Thursday 13 September 2018 05:17 PM IST : By സ്വന്തം ലേഖകൻ

97 വയസ്സിലും കിടിലൻ ഡാൻസ് കളിക്കുന്നത് മോദിയുടെ മാതാവോ? കിരൺ ബേദിയുടെ ട്വീറ്റ് ചർച്ചയായപ്പോൾ

modi_mother

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാ ബെന്‍ മോദി ദീപാവലി ദിനത്തിൽ നൃത്തം ചെയ്യുന്ന വിഡിയോ ആണ് സോഷ്യൽമീഡിയയിൽ കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഈ പ്രായത്തിലും എല്ലാ ഉത്സാഹത്തോടെയും ഈ അമ്മ ദീപാവലി ആഘോഷിക്കുന്ന വീഡിയോ എന്ന അടിക്കുറിപ്പോടെ പുതുച്ചേരി ഡപ്യൂട്ടി ഗവര്‍ണര്‍ ആയ കിരണ്‍ ബേദിയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. യോഗാചാര്യൻ സദ്ഗുരുവിന്റെ പേജിൽ നിന്നും ഷെയർ ചെയ്തതാണ് ഇത്. മോദിയുടെ അമ്മ എന്ന പേരിൽ അപ്പോൾ തന്നെ വിഡിയോ ട്വിറ്ററിലും മറ്റ് സമൂഹ മാധ്യമങ്ങളിലും പ്രചരിക്കാനും തുടങ്ങി.

ഗുജറാത്തി ഗാനത്തിനൊത്ത് ഗര്‍ബനൃത്തം ചെയ്യുന്ന അമ്മൂമ്മയെ കണ്ട് വീഡിയോ മോദിയുടെ അമ്മയുടേതാണെന്ന് എല്ലാവരും കരുതി. മാധ്യമങ്ങളും ഇത് വന്‍ പ്രാധാന്യത്തോടെ വാര്‍ത്തയാക്കി. എന്നാല്‍ കുറച്ചു നേരം കഴിഞ്ഞു വീഡിയോയില്‍ കാണുന്നത് മോദിയുടെ അമ്മ അല്ലെന്ന് അറിയിച്ച് സദ്ഗുരു എത്തി. അതോടെ കിരണ്‍ ബേദിയും തനിക്ക് പറ്റിയ അബദ്ധം വിവരിച്ചു. പക്ഷെ ഇപ്പോഴും ഈ അമ്മൂമ്മയുടെ നൃത്തം മോദിയുടെ അമ്മ എന്ന പേരിൽ പ്രചരിക്കുകയാണ്.

അതേ സമയം എന്നത്തെയും പോലെ ഇത്തവണത്തെ ദീപാവലിയും മോദി കശ്മീരിൽ സൈനികർക്കൊപ്പമാണ് ആഘോഷിച്ചത്. ബന്ദിപ്പോറ ജില്ലയിലെ ഗുറേസ സെക്ടറിലെ സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്. കരസേന മേധാവി ജനറൽ ബിപിൻ റാവത്തും പ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു.