Friday 19 January 2018 05:36 PM IST : By സ്വന്തം ലേഖകൻ

വേഴാമ്പലുകളുടെ സംരക്ഷണത്തിനായി വേഴാമ്പൽ ഉൽസവം; സഞ്ചാരികൾക്കായി ട്രക്കിങ്ങും ഫോട്ടോ മത്സരവും!

hornbill-festival1

വംശനാശ ഭീഷണി നേരിടുന്ന വേഴാമ്പലുകളുടെ സംരക്ഷണത്തിനായി വേഴാമ്പൽ ഉൽസവം (ഹോൺബിൽ) സംഘടിപ്പിക്കുന്നു. ഫെബ്രുവരി രണ്ടു മുതൽ നാലു വരെ ഉത്തര കന്നഡ ജില്ലയിലെ കാളി കടുവസങ്കേതത്തിലാണിത്. കർണാടക വനംവകുപ്പ്, ടൂറിസം വികസന കോർപ്പറേഷൻ, ഇക്കോ ടൂറിസം വികസന കോർപ്പറേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി.

മലമുഴക്കി വേഴാമ്പൽ (ഇന്ത്യൻ ഗ്രേ), കോഴി വേഴാമ്പൽ (മലബാർ ഗ്രേ), പാണ്ടൻ വേഴാമ്പൽ (മലബാർ പൈഡ്) എന്നീ ഇനങ്ങളാണ് ഇന്ന് ഏറെ ഭീഷണി നേരിടുന്നത്. ഇവയുടെ സംരക്ഷണം കൂടി ലക്ഷ്യമിട്ടാണ് ഉൽസവം സംഘടിപ്പിക്കുന്നതെന്ന് ഡെപ്യൂട്ടി കൺസർവേറ്റർ ഡോ.എസ്.രമേശ് പറഞ്ഞു. സംസ്ഥാനത്ത് കൂടുതൽ വേഴാമ്പലുകളെ കാണുന്നത് ദണ്ഡേലി താലൂക്കിലെ ഹാലിയാൽ, ജോയിഡ നിത്യഹരിത വനങ്ങളിലാണ്.

സഞ്ചാരികൾക്കായി ട്രക്കിങ്, ഫോട്ടോ മൽസരം എന്നിവയും ഒരുക്കിയിട്ടുണ്ട്. ദണ്ഡേലിയിലെ വനംവകുപ്പ് റെസ്റ്റ് ഹൗസിലാണ്  മൂന്ന് ദിവസത്തെ ക്യാംപ് ഒരുക്കിയിരിക്കുന്നത്. പ്രവേശനത്തിനും താമസത്തിനും ഫീസുണ്ട്. ഓൺലൈൻ ബുക്കിങിനും ഫോട്ടോ ഗ്രാഫി മൽസരത്തിൽ പങ്കെടുക്കുന്നതിനും വെബ്സൈറ്റ്: www.myecotrip.com