Friday 27 July 2018 10:45 AM IST : By സ്വന്തം ലേഖകൻ

കണക്കുപഠിക്കാത്തതിന് കുട്ടിയുടെ മുഖത്തടിക്കുന്ന സ്ത്രീ; മാതാപിതാക്കൾക്ക് ഉപദേശവുമായി ക്രിക്കറ്റ് താരങ്ങൾ

child_cry

കണക്ക് പഠിക്കാത്തതിന് ഉപ്പുകല്ലിൽ മുട്ടുകുത്തി നിലത്ത് നിർത്തുന്ന ചാക്കോ മാഷിന്റെ മുഖം അത്ര പെട്ടെന്നൊന്നും മലയാളികൾ മറക്കില്ല. കുട്ടികൾക്ക് ക്രൂരമായ ശിക്ഷ കൊടുത്ത വാർത്തകൾ കാണുമ്പോൾ ഓർമ വരുന്നതും സ്ഫടികത്തിലെ ‘കടുവ’ യായി എത്തുന്ന തിലകന്റെ ദാർഷ്ട്യമാണ്. എന്നാലിതാ ഒരു ചെറിയ കുട്ടിയെ ഒരു സ്ത്രീ കണക്കുപഠിക്കാൻ ഭീഷണിപ്പെടുത്തുകയും മുഖത്തടിക്കുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. രണ്ട് ദിവസമായി പ്രചരിക്കുന്ന ഈ വിഡിയോ കണ്ട് നിരവധി പ്രമുഖരാണ് മാതാപിതാക്കൾക്ക് ഉപദേശവുമായി രംഗത്ത് വന്നിരിക്കുന്നത്.

കണക്ക് പഠിപ്പിക്കുന്നതിനിടെ ഒരു സ്ത്രീ കുട്ടിയെ ഭീഷണിപ്പെടുത്തുകയും, കരണത്തടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ആരുടെയും കരളലിയിക്കുന്നതാണ്. ഇംഗ്ലീഷില്‍ ഒന്ന് മുതല്‍ അഞ്ച് വരെയെണ്ണാൻ എഴുതി പഠിക്കുന്ന ഏകദേശം അഞ്ചു വയസ് മാത്രം പ്രായമുള്ള ഒരു കുട്ടിയുടേതാണ് വീഡിയോ. തുടര്‍ച്ചയായി അഞ്ച് വരെ എണ്ണികൊണ്ടിരിക്കുന്നതിനിടയില്‍ കുട്ടിയ്ക്ക് തെറ്റുപറ്റുന്നു. കുട്ടി തലവേദനയുണ്ട് അൽപ്പം സമയം ക്ഷമിക്കൂ എന്നൊക്കെ കരഞ്ഞ് പറയുന്നുണ്ടെങ്കിലും കുടെയുള്ള സ്ത്രീ അത് സമ്മതിക്കുന്നില്ല. ഒടുവില്‍ കുട്ടി വീണ്ടും തെറ്റിക്കുന്നതോടെ ആ സ്ത്രീ കുട്ടിയെ മുഖത്തു തല്ലുന്നതാണ് വീഡിയോയിൽ. കരഞ്ഞു തളരുന്ന കുട്ടി ഒടുവില്‍ പല്ലു ഞെരിച്ച് കൊണ്ട് പറയുന്നതും കാണാം.

വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ചെറിയ കുട്ടികളെ തല്ലുന്ന മാതാപിതാക്കള്‍ക്ക് ഉപദേശവുമായി നിരവധി പ്രമുഖര്‍ വീഡിയോ ഷെയര്‍ ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. കൊച്ചു കുട്ടിയുടെ വേദനയേയും വിഷമത്തേയും കണക്കിലെടുക്കാതെ തന്റെ ഈഗോയെ തൃപ്തിപ്പെടുത്താനുള്ള ശ്രമം ഞെട്ടിക്കുന്നതാണെന്നായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്ലിയുടെ പ്രതികരണം. നിര്‍ബന്ധിച്ചതുകൊണ്ട് ഒരു കുട്ടിയ്ക്കും ഒന്നും പഠിക്കാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ നായകന്‍ പറയുന്നു.

‘ഇത് ഏറെ ഹൃദയവേദന തരുന്നതാണ്. കുട്ടികളെ ഇങ്ങനെയല്ല വളര്‍ത്തേണ്ടതെന്നും അവര്‍ക്ക് കൊടുക്കേണ്ടത് സ്നേഹവും പരിഗണനയുമാണ്’ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ ട്വീറ്റ് ചെയ്തു. ‘ഞാന്‍ അപേക്ഷിക്കുകയാണ് നിങ്ങള്‍ കുട്ടികളുടെ അടുത്ത് ക്ഷമയോടെയിരിക്കുക. ഓരോ കുട്ടിയും പഠിക്കുന്നത് അവരുടെ പ്രവര്‍ത്തിയിലൂടെയാണ്. അവരെ തല്ലുന്നതില്‍ നിന്നും അപമാനിക്കുന്നതില്‍ നിന്നും നിങ്ങള്‍ പിന്മാറുക’ ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ ട്വീറ്റ് ചെയ്തത്.