Tuesday 11 September 2018 02:27 PM IST : By റൂബിൻ ജോസഫ്

ഭഗവാൻ കൃഷ്ണനെക്കുറിച്ച് പ്രബന്ധം; സ്വപ്ന നേട്ടവുമായി ആദിവാസി യുവാവ് ഓക്സ്ഫഡിൽ!!

binesh-kasar

സ്വപ്നം മാത്രമാകുമെന്നു കരുതിയതൊക്കെ ഒന്നൊന്നായി സത്യമാവുകയാണ്. പ്രതിസന്ധികളുടെ കനൽവഴികൾ താണ്ടി ഉപരിപഠനത്തിനു ലണ്ടനിലെത്തിയ കാസർകോട്ടെ ആദിവാസി യുവാവ് ബിനേഷ് ബാലന് ഓക്സ്ഫഡ് സർവകലാശാലയിൽ പ്രബന്ധമവതരിപ്പിക്കാൻ അവസരം.

ഡിസംബറിൽ നടക്കാനിരിക്കുന്ന ഓക്സ്ഫഡ് സിംപോസിയത്തിലേക്കാണ് ബിനേഷിന്റെ ഗവേഷണവിഷയം തിരഞ്ഞെടുക്കപ്പെട്ടത്. കൃഷ്ണ ഭഗവാനെയും യവനകഥയിലെ അപ്പോളോ ദേവനെയും കുറിച്ചുള്ള താരതമ്യപഠനമാണ് ഓക്സ്ഫഡിന്റെ വേദിയിൽ ബിനേഷ് അവതരിപ്പിക്കുക. ലണ്ടനിലെ സസിക്സ് സർവകലാശാലയിൽ എംഎസ്‌സി സോഷ്യൽ ആന്ത്രപ്പോളജി വിദ്യാർഥിയാണ്.

സംസ്ഥാന സെക്രട്ടേറിയറ്റിലെ ചുവപ്പുനാടയിൽപെട്ട് ഉപരിപഠനം രണ്ടരവർഷത്തോളം വൈകിയ കഥയിലെ ദുരന്തനായകനാണ് ബിനേഷ്. മാധ്യമങ്ങളുടെ സഹായത്തോടെ നടത്തിയ പോരാട്ടത്തിനൊടുവിൽ പിന്നാക്കവിഭാഗ വിദ്യാർഥികൾക്കുള്ള കേന്ദ്രസർക്കാർ നാഷനൽ ഓവർസീസ് സ്കോളർഷിപ് നേടിയാണ് ലണ്ടനിലെത്തിയത്. കാസർകോട്ടെ കോളിച്ചാൽ പതിനെട്ടാംമൈലിലെ ബാലൻ – ഗിരിജ ദമ്പതികളുടെ മകനാണ്.

കൂടുതൽ വായനയ്ക്ക്