Thursday 25 October 2018 02:06 PM IST : By സ്വന്തം ലേഖകൻ

കാണാതായ പേരക്കുട്ടിയെ 40 വര്‍ഷത്തിനുശേഷം കണ്ടെത്തിയത് മുത്തശ്ശി; ഹൃദയം തൊടുന്ന കഥ

grandma1

പ്രാണൻ പകർന്നാണ് കുഞ്ഞേ നിന്നെ ഞാൻ താലോലിച്ചത്... നീണ്ട നാൽപ്പതു വർഷത്തിനുശേഷവും പരസ്പരം കണ്ടുമുട്ടുമ്പോൾ ഈ മുത്തശ്ശിക്ക് തന്റെ ചെറുമകളെ ചേർത്തുനിർത്തി പറയാൻ ഈ വാക്കുകൾ മാത്രം. നാൽപ്പതുകാരിയെങ്കിലും ഇന്നും തന്റെ മുത്തശ്ശിയുടെ താലോലമേറ്റ് ആൻഡ്രിയാന നിറകണ്ണുകളോടെ സമൂഹത്തോട് വിളിച്ചു പറഞ്ഞു. ‘നന്ദിയുണ്ട്, എന്റെ ഈ ഗ്രാൻറ്മയോടു മാത്രമല്ല, ഇവിടെ കാണാതായ നിരവധി കുട്ടികളെ, വർഷങ്ങളോളമുള്ള തിരച്ചിലിനും കാത്തിരിപ്പിനും ശേഷം തിരിച്ചു പിടിക്കുന്ന ഒരു കൂട്ടം മുത്തശ്ശിമാരോട്. ‘ഗ്രാന്‍ഡ് മദേഴ്‌സ് ഓഫ് പ്ലാസ ഡി മയോ’ യോട്.  

അര്‍ജന്റീനയില്‍ 1976 മുതല്‍ 1983 വരെ നീണ്ട പട്ടാളഭരണകാലത്ത് ‘മോഷ്ടിക്കപ്പെട്ട’ കുഞ്ഞുങ്ങളിലൊരാളാണ് ആഡ്രിയാന. ലാ പ്ലാറ്റ പട്ടണത്തിലെ കോളജ് പഠനകാലത്ത് പരിചയപ്പെട്ട് വിവാഹിതരായവരാണ് ആഡ്രിയാനയുടെ മാതാപിതാക്കളായ വയലെറ്റ ഒര്‍ട്ടോലനിയും എഡ്ഗാര്‍ഡോ ഗാര്‍ണിയറും. എട്ടുമാസം ഗര്‍ഭിണിയായിരിക്കെ 1976 ഡിസംബറില്‍ പട്ടാളം ഒര്‍ട്ടോലനിയെ പിടികൂടി.  1977 ജനുവരിയില്‍ ജയിലിലാണ് അവര്‍ ആഡ്രിയാനയെ പ്രസവിച്ചു. ഭാര്യയെയും മകളെയും തേടിനടന്ന ഗാര്‍ണിയറെയും പട്ടാളം ജയിലിലടച്ചു. ഗാര്‍ണിയറും ഒര്‍ട്ടോലനിയും പിന്നീടൊരിക്കലും തമ്മില്‍ക്കണ്ടില്ല. പട്ടാളഭരണകാലത്ത് കാണാതായ 30,000 പേരില്‍ അങ്ങനെ  ആ പേരും ഉൾപ്പെട്ടു.
 

grandma2


എന്നാൽ തന്റെ പേരക്കുട്ടിയെക്കുറിച്ചുള്ള അന്വേഷണവുമായി ഗാര്‍ണിയറുടെ അമ്മ പോരാട്ടം തുടര്‍ന്നു. ആരുടെയോ മകളായിവളര്‍ന്ന ആഡ്രിയാന കഴിഞ്ഞദിവസം മുത്തശ്ശിയോട് ഫോണില്‍ സംസാരിച്ചു. കാണാതായ പേരക്കുട്ടികളെ തേടുന്നതിനായി അർജന്റീനയിൽ മുത്തശ്ശിമാരുണ്ടാക്കിയ ‘ഗ്രാന്‍ഡ്മദേഴ്‌സ് ഓഫ് പ്ലാസ ഡി മയോ’ വഴിയാണ് ആഡ്രിയാന യഥാർത്ഥ കുടുംബത്തെ കണ്ടെത്തിയത്. ഇത്തരത്തിൽ തിരികെ കിട്ടിയ 126 ാമത്തെ ആളാണ് ആഡ്രിയാന.

grandma3


 
അടുത്ത കാലംവരെ ആഡ്രിയാനയ്ക്ക് അച്ഛനമ്മമാരുണ്ടായിരുന്നു. എന്നാൽ അവരുടെ മരണസമയത്താണ് തന്റെ യഥാര്‍ഥ അച്ഛനമ്മമാരല്ല ഒപ്പമുള്ളതെന്ന് ആഡ്രിയാന അറിയുന്നത്.  തുടർന്ന് ഈ സംഘടനയിലെ ആളുകൾ തിരയുന്ന കുട്ടികളുടെ വിവരങ്ങളുമായി അന്വേഷണം നടത്തുകയായിരുന്നു. അങ്ങനെയാണ് ആരുമില്ലാതെ ആയ ആഡ്രിയാനയ്ക്ക് മുത്തശ്ശിയെയും കുടുമബത്തെയും തിരികെ കിട്ടുന്നത്.