Friday 27 July 2018 12:45 PM IST : By സ്വന്തം ലേഖകൻ

രണ്ടാമത് വാങ്ങിയ ചോറ് മിച്ചം വച്ചാൽ 50 രുപ ഫൈൻ! കോട്ടയത്തെ ഹോട്ടലിലെ ഊണു നിയമത്തിന് പിന്നിൽ

food_law

‘ഓറഞ്ച് ലോ ഓഫ് മീൽസ്’, അതാണ് കോട്ടയംകാരുടെ പുതിയ ഉച്ചയൂണ് നിയമം. കേൾക്കുമ്പോൾ കോട്ടയത്തെ അച്ചായന്മാർ ഇറക്കിയ പോർക്കോ ബീഫോ കൂട്ടി ഉള്ള നല്ല തകർപ്പൻ ഊണ് ശീലമാണെന്ന് കരുതേണ്ട. കോട്ടയം നഗരത്തിലെ ഒരു റസ്റ്റോറന്റാണ് ഈ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. കാര്യം സിംപിൾ, പക്ഷെ ഈ നന്മ പകർത്തുകയാണെങ്കിൽ അത് നമ്മുടെ ഭക്ഷണ ശീലം തന്നെ മാറ്റിമറിക്കും. ഒപ്പം ഒരു നേരത്തെ ഭക്ഷണം എങ്കിലും കഴിക്കാൻ വകയില്ലാത്തവർക്ക് ഏറ്റവും വലിയ ഉപകാരവുമാകും അത്.

കോട്ടയം നഗരത്തിലെ ബേക്കർ ജംഗ്ഷനിൽ ഉള്ള ഓറഞ്ച് ഹോട്ട് ഫുഡ്സ് എന്ന റസ്റ്റോറന്റ് ആണ് ഈ നിയമത്തിലൂടെ പുതിയ ഒരു നന്മയുടെ വഴി കാട്ടിത്തരുന്നത്. ഇവിടെ നിന്ന് ഊണ് വാങ്ങിക്കഴിച്ച് രണ്ടാമത് വാങ്ങുന്ന ഊണെങ്ങാനും മിച്ചം വച്ചാൽ 50 രൂപ ആണ് പിഴയായി നൽകേണ്ടത്. ഇതിനായി ഹോട്ടലിൽ തന്നെ ഒരു പോസ്റ്ററും വച്ചിട്ടുണ്ട്.

ഓരോരുത്തരും പിഴ അടച്ച് വാങ്ങുന്ന രസീതുകൾ ഇവിടെ പിൻ ചെയ്ത് വച്ചിട്ടുണ്ട്. അത് ഭക്ഷണം കഴിക്കാൻ വകയില്ലാത്തവർക്ക് വേണ്ടിയാണ്്. അവർക്ക് ഈ കൂപ്പൺ വാങ്ങി ഭക്ഷണം അവിടെ നിന്നു തന്നെ സൗജന്യമായി കഴിക്കാവുന്നതാണ്. ഇനി രസകരമായ മറ്റൊന്നുണ്ട്. മൂന്നാമതെങ്ങാനും ഭക്ഷണം കഴിക്കാൻ വാങ്ങി മിച്ചം വച്ചാലോ... അത്തരക്കാർ 100 രൂപയാണ് പിഴ നൽകേണ്ടി വരുക.

share_a_meal

റസ്റ്റോറന്റിൽ കയറി ആവശ്യമുള്ള ഭക്ഷണം കഴിക്കുന്നവർക്കും ഈ അന്നദാനത്തിൽ പങ്കാളിയാകാം, ഭക്ഷണം പാഴാക്കാതെ തന്നെ. ഇതിനായി 50 രൂപ നൽകി കൂപ്പൺ വാങ്ങി പോസ്റ്ററിൽ പതിച്ചാൽ മതി. ഭക്ഷണം വേണ്ടെങ്കിലും വീണ്ടും വാങ്ങി കഴിക്കുന്നവർക്ക് ഒരു ചെറിയ പണി ആണെന്നു തോന്നുമെങ്കിലും നമ്മൾ ഭക്ഷണം കഴിക്കുന്നതിന്റെ ഒരു പങ്ക് ഇല്ലാത്തവർക്കും നൽകുന്നതിന്റെ നന്മയാണ് ഇതിന്റെ ഹൈലൈറ്റ് എന്ന് തന്നെയാണ് ഇവിടെ ഭക്ഷണം കഴിക്കുന്നവരുടെയും അഭിപ്രായം. പകർത്തിക്കൂടേ നമുക്കും ഈ ലോ ഓഫ് മീൽസ്??