Friday 19 January 2018 09:54 AM IST : By സ്വന്തം ലേഖകൻ

ജോബിനെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ സുഹൃത്തുക്കൾ; പൊട്ടിക്കരഞ്ഞ് സഹോദരി ടീന

kollam-jithu-family.jpg.image.784.410 ജിത്ത‌ുവിന്റെ മൃതദേഹത്തിനു മുന്നിൽ പൊട്ടിക്കരയുന്ന സഹോദരി ടീനയും അച്ഛൻ ജോബും.

ഏക മകന്റെ വേർപാടും മകന്റെ മരണത്തിനു കാരണക്കാരിയായ സഹധർമിണിയെയും ഒ‍ാർത്തു മനംനൊന്തു കുരീപ്പള്ളിയിലെ സെബദി എന്ന വീടിന്റെ പടിവാതുക്കൽ കണ്ണീരണിഞ്ഞു നിൽക്കുന്ന ജോബ് ജി.ജോണിനെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കഴിഞ്ഞില്ല. ഇത്തരത്തിലൊരു ദുരവസ്ഥ ഉണ്ടാകുമെന്നു ജോബ് ജി.ജോൺ ഒരിക്കലും കരുതിയില്ല.

ചിരിച്ചും കളിച്ചും സന്തോഷത്തോടെയും കുടുംബജീവിതം തള്ളിനീക്കുന്ന ഇവരുടെ വീട്ടിലേക്കു കരിനിഴലായി എത്തിയ സംഭവങ്ങൾ ഈ ഗൃഹനാഥനെ വല്ലാതെ തളർത്തി. ഏക മകന്റെ വേർപാടും ഇതിനു കാരണക്കാരി തന്റെ പ്രിയതമയാണെന്ന സത്യവുമായി പൊരുത്തപ്പെടാൻ ജോബ് ജി.ജോണിനു കഴിഞ്ഞിട്ടില്ല. ഏറെക്കാലം വിദേശത്തായിരുന്ന ജോബ് ജി.ജോൺ നാട്ടിലെത്തി ബന്ധുവുമായി സഹകരിച്ചു ഫാർമസി നടത്തിവരികയാണ്.

എല്ലാ കുടുംബത്തിലും ഉണ്ടാകുന്ന ചില അസ്വാരസ്യങ്ങളൊഴിച്ചാൽ മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഇന്നലെ രാവിലെ മുതൽ വീടിനു മുന്നിൽ നിറകണ്ണുകളോടെ കാത്തിരിക്കുന്ന ജോബ് ജി.ജോൺ വൈകിട്ട് മൂന്നോടെ മകന്റെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു. ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ പണിപ്പെട്ടു. വീട്ടിലെ ചടങ്ങുകൾക്കു ശേഷം മൃതദേഹം പള്ളിയിലേക്കു കൊണ്ടുപോകുമ്പോൾ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ നിറകണ്ണുകളോടെ ജോബ് ജി.ജോൺ വേദന കടിച്ചമർത്തി വീടിന്റെ പടിവാതുക്കൽ നിസഹായനായി നിന്നു.

വെട്ടുകത്തി ആര് കൊണ്ടിട്ടു? ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ബാക്കി

ജിത്തു ജോബിന്റെ കൊലപാതകത്തിനു പിന്നിൽ താൻ മാത്രമാണെന്ന അമ്മ ജയമോളുടെ ഏറ്റുപറച്ചിൽ പൊലീസിനു കാര്യങ്ങൾ വേഗത്തിലാക്കിയെങ്കിലും സംശയത്തിന്റെ നിഴലുകൾ ഇപ്പോഴും നിലനിൽക്കുന്നു. നാട്ടുകാരിലും ചില ബന്ധുക്കളിലും ഇത്തരം സംശയങ്ങൾ നിലനിൽക്കുന്നതിനാൽ കൊലപാതകത്തെപ്പറ്റി ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നു.

∙ കൊലപാതകം ഒറ്റയ്ക്കു നടത്തിയെന്ന് അമ്മ മൊഴി നൽകുമ്പോഴും 14 വയസുള്ള മകന്റെ ശരീരം ഒറ്റയ്ക്ക് എങ്ങനെ വീടിനു പുറത്തു കൊണ്ടുവന്നു എന്നതും മതിലിനു പുറത്ത് എത്തിച്ചു എന്നതും സംശയത്തിന് ഇടയാക്കുന്നു.

