Friday 09 November 2018 04:01 PM IST : By സ്വന്തം ലേഖകൻ

ഹൃദയത്തിനു വേണ്ടി എന്ത് കഴിക്കാം, കഴിക്കരുത്!

heart-fruits4

ഏറ്റവും പ്രിയപ്പെട്ടതെല്ലാം നാം ഹൃദയത്തോട് ചേർത്ത് പിടിച്ചാണ് സ്വീകരിക്കാറുള്ളത്. പ്രിയപ്പെട്ട അതിഥിയെ ഹൃദയത്തിന്റെ ഭാഷയിൽ സ്വാഗതം ചെയ്യുന്നു.  ഈ ശുദ്ധിയും കരുതലും ഹൃദയാരോഗ്യത്തിന്റെ സംരക്ഷണത്തിലും ഉണ്ടാകണം. കഴിക്കുന്ന ഭക്ഷണത്തിൽ ഹൃദയാരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഒപ്പം ആരോഗ്യകരമായ ജീവിതശൈലിയും പിന്തുടരണം.

ഹൃദയം എന്ന അദ്ഭുതയന്ത്രം

ചുരുട്ടിപിടിച്ചിരിക്കുന്ന ഒരു മുഷ്ടിയുടെ അത്രയും വലുപ്പം മാത്രമാണ് ഹൃദയത്തിനുള്ളത്.ഭാരം 300 ഗ്രാം. എന്നാൽ നാം ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും പ്രവർത്തികളിൽ ഏർപ്പെടുമ്പോഴുമൊക്കെ വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ഹൃദ യം ചെയ്യുന്ന ജോലികൾ അവിശ്വസനീയമാണ്. ഹൃദയം ഒരുലക്ഷം തവണയാണ് ദിവസവും മിടിക്കുന്നത്. ജീവിതകാലം  മുഴുവൻ  ഹൃദയം ചെയ്യുന്ന ജോലിയിൽ നിന്ന് ഉണ്ടാകുന്ന ഊർജം ചന്ദ്രനിലേക്കും തിരിച്ചും വാഹനമോടിക്കാൻ  പര്യാപ്തമാണത്രേ. ഇങ്ങനെയുള്ള ഹൃദയത്തെ നാം പൊന്നുപോലെ  സംരക്ഷിക്കേണ്ടേ.

ശീലമാക്കാം സമീകൃതാഹാരം

പഴങ്ങളിലും പച്ചക്കറിയിലും അടങ്ങിയിരിക്കുന്ന ഫ്ലവനോയ്ഡുകൾ, ഫൈറ്റോകെമിക്കലുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ ഹൃദയസംരക്ഷക പോഷകങ്ങളായതുകൊണ്ട് ധാരാളം കഴിക്കാം. ആപ്പിൾ, പപ്പായ, മുന്തിരി, മാങ്ങ പൈനാപ്പിൾ എന്നിവയൊക്കെ ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. പച്ചക്കറികളിൽ അടങ്ങിയിരിക്കുന്ന കരോട്ടിനോയ്ഡുകളും ഫ്ലവനോയ്ഡുകളും ഹൃദ്രോഗത്തെ പ്രതിരോധിക്കുന്നു. ധാന്യങ്ങളിലും പച്ചക്കറികളിലും പഴങ്ങളിലും  ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകൾ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

മത്സ്യം ഹൃദയാരോഗ്യവിഭവമാണ്. മത്സ്യത്തില്‍ അടങ്ങിയിട്ടുള്ള ഒമേഗ–3 ഫാറ്റി ആസിഡുകൾ നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കൂട്ടുന്നു. ഒപ്പം രക്തത്തിലെ കൊഴുപ്പ് ഘടകമായ ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കുന്നു. മത്തി, അയല തുടങ്ങിയ കടൽ മത്സ്യങ്ങൾ കറി വച്ചു കഴിക്കുന്നതാണ് നല്ലത്.

ഇവ ഒഴിവാക്കാം

ഹൃദയത്തെ കാക്കണമെങ്കിൽ നമുക്ക് ഇഷ്ടമുള്ള പല വിഭവങ്ങളും ഒഴിവാക്കേണ്ടി വരും. ഉപ്പിനോടും മധുരത്തോടുമുള്ള അമിത താൽപര്യം വേണ്ട. പഞ്ചസാര, മധുരപലഹാരങ്ങൾ എന്നിവ  രക്തത്തിലെ കൊഴുപ്പു നില ഉയർത്തും. ചോക്‌ലേറ്റ്, ഐസ്ക്രീം, ബേക്കറി പലഹാരങ്ങൾ തുടങ്ങിയവ ഹൃദ്രോഗത്തിന് നന്നല്ല. ഉപ്പിന്റെ അമിത ഉപയോഗം രക്താതിമർദത്തിനു കാരണമാകും. പപ്പടവും ഫാസ്റ്റ് ഫൂഡ് വിഭവങ്ങളുമൊക്കെ ഒഴിവാക്കണം. ചോറിലും കഞ്ഞിയിലുമൊക്കെ ഉപ്പൊഴിച്ച് കഴിക്കുന്നതും നിർത്തണം. കൊഴുപ്പടങ്ങിയ പാൽ, വെണ്ണ, നെയ്യ് എന്നിവ ഹൃദ്രോഗസാധ്യത വർധിപ്പിക്കും. കോള, ടിന്നിലടച്ച പാനീയങ്ങൾ എന്നിവ ഒഴിവാക്കണം.
സാവധാനം കഴിക്കണം

ഭക്ഷണം കഴിക്കുന്ന രീതി പോലും ഹൃദയാരോഗ്യത്തെ സ്വാധീനിക്കും. ധൃതി പിടിച്ച് വാരി വിഴുങ്ങുന്നവർ പൊണ്ണത്തടിയൻമാരാകാൻ സാധ്യതയേറെയാണ്. ആഹാരം നന്നായി ചവച്ചരച്ച് കഴിക്കുന്നത് അമിത വണ്ണം ഒഴിവാക്കാൻ സഹായിക്കും. ധാരാളം വെള്ളം കുടിക്കണം.

മെഡിറ്ററേനിയൻ ഡയറ്റ്

ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ചതാണ് മെഡിറ്ററേനിയൻ ഡയറ്റ്. ഒലിവെണ്ണ, പഴങ്ങ ൾ, പച്ചക്കറികൾ എന്നിവ ധാരാളം ഉൾക്കൊള്ളുന്നതാണ് ഈ ഡയറ്റ്. ഒലിവെണ്ണ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ചുവന്ന മാംസത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കണം. മത്സ്യം  മെഡിറ്ററേനിയൻ ഡയറ്റിലെ മുഖ്യ ഇനമാണ്.

ഡോ. ബി. പത്മകുമാർ, പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, തിരുവനന്തപുരം.