Saturday 18 August 2018 11:05 AM IST : By സ്വന്തം ലേഖകൻ

ആത്മിയയ്ക്ക് കൂട്ടായി ആത്മികും! ജയപ്രകാശ് പങ്കുവച്ച കുടുംബചിത്രത്തിൽ പുതിയ അതിഥിയും

jayaprakash23

അപകടത്തിൽ മുഖം നഷ്ടപ്പെട്ട പെൺകുട്ടിയോടു മനസിന്റെ മണിച്ചെപ്പിൽ മയിൽപ്പീലി പോലെ കാത്തുവച്ച പ്രണയം പങ്കുവയക്കുമ്പോൾ ജയപ്രകാശിന് ഒന്നേ അറിയാമായിരുന്നുള്ളൂ... അവളെ താൻ സ്നേഹിക്കുന്നതു പോലെ മറ്റാർക്കും സ്നേഹിക്കാൻ കഴിയില്ല. ആശുപത്രിയിലെ വേദനക്കിടക്കയിൽ അവൻ അവൾക്കു പകുത്തു നൽകിയത് അവന്റെ ഹൃദയമായിരുന്നു. സങ്കടക്കടലിൽ ഒരുമിച്ചു നീന്താമെന്ന് അവൻ കൊടുത്ത വാക്ക് നെഞ്ചോടു ചേർത്ത അവൾ അവന്റെ ആത്മാവിന്റെ ഭാഗമായി. അവന്റെ സ്നേഹത്തിന് അവൾ പകരമായി നൽകിയത് പൊന്നുപോലുള്ള രണ്ടു കുഞ്ഞുങ്ങളെയാണ്. ഇതാദ്യമായി ജയ് തന്റെ രണ്ടാമത്തെ കുഞ്ഞും കൂടിയുള്ള കുടുംബ ചിത്രം പങ്കുവച്ചിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിന് ഇതിനോടകം രണ്ടു ലക്ഷത്തിലധികം ലൈക്കുകളും അരലക്ഷത്തിൽ അധികം ഷെയറുകളും ലഭിച്ചു. ജയപ്രകാശിന്റെയും സുനിതയുടെയും പ്രണയകഥ ’വനിത’ അടക്കമുള്ള മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. പ്ലസ് ടൂ ക്ലാസ് മുറിയിൽ തുടങ്ങിയതാണ് ജയ്ക്ക് സുനിതയോടു പ്രണയം. അവളുമായുള്ള സൗഹൃദം നഷ്ടമാകുമോ എന്ന ഭീതിയിൽ അവൻ അതു തുറന്നു പറഞ്ഞില്ല. പ്ലസ് ടൂവിനു ശേഷം സുനിത ഫിസിയോതെറപ്പി പഠിച്ച് ജോലി നേടി. ഒരിക്കൽ സുഹൃത്തുക്കളുടെ കാറിൽ കോയമ്പത്തൂരുള്ള വീട്ടിലേക്ക് അമ്മയുടെ അടുത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

മദ്യപാനിയായ അച്ഛനുമൊത്ത് പട്ടിണിയിൽ തള്ളി നീക്കിയിരുന്ന ജീവിതം കരകയറുമ്പോഴായിരുന്നു ദുരന്തം വീണ്ടും എത്തുന്നത്. ഡിവൈഡറിൽ ഇടിച്ചു കാർ മൂന്നു വട്ടം മലക്കം മറിയുമ്പോൾ സുനിതയുടെ തല കാറിനു വെളിയിലേക്ക് വന്നതാണ് മുഖം നഷ്ടമാകാൻ കാരണം. അശുപത്രിയിൽ ബോധം വീണ്ടെടുത്ത് വിശ്രമിക്കുന്നിതിനിടെയാണ് ആ ഫോൺ കോൾ, ജയപ്രകാശിന്റെ. അന്ന് അയാൾ അവളോട് തന്റെ ഹൃദയം തുറന്നു. ‘ നിന്നെ ഞാൻ സ്നേഹിക്കും പോലെ മറ്റാർക്കും സ്നേഹിക്കാൻ കഴിയില്ല’.

പൊട്ടിച്ചിരി ആയിരുന്നു അവളുടെ മറുപടി. തുടർന്നുള്ള രണ്ടു വർഷം അവളുടെ നിഴലായി ജയ് ഒപ്പമുണ്ടായിരുന്നു. ശസ്ത്രക്രിയകൾക്കു ശേഷം ഉണരുമ്പോൾ അവൾ കാണാൻ ആഗ്രഹിച്ചതും ജയ്യുടെ ചിരിച്ചുകൊണ്ടുള്ള മുഖമായിരുന്നു. രണ്ടു വർഷത്തിനു ശേഷം അവർ വിവാഹിതരായി. സാമ്പത്തികമായി ഒരു പാട് പ്രശ്നങ്ങൾക്കിടയിലും ജീവിതത്തിലേക്ക് സുനിതയെ കൈപിടിച്ചു കൊണ്ടുവരുമ്പോൾ പലരും എതിർത്തു. ഈ പ്രണയത്തിന് ആയുസ്സ് അധികം ഉണ്ടാവില്ലെന്ന് പലരും വിധിയെഴുതി. പക്ഷേ കാലം അവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ജയപ്രകാശ് സുനിതയുടെ കൈകളിൽ മുറുകെ പിടിച്ചു. അവർ ജീവിതം ഒരുമിച്ചു താണ്ടി. ഇപ്പോൾ ആത്മിയക്ക് കൂട്ടായി ആത്മികും. ആ ചെറിയ കുടുബത്തിൽ ഒരാൾ കൂടി എത്തി. ഒരു പ്രഭാതവും പുതിയ സ്വപ്നങ്ങളാണ്  ആ കുടുംബത്തിന് നൽകുന്നത്. പ്രതീക്ഷയുടെ പുതിയ പുലരിയിലേക്ക് ഉണർന്നെണീക്കുമ്പോൾ സുനിത നന്ദി പറയുന്നത് ദൈവത്തിനാണ്, ജീവിതത്തിൽ പ്രണയം നിറയ്ക്കുന്നതിന്...

കാലം തെളിയിച്ചു അവരുടെ പ്രണയം സത്യമാണെന്ന്; മുഖം തകർന്നുപോയിട്ടും പ്രണയിനിയെ സ്വന്തമാക്കിയ യുവാവിന്റെ കഥ