Thursday 13 September 2018 05:08 PM IST : By സ്വന്തം ലേഖകൻ

അടുത്തയാത്ര കാറ്റാടിക്കുന്നിലേക്കായാലോ? വയനാടിനടുത്തുള്ള ഈ ടൂറിസ്റ്റ് സ്പോട്ടിനെക്കുറിച്ച് കൂടുതൽ അറിയാം

wayanad_tourism

വൈത്തിരി: വയനാട് ജില്ലയുടെ പ്രവേശനകവാടമായ ലക്കിടിയിൽ നിന്ന് 10 കിലോമീറ്റർ അകലെ ചുണ്ടേൽ ടൗണിന് തൊട്ടുമുൻപ് ദേശീയപാതയുടെ അരിക് പറ്റിയുള്ള ചോലോട് തേയില എസ്റ്റേറ്റിലാണ് കാറ്റാടിക്കുന്ന് എന്ന വ്യൂ പോയിന്റ്. മൂടൽമഞ്ഞ് കുടമാറ്റം നടത്തുന്ന ചെമ്പ്രയുടെ ചോല വനങ്ങളിലേയ്ക്കും താഴ്​വാരങ്ങളിലേയ്ക്കും കാഴ്ച നൽകുന്ന പ്രകൃതിയുടെ ഒരു കിളിവാതിലാണ് കാറ്റാടിക്കുന്ന്.

രാത്രികാലങ്ങളിൽ സ്വദേശികളും വിദേശികളും ടെന്റുകളിൽ തങ്ങി രാപ്പാടികളുടെ സംഗീതവും മിന്നാമിനുങ്ങുകളുടെ ദീപക്കാഴ്ചയും കോടമഞ്ഞിന്റെ കുളിരും ആസ്വദിക്കാൻ ഇവിടെ എത്താറുണ്ട്. ചെമ്പ്ര മലയിടുക്കുകളിലെ ചോലവനങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന പളുങ്കു സമാനമായ ജലസമൃദ്ധിയാൽ ഒരുക്കിയിരിക്കുന്ന ചെക്ക് ഡാം സന്ദർശകർക്ക് പ്രകൃതിയുടെ തന്നെ ഒരു സ്വിമ്മിങ് പൂളാണ്.

മാത്രവുമല്ല ഏറ്റവും വരണ്ട സമയത്തു പോലും ജലസമൃദ്ധിയിൽ സമ്പന്നവും ശരീരത്തിനും മനസ്സിനും ഒരുപോലെ ഉണർവേകുന്നതുമാണ് ഈ ചെക്ക് ഡാം.കാറ്റാടിക്കുന്ന് സ്ഥിതി ചെയ്യുന്ന തേയിലനിരകൾ പ്രൗഢഭംഗിയേറിയതും പ്രകൃതിയുടെ പച്ചവിരിപ്പിനാൽ സമൃദ്ധവുമാണ്.

കോടമഞ്ഞ് മൂടുന്ന പ്രഭാതങ്ങളും കുളിർക്കാറ്റ് വീശുന്ന സായാഹ്നങ്ങളും ഒക്കെയായി കാറ്റാടിക്കുന്ന് നമ്മുടെ മനംകവരും. ഈ ദൃശ്യവിസ്മയം അറിയുന്ന സന്ദർശകർ വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലും തങ്ങളുടെ തിരക്കുകൾക്ക് അവധി നൽകി കാറ്റാടിക്കുന്നു സവാരിയും സന്ദർശനവും നടത്താറുണ്ട്

ചായയെ അറിയാം, അലിയാം

ചുണ്ടേൽ ∙ ചായ കുടിക്കുന്നവർക്കറിയില്ല ചായയുണ്ടാവുന്ന വഴികൾ. തോട്ടം മേഖലയുടെ പ്രതിസന്ധിയുടെ കാലത്ത് പ്ലാന്റേഷൻ ടൂറിസത്തിന്റെ വഴികൾ തേടുകയാണ് പല തോട്ടമുടമകളും.ചുണ്ടേലിലെ ചേലോട് എസ്റ്റേറ്റിലെ പ്ലാന്റേഷൻ ടൂറിസത്തിന്റെ സൗന്ദര്യം നുകരാൻ നിരവധി പേരാണ് എത്തുന്നത്. തോട്ടത്തിലൂടെയുള്ള പ്ലാന്റേഷൻ വാക്ക്, സൈക്കിൾ സവാരി, ജീപ്പിലൂടെയുള്ള സഫാരി എന്നിവ ഒരുക്കിയിട്ടുണ്ട്.

വർഷങ്ങൾ പഴക്കമുള്ള ടീ ഫാക്ടറിയിൽ കൊളുന്തുവരുന്നതു മുതൽ പൊടിയാകുന്നവരെയുള്ള കാഴ്ചകൾ കാണാനുള്ള സൗകര്യം മാത്രമല്ല വിവിധ ഇനം ചായകൾ രുചിക്കാനുള്ള ഏർപ്പാടുകളും ഉണ്ട്.തേയിലത്തോട്ടങ്ങളിൽ ടെന്റ് അടിച്ച് താമസിക്കാനുള്ള സൗകര്യത്തിനു പുറമേ തോട്ടത്തിനു മുകളിലെ പഴയ ബംഗ്ലാവിനെ നവീകരിച്ച് താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വാർത്തകൾ