Tuesday 13 November 2018 02:34 PM IST : By സ്വന്തം ലേഖകൻ

അദൃശ്യനാകണോ? ഈ പ്ലാസ്റ്റിക് ഉടുപ്പ് ധരിക്കൂ, മെയിഡ് ഇൻ ചൈന

vanish_chinese

സോഷ്യൽ മീഡിയ ഇപ്പോൾ ഒരു വിഡിയോയുടെ പിന്നാലെയാണ്, മനുഷ്യനെ അപ്രത്യക്ഷമാക്കുന്ന ഒരു കുപ്പായമാണ് ഏവരുടെയും ചർച്ച. ചൈനീസ് സമൂഹ മാധ്യമമായ വെയ്ബോയിലാണ് വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഒരു മേശവിരിക്ക് സമാനമായ സുതാര്യമായ പ്ലാസ്റ്റിക് കൊണ്ടുള്ള ഒരു കുപ്പായമാണ് സാധനം. ഇതുകൊണ്ടു മൂടുന്ന ഭാഗം അപ്രത്യക്ഷമാകുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.

സംഭവം കണ്ട മിനിസ്ട്രി ഓഫ് പബ്ലിക് സെക്യൂരിറ്റിയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ ഡെപ്യൂട്ടി ഹെഡ് ആയ ചെൻ ഷിഗു വിഡിയോ പങ്കുവച്ചതോടെയാണ് ലോകം ഇതു ശ്രദ്ധിച്ചത്. സൈന്യത്തിന് ഗുണകരമാകും എന്ന വിശദീകരണത്തോടെയാണ് ഇതു പങ്കുവച്ചിരിക്കുന്നത്. എന്നാൽ കുറ്റവാളികളുടെ പക്കൽ ഇത് എത്തിയാൽ എന്തു സംഭവിക്കും എന്ന ആകാംക്ഷയാണ് പലരും പ്രകടിപ്പിക്കുന്നത്. എന്നാൽ ഇതിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. എഡിറ്റിങ് സോഫ്ട്‌വെയറുകൾ ഉപയോഗിച്ചാണ് വിഡിയോ നിർമിച്ചതെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ തട്ടിപ്പാകാനാണ് സാധ്യത.

നീലയോ പച്ചയോ ബാക്ക് ഗ്രൗണ്ടിൽ ചിത്രീകരിച്ചതിനു ശേഷം അഡോബിന്റെ ആഫ്ടർ ഇഫക്ട്സോ ന്യൂകോ ബ്ലാക്മാജികോ പോലുള്ള സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് പ്രകൃതിയുമായി യോജിപ്പിച്ചതാണെന്നാണ് ക്വാണ്ടം വിഡിയോ പ്രൊഡക്ഷൻ കമ്പനിയിലെ സു ഷെൻസങ് പറയുന്നത്. എന്തായാലും മൂന്നു കോടിയോളം പേരാണ് ഇതിനോടകം ഈ വിഡിയോ കണ്ടത്. ഡിസംബർ നാലിനു പോസ്റ്റ് ചെയ്ത വിഡിയോ നിരവധി മാധ്യമങ്ങളും ഷെയർ ചെയ്തിരുന്നു.