Wednesday 13 June 2018 04:22 PM IST : By സ്വന്തം ലേഖകൻ

തടാകം പൊട്ടിയൊഴുകി, ജനം നോക്കി നിൽക്കെ റോഡ് ഒലിച്ചു പോയി

kannur-road.jpg.image.784.410

ഇരിട്ടി (കണ്ണൂർ) ∙ മാക്കൂട്ടം ചുരത്തിലെ പെരുമ്പാടി തടാകം പൊട്ടിയൊഴുകി, റോഡ് ഒലിച്ചുപോയി. തലശ്ശേരി-കുടക് സംസ്ഥാനാന്തര പാത അടച്ചു. ഉത്തരമലബാറിൽ നിന്നു കർണാടകയിലെ കുടകിലേക്കുള്ള ഗതാഗതത്തിനു വൻ തിരിച്ചടി.തലനാരിഴയ്ക്ക് അപകടത്തിൽ നിന്നു രക്ഷപ്പെട്ട ലോറിഡ്രൈവർ മറ്റു വാഹനങ്ങൾ തടഞ്ഞതിനാൽ അപകടങ്ങൾ ഒഴിവായി. തടാകത്തിന്റെ അതിരിലൂടെ കടന്നുപോകുന്ന സംസ്ഥാനാന്തര പാതയുടെ ഭാഗം മുപ്പതോളം മീറ്റർ നീളത്തിലും പതിനഞ്ചോളം മീറ്റർ താഴ്ചയിലും തകർന്ന് ഒലിച്ചുപോയി.

രാവിലെ 6.25നാണ് മണ്ണിടിയാൻ തുടങ്ങിയത്. ബെംഗളൂരുവിൽ നിന്നു മാർബിളുമായി വന്ന ലോറിയുടെ ഡ്രൈവർ കൂത്തുപറമ്പ് സ്വദേശി മുസ്തഫ റോഡ് ഇടിയുന്നതു ശ്രദ്ധയിൽ പെട്ടതിനെ തുടർന്നു വാഹനം മുന്നോട്ടെടുത്തു നിർത്തുകയും മറ്റു വാഹനങ്ങൾ തടയുകയും ചെയ്തു.ഇടിഞ്ഞ ഭാഗത്തിന്റെ ഇരുവശത്തും ബാരിക്കേഡുകൾ വച്ച് ഗതാഗതം പൊലീസ് തടഞ്ഞു.

ജനങ്ങൾ നോക്കിനിൽക്കെ, മണിക്കൂറുകൾക്കകം റോഡ് പൂർണമായും ഇടിഞ്ഞുവീണ് ഒലിച്ചുപോയി. ഉൾവനത്തിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ സമ്മർദമാണു തടാകം പൊട്ടിയൊഴുകാൻ കാരണമെന്നാണു നിഗമനം.ദിനംപ്രതി ആയിരങ്ങളാണ് ഇതുവഴി യാത്ര ചെയ്യുന്നത്. ഗതാഗതം പൂർണമായി തടഞ്ഞതോടെ, ഇരിട്ടിയിൽ നിന്നു 38കിലോമീറ്ററുള്ള വീരാജ്‌പേട്ടയിൽ എത്താൻ ഇനി മാനന്തവാടി-കാട്ടിക്കുളം-തോൽപെട്ടി-കുട്ട-ഗോണിക്കുപ്പ വഴി നൂറിലധികം കിലോമീറ്റർ അധികം സഞ്ചരിക്കണം.

കൂടുതൽ വായനയ്‌ക്ക്