Friday 19 May 2017 05:22 PM IST : By സ്വന്തം ലേഖകൻ

ഇവൻ നേച്ചർ, മുഖത്ത് 60,000 തേനീച്ചകളുമായി ജീവിക്കുന്നവൻ! ആളെ കുത്തുന്ന ജീവിയെ മെരുക്കിയ യുവാവ് കൗതുകമാകുന്നു

bees_man

പേര് നേച്ചർ, ജീവിക്കുന്നത് നേച്ചറിന് വേണ്ടി... തൃശൂരുകാരനായ ഈ 21 വയസുകാരൻ യുവാവിനെ ഇങ്ങനെ വിശേഷിപ്പിക്കാം. നേച്ചറിനെ കണ്ടാൽ ആരുമൊന്നു ഞെട്ടും. മുഖം മുഴുവൻ തോനീച്ച പൊതിഞ്ഞിരിക്കുന്നു. കണ്ണും വായുമൊക്കെ കാണണമെങ്കിൽ നല്ല കട്ടിക്ക് തേനീച്ചകളെ വകഞ്ഞു മാറ്റണം. സംസാരിച്ചു തുടങ്ങിയാലോ ഈ ജീവികളെപ്പറ്റി പറയാൻ നൂറു നാവ്. ദേശീയ മാധ്യമങ്ങളിൽ അടക്കം നേച്ചറിനെക്കുറിച്ച് വാർത്തകൾ വന്നതോടെ ആള് ഫേമസായി.

പത്തു നൂറും ആയിരവുമൊന്നുമല്ല നേച്ചറിന്റെ മുഖത്ത് അധിവസിക്കുന്ന തേനീച്ചകൾ. നേച്ചറിന്റെ വാക്കുകളെ വിശ്വസിക്കാമെങ്കിൽ 60,000 വരും. തേനുത്സവവുമായി ബന്ധപ്പെട്ടാണ് നേച്ചർ തിരുവനന്തപുരത്ത് എത്തിയത്. ഇയാളെ കണ്ടതോടെ നഗരം അക്ഷരാർഥത്തിൽ സ്തംഭിച്ചു. നാടൊട്ടുക്ക് ഈ കൗതുക കാഴ്ച കാണാൻ ചുറ്റും കൂടി. പലരും ഒപ്പം നിന്ന് സെൽഫി എടുത്തു. ചിലർക്ക് അറിയേണ്ടിയിരുന്നത് ഇതെങ്ങനെ എന്നായിരുന്നു. കാണുന്നവർക്ക് ഇതു ആളെ കുത്തുന്ന തേനീച്ച ആണെങ്കിലും തനിക്ക് ഇതു പൂമ്പാറ്റയെപ്പോലെ ആണെന്നാണ് നേച്ചറിന്റെ പക്ഷം. കുഞ്ഞുന്നാളിലേ നേച്ചർ ഇവറ്റകളുമായി ചങ്ങാത്തം കൂടി. തേനീച്ച വളർത്തലിന് ദേശീയ അവാർഡ് കിട്ടിയ അച്ഛനായിരുന്നു വഴികാട്ടി. തേനീച്ച കുത്തുമെന്നു പറഞ്ഞാൽ പേടിക്കും മുൻപു തന്നെ അവറ്റകളോട് അടുത്തതിനാലാകാം ഈ സൗഹൃദം എന്നാണ് നേച്ചറിന്റെ പക്ഷേ.

തേനീച്ചകളോട് സമൂഹം കാട്ടുന്ന ദ്രോഹം ഈ ചെറുപ്പക്കാരന് അംഗീകരിക്കാൻ കഴിയുന്നില്ല. ഭൂമിയിൽ നടക്കുന്ന പരാഗണങ്ങളുടെ 60 ശതമാനവും തേനീച്ചകളുടെ സഹായത്തോടെയാണ്. അവയില്ലെങ്കിൽ നമുക്ക് കായ്കനികൾ പോലും ലഭിച്ചെന്നു വരില്ല. എന്നിട്ടും നമ്മൾ എവിടെയെങ്കിലും തേനീച്ചകളെ കണ്ടാൽ ചുട്ടെരിക്കുകയാണ് ചെയ്യുക.– നേച്ചർ ക്ഷുഭിതനാവുന്നു. നമ്മൾ എങ്ങനെ പെരുമാറുന്നോ അങ്ങനെയാകും തേനീച്ചകളും തിരിച്ചു പെരുമാറുകയെന്നും ഇയാൾ പറയുന്നു. ഡാൻസ് കളിക്കാനും ഓടാനും ചാടാനുമൊന്നും നേച്ചറിന് മുഖത്തെ തേനീച്ചകൾ തടസമല്ല. തേനീച്ച വളർത്തലിന് ഡോക്ടറേറ്റ് ആണ് ഈ യുവാവിന്റെ ലക്ഷ്യം. തേനിച്ചകവുമായിത്തന്നെ അത് ഏറ്റുവാങ്ങുകയാണ് സ്വപ്നം.