∙ മനുഷ്യ ശരീരത്തിൽ തീ കത്തിയാൽ ഉണ്ടാകുന്ന ഗന്ധം കിലോമീറ്ററോളം വ്യാപിക്കും. പ്രത്യേകിച്ചും മുടി കത്തിയാൽ.

∙ കൃത്യം നടന്നുവെന്നു പറയുന്ന സമയം മുതൽ ജിത്തു ജോബിനെ കാണാതായി എന്ന വിവരം നാട്ടുകാരും ഭർത്താവും അറിയുന്ന ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇത്രയും പ്രവൃത്തികൾ ജയമോൾ എങ്ങനെ ഒറ്റയ്ക്കു ചെയ്തു?

∙ മൃതദേഹത്തിൽ വെട്ടിയ പാടുകൾ ഇല്ലെന്നും കത്തിച്ചപ്പോൾ മാംസം അടർന്നു പോയതാണെന്നും പറയുന്നു. എങ്കിൽ മൃതദേഹത്തിന് അരികിൽ കണ്ട വെട്ടുകത്തി ആര് കൊണ്ടിട്ടു?

∙ മൃതദേഹം കിടന്ന വാഴത്തോട്ടം ജിത്തു ജോബിന്റെ വീടിന് 600 മീറ്റർ അകലെയാണ്. തിങ്കൾ രാത്രി കൊലപാതകം നടത്തുകയും വാഴത്തോട്ടത്തിൽ ബുധൻ വൈകിട്ടോടെ പൊലീസ് കണ്ടെത്തുകയും ചെയ്തു. ഇത്രയും ദിവസം മൃതദേഹം പറമ്പിൽ കിടന്നുവെങ്കിൽ നായ്ക്കളോ മറ്റോ കടിച്ചുവലിച്ചതിന്റെ ലക്ഷണങ്ങളും കണ്ടില്ല.

∙ സംഭവത്തിൽ ആരെയെങ്കിലും സംരക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടോയെന്നു സംശയം. സംഭവത്തെക്കുറിച്ചു വിശദീകരിക്കാൻ ഇന്നലെ വൈകിട്ടു മാധ്യമ സമ്മേളനം വിളിക്കുമെന്നു പൊലീസ് അറിയിച്ചെങ്കിലും അവസാന നിമിഷം ഒഴിവാക്കിയത് എന്തിന്?

ചീമുട്ട എറിഞ്ഞു

മകനെ നിഷ്ഠുരം കൊന്ന അമ്മയെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ നാട്ടുകാർ കുരീപ്പള്ളിയിലെ സെബദിയിൽ തടിച്ചുകൂടിയിരുന്നു. പൊലീസ് വാഹനത്തിൽ കൊണ്ടുവന്ന പ്രതിയെ വീടിനു മുറ്റത്തേക്കു വാഹനം കയറ്റിയ ശേഷമാണു പുറത്തിറക്കിയത്. അടുക്കളഭാഗത്തേക്ക് അമ്മയെ പൊലീസ് കൊണ്ടുപോകുമ്പോൾ മുൻഭാഗത്തു മകൾ നിറകണ്ണുകളോടെ ഉണ്ടായിരുന്നു.

ജയമോളെ അടുക്കളഭാഗത്തും മുകളിലത്തെ നിലയിലും തീയിട്ട ഭാഗത്തും എത്തിച്ചു തെളിവെടുപ്പു നടത്തി. പിന്നീട് മൃതദേഹം കിടന്ന പറമ്പിലേക്കു കൊണ്ടുപോയി. ഈ സമയം നാട്ടുകാരിൽ ഒരാൾ ജയമോൾക്കു നേരെ ചീമുട്ട എറിഞ്ഞു. പൊലീസ് ലാത്തി വീശി. തെളിവെടുപ്പിനുശേഷം പ്രതിയെ ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.

jithu-murder1

കൂടുതൽ വായനയ്‌ക്ക്