Thursday 09 August 2018 05:35 PM IST : By സ്വന്തം ലേഖകൻ

ഭക്ഷണം കേടുകൂടാതെ ഫ്രിഡ്ജിൽ സൂക്ഷിക്കും, എന്നാൽ ഫ്രിഡ്ജിനെ എങ്ങനെ സൂക്ഷിക്കണം? മറക്കരുത് ഈ കാര്യങ്ങൾ

fridge

ഫ്രിഡ്ജിൽ ഭക്ഷണം സൂക്ഷിക്കുന്നതിനേക്കുറിച്ചുള്ള കൃത്യമായ അറിവ് ഓരോരുത്തർക്കും ആവശ്യമാണ്. രോഗങ്ങൾ വരാതെയിരിക്കാന്‍ മാത്രമല്ല ആരോഗ്യകരമായ ഭക്ഷണശീലം ഉണ്ടാക്കാനും അതു നമ്മെ സഹായിക്കും.

∙ പഴങ്ങളും പച്ചക്കറികളും വെവ്വേറെ വയ്ക്കുക. പച്ചക്കറിക ൾ ഏറ്റവും താഴത്തെ തട്ടിൽ വയ്ക്കുന്നതാണ് ഉത്തമം. അവിടെ ഊഷ്മാവ് പത്തു ഡിഗ്രി സെൽഷ്യസിൽ താഴെയായിരിക്കും. ആ തണുപ്പാണ് പച്ചക്കറികൾക്ക് നല്ലത്.

∙ തൈര്, വെണ്ണ, ചീസ്, പാൽ എന്നിവ ഫ്രിഡ്ജിന്റെ മുകൾത്തട്ടിലാണ് സൂക്ഷിക്കേണ്ടത്.

∙ വെള്ളം, സോഫ്റ്റ് ഡ്രിങ്ക്സ്, കറിപ്പൊടികൾ എന്നിവ ഡോറിന്റെ വശങ്ങളിലുള്ള റാക്കുകളിൽ വയ്ക്കുക.

∙ചില്ലു കുപ്പികൾ ഫ്രീസറിൽ വയ്ക്കരുത്. തണുപ്പു കൂടി കുപ്പി പൊട്ടാൻ സാധ്യതയുണ്ട്.

∙ ഫ്രീസറിന്റെ തൊട്ടു താഴെ മുട്ടകൾ വച്ചാൽ തണുപ്പു കൂടി പൊട്ടാനുള്ള സാധ്യതയുള്ളതുകൊണ്ട് നടുവിലെ ഷെൽഫിൽ വയ്ക്കുക.

∙ ബാക്കി വന്ന ഭക്ഷണം ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ അലുമിനിയം ഫോയിൽ പേപ്പർ കൊണ്ടോ ക്ലിങ്ഫിലിം കൊണ്ടോ പാത്രത്തിന്റെ അടപ്പുകൊണ്ടോ അടച്ചുവയ്ക്കുക. അല്ലെങ്കിൽ ഭക്ഷണത്തിലെ ഈർപ്പം നഷ്ടപ്പെട്ട് ചീത്തയാകാനിടയുണ്ട്.

∙ പാകം ചെയ്യാത്ത ഇറച്ചി കവറുകളിലാക്കി നന്നായി പൊതിഞ്ഞു മാത്രമേ ഫ്രീസറിൽ സൂക്ഷിക്കാവൂ.

∙ കാനുകളിലേയും ടിന്നുകളിലേയും ഭക്ഷണം ഉപയോഗിച്ചു കഴിഞ്ഞ് ബാക്കി വന്നാൽ നന്നായി അടച്ചോ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയോ സൂക്ഷിക്കണം.

∙ പാകം ചെയ്തതും ചെയ്യാത്തതും ഒരുമിച്ച് ഒരേ റാക്കിൽ സൂക്ഷിക്കരുത്.

∙ ഫ്രീസറിലെ ഭക്ഷണം രണ്ടാഴ്ച വരെയും ഫ്രിഡ്ജിലേത് മൂന്നു ദിവസം വരെയും സൂക്ഷിച്ചുവച്ച് ഉപയോഗിക്കാം.

∙ ഫ്രിഡ്ജിൽ നിന്നെടുത്ത ഭക്ഷണസാധനങ്ങൾ നേരിട്ടു ചൂടാക്കാതെ ഡബിൾ ബോയിലിങ് വഴി ചൂടാക്കുന്നതാണ് ആ രോഗ്യകരം.

∙ ഫ്രിഡ്ജിൽ നിന്നെടുത്ത് ചൂടാക്കിയ ഭക്ഷണം വീണ്ടും ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കരുത്.

∙ പാചകം ചെയ്ത ഭക്ഷണം ഫ്രിഡ്ജിൽ വയ്ക്കണമെന്നുണ്ടെങ്കിൽ ചൂടാറിയാലുടൻതന്നെ വയ്ക്കുക.

ഡീഫ്രോസ്റ്റ് ചെയ്യുമ്പോൾ

ഫ്രീസറിൽ വച്ച മത്സ്യ മാംസങ്ങൾ ഡീഫ്രോസ്റ്റ് ചെയ്യാനായി പുറത്തെടുത്ത് വയ്ക്കുന്നതിനു പകരം ഫ്രിഡ്ജിന്റെ താഴെത്തട്ടിലേക്കു മാറ്റി വച്ചാൽ മതി. രാത്രിയാണു വയ്ക്കുന്നതെങ്കിൽ രാവിലെയാകുമ്പോഴേക്കും ഡീഫ്രോസ്റ്റ് ചെയ്തു കിട്ടും. പുറത്തെടുത്താൽ വേഗം ത ന്നെ പാകം ചെയ്യാൻ ശ്രദ്ധിക്കുക. അതുപോലെ ഉയർന്ന ചൂടിൽ വേണം ഇവ പാകം ചെയ്യാൻ. അല്ലെങ്കിൽ കഷ്ണങ്ങളുടെ ഉള്ളിലേക്ക് ചൂടു ചെല്ലില്ല.

ഡീഫ്രോസ്റ്റ് ചെയ്ത ഭക്ഷണം 24 മണിക്കൂറിനുള്ളി ൽ ഉപയോഗിക്കണം. ഫ്രിഡ്ജിൽ വച്ച ചാറു കറികള്‍ ഉപയോഗിക്കുന്നതിനു മുമ്പ് നന്നായി തിളക്കുന്നതുവരെ ചൂടാക്കണം. ആവിയിൽ വയ്ക്കുന്നവ നന്നായി ആവി വരുന്നതുവരെ ചൂടാക്കണം.