Friday 27 July 2018 11:54 AM IST : By സ്വന്തം ലേഖകൻ

70 വർഷത്തിനു ശേഷം മഹാരാജാസിന് ചെയർപേഴ്സൺ! ബാർബറായ അച്ഛന്റെ മകൾക്കിത് പോരാട്ടത്തിന്റെ വിജയം

mridula

മഹാരാജാസ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫഐയുടെ മാനം കാത്തത് മ‌ൃദുല എന്ന പെൺകുട്ടി. കോളജിന്റെ 70 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വനിതാ ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട മൃദുല ഗോപിയാണ് വിദ്യാർഥി സംഘടനയുടെ വിജയത്തിൽ തുറപ്പു ചീട്ടായത്. ബികോം അവസാന വർഷ വിദ്യാർത്ഥിയായ മൃദുല ഗോപി തോൽപ്പിച്ചത് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സ്ഥാനാര്‍ത്ഥി ഫുവാദ് മുഹമ്മദിനെയാണ്. കേവലം 121 വോട്ടുകള്‍ക്കാണ് മൃദുല വിജയിച്ചത്.

മുൻ വർഷങ്ങളിൽ മൃഗീയ ഭൂരിപക്ഷത്തിനാണ് എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിക്കാറുള്ളത്. മൃദുലാ ഗോപി 884 വോട്ടുകള്‍ നേടിയപ്പോള്‍ 763 വോട്ടാണ് ഫുവാദിന്റെ സമ്പാദ്യം. സ്ഥിരമായി രണ്ടാം സ്ഥാനത്ത് എത്താറുള്ള കെഎസ് യു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

1948-ലാണ് ഇതിന് മുൻപ് മഹാരാജാസിൽ ഒരു വനിത കോളജ് യൂണിയന് നേതൃത്വം നൽകിയത്.എന്നാൽ മഹാരാജാസിൽ വിദ്യാർത്ഥി സംഘടനകൾ രംഗത്ത് വന്നതിന് ശേഷം ആദ്യമായാണ് ഒരു ചെയർപേഴ്‌സൺ വരുന്നത്. എസ്എഫ്‌ഐ പള്ളുരുത്തി ഏരിയ കമ്മിറ്റിയുടെ വൈസ്പ്രസിഡന്റായ മൃദുല സാനിറ്ററി നാപ്കിന് ജിഎസ്ടിയുടെ ഭാഗമായി അധിക നികുതി ചുമത്തിയതടക്കമുള്ള വിവിധ വിഷയങ്ങളിൽ നടന്ന പ്രതിഷേധങ്ങളുടെ മുന്നണി പോരാളിയാണ്.

മകളുടെ വിജയത്തില്‍ അച്ഛന്‍ ഗോപിയും ഏറെ സന്തുഷ്ടനാണ്. ഒപ്പം അഭിമാനവുമുണ്ട്. കുമ്പളങ്ങി ഇല്ലിക്കല്‍ ജംഗ്ഷനില്‍ ഹെയര്‍ കട്ടിങ് സലൂണ്‍ നടത്തുകയാണ് അദ്ദേഹം. തങ്ങളുടേത് ഒരു പാര്‍ട്ടി കുടുംബമാണെന്നും ചെറുപ്പം മുതല്‍ രാഷ്ട്രീയമറിഞ്ഞാണ് മൃദുല വളര്‍ന്നതെന്നും അദ്ദേഹം പറയുന്നു.

വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ പതിവുപോലെ എസ്എഫ്‌ഐ വലിയ കുതിപ്പാണ് നടത്തിയത്. കോളേജ് യൂണയനിലെ പ്രധാനപ്പെട്ട സീറ്റുകളടക്കം 14ൽ 13 സീറ്റിലും എസ്എഫ്ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സണായി ഷഹാന മൻസൂർ, ജനറൽ സെക്രട്ടറിയായി ജിഷ്ണു ടി.ആർ, കോളജിന്റെ സർവകലാശാല പ്രതിനിധികളായി രാഹുൽ കൃഷ്ണ, ഇർഫാന, ആർട്ട്സ് ക്ലബ് സെക്രട്ടറിയായി അരുൺ ജഗദ്ദീശൻ, മാഗസീൻ എഡിറ്ററായി രതു കൃഷ്ണൻ, വനിത പ്രതിനിധികളായി സാരംഗിയും ശ്രീലേഖയും ഒന്നാം വർഷ പ്രതിനിധിയായി ഒന്നാം വർഷ പിജി പ്രതിനിധിയായി അനുരാഗുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

മൂന്നാം വർഷ പ്രതിനിധിയായ ഫ്രട്ടേണിറ്റിയുടെ ഇസ്ഹാഖ് വിജയിച്ചു. രണ്ടാം വർഷ പ്രതിനിധിയായി സിദ്ദുവും പിജി രണ്ടാം വർഷ പ്രതിനിധിയായി വിദ്യയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കെഎസ്‌യു, എബിവിപി, എഐഎസ്എഫ്, എഐഡിഎസ്ഒ, ക്യാമ്പസ് ഫ്രണ്ട്, ഫ്രന്റേണിറ്റി എന്നി സംഘടനകളാണ് കോളേജ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.