുക്കുമലയും മീശപ്പുലിമലയും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നും പ്രവേശിക്കാവുന്ന ഈ മേഖലയിലെത്തുന്ന സാഹസികരുടെ എണ്ണം ഏറെയാണ്. തമിഴ്‌നാട്ടില്‍നിന്നു പാസെടുത്ത് ട്രെക്കിങ് നടത്തുന്നത് പതിവാണ്. കേരളത്തില്‍നിന്ന് പലപ്പോഴും അനുമതി നല്‍കാറില്ലെന്നു പറയുമ്പോഴും വനം വകുപ്പ് രഹസ്യമായി ഒത്താശ ചെയ്തു കൊടുക്കാറുണ്ട്.

മൂന്നാറില്‍നിന്നു സൂര്യനെല്ലി വഴിയും തമിഴ്‌നാട്ടിലെ കൊരങ്ങണിയില്‍നിന്ന് 20 കിലോമീറ്റര്‍ കാട്ടുപാത വഴിയും കൊളുക്കുമലയിലെത്താം. സൂര്യനെല്ലിയില്‍നിന്നു ജീപ്പുകളിലാണ് സഞ്ചാരികള്‍ കൊളുക്കുമലയിലെത്തുന്നത്. കൊളുക്കുമലയില്‍ എത്തുന്നവര്‍ ദുര്‍ഘടപാത താണ്ടി മീശപ്പുലിമലയിലും എത്തുന്നു. വനത്തിനുള്ളില്‍ കൊളുക്കുമലയില്‍ ഒരുമിച്ചതിനു ശേഷം ഞായറാഴ്ച ഉച്ചയോടെ മലയിറങ്ങുമ്പോഴാണ് കാട്ടുതീ പടര്‍ന്നത്. ചെങ്കുത്തായ വനമേഖലയില്‍ കാറ്റ് വീശിയതോടെ കാട്ടുതീ ആളിക്കത്തി. ഹെലികോപ്ടറുകളില്‍ വെള്ളമെത്തിച്ച് തീ നിയന്ത്രണവിധേയമാക്കിയെങ്കിലും പൂര്‍ണമായും അണഞ്ഞിട്ടില്ല.