Thursday 13 September 2018 05:12 PM IST : By സ്വന്തം ലേഖകൻ

കാലിപ്േസായുടെ മാന്ത്രികദ്വീപ് കഥയെക്കാള്‍ രസം; ‘മാൾട്ട’ എന്ന മനോഹരതീരത്തേക്ക് രണ്ട് കൂട്ടുകാരികളുടെ യാത്ര

malta_cover

കുട്ടിക്കാലത്ത് വേനലവധിക്കു മുൻപുള്ള ഏതോ ഒരു പഠന ദിവസത്തിലാണ് ‘മാൾട്ട’ എന്ന് ആദ്യമായി കേൾക്കുന്നത്. ഹോമറിന്റെ വിഖ്യാതകാവ്യം ‘ഒഡിസ്സി’ വായിക്കുകയായിരുന്നു. ട്രോജൻ യുദ്ധത്തിൽ വിജയശ്രീലാളിതനായി ഇത്താക്കയിലേക്കു തിരിച്ച ഒഡീസസും കൂട്ടരും കപ്പൽഛേദത്തിൽ പെട്ട് ഒരു ദ്വീപിലെത്തിയത്രേ. അവിടെ സുന്ദരിയും സം ഗീത വിദുഷിയുമായ കാലിപ്സോ എന്ന ദേവത യുടെ മാന്ത്രികവലയത്തിൽ പെട്ട് ഒഡീസസ് ഭാര്യയേയും രാജ്യത്തേയും മറന്ന് ഏഴു വർഷം അ വളുടെ കൂടെ താമസിച്ചു. കാലിപ്സോയുടെ ആ മാന്ത്രികദ്വീപ് ഇന്നത്തെ മെഡിറ്ററേനിയൻ രാജ്യമായ മാൾട്ടയാണെന്ന് ചരിത്രകാരന്മാർ.

ഇംഗ്ലണ്ട് തണുത്തുറഞ്ഞു പോയ ഒരു ഫെബ്രുവരിയിലാണ് ഞാനും കൂട്ടുകാരി കസ്തൂരിയും മാൾട്ടയുടെ ചെറുചൂടിലേക്ക് വിമാനം കയറിയത്. യാത്രകൾ പതിവാണ് ഞങ്ങളുടെ പെണ്‍സംഘത്തിന്. ഒന്നോ രണ്ടോ ദിവസങ്ങൾ നീളുന്ന യാത്രകൾ മുതൽ ഒരു പകലിൽ തിരിച്ചുവരാവുന്ന സ്ഥലങ്ങൾ വരെ ഞങ്ങളുടെ ലിസ്റ്റിൽ പെടും. അങ്ങനെയിരിക്കുമ്പോൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആരെങ്കിലും കൊളുത്തിയിടും ഒരു ചെറു തിരി.

malta06 ഗോസോ ദ്വീപിന്‍റെ വിജനതയില്‍

പിന്നീടത് ആശകളും, ആശങ്കകളും വാദങ്ങളും വാഗ്വാ ദങ്ങളുമായി ഒഴിവു സമയത്തെ നിറയ്ക്കും. അതിനൊടുവിൽ കെട്ട്യോനേം പിള്ളേരേം വിട്ട് ഒരു ഹോൾഡോളുമായി യാത്രയ്ക്കിറങ്ങും, ഞങ്ങളുടെ പെൺസംഘം. ഒരു വീക്കെൻഡ് നീളുന്ന യാത്രകളിൽ കൂടുതൽ ഞങ്ങൾ പ്ലാൻ ചെയ്യാറില്ല.  വീസയ്ക്ക് ഓടാനുള്ള മടി കാരണം ബ്രിട്ടീഷ് പാസ്പോർട്ടുപയോഗിച്ച് യാത്ര ചെയ്യാവുന്ന  യൂറോപ്യൻ യൂണിയൻ രാജ്യങ്ങളാണ് ലക്ഷ്യം. കാഴ്ചകള്‍ കണ്ട് ഒരു കറക്കം, കുറേ ഷോപ്പിങ്, സ്പാ, കൺസേർട്ടുകള്‍. എന്നിങ്ങനെ പെണ്‍താൽപര്യങ്ങള്‍ മാത്രം ഫോക്കസു ചെയ്താണു യാത്രകള്‍.

malta05 മാൾട്ടയിലെ ഡബിൾ ഡക്കർ ബസുകൾ



ഒന്നും പേടിക്കാതെ ഊരുചുറ്റി

യൂറോപ്യൻ യാത്രകളിൽ പൊതുവേ സ്ത്രീക്കു മാത്രമായ സുരക്ഷിതത്വത്തിനെക്കുറിച്ചുള്ള ആശങ്കകൾ കുറവാണ്.  ആണിനു പേടിക്കാനുള്ളതേ പെണ്ണിനും പേടിക്കേണ്ടൂ എന്ന അവസ്ഥ. ഏതു പാതിരാത്രിയിലും  താരതമ്യേന സുരക്ഷിതമായ ഇടങ്ങൾ.  വേണമെങ്കിൽ ‘ക്വീൻ’ സിനിമയിലെ കങ്കണ റാണത്തിനെ പോലെ ‘അഡൽട്ട്സ് ഓൺലി’ ക്ലബിൽ  ഭയമി ല്ലാതെ കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം വരെ നല്‍കുന്ന യൂ റോപ്പ്, സ‍ഞ്ചാരികളുടെ പറുദീസയാണ്.

ഇറ്റലിക്കടുത്ത്, മെഡിറ്ററേനിയൻ കടലിലെ ഒരു ദ്വീപസ മൂഹമാണ്, ലോകത്തിലെ തന്നെ ജനസാന്ദ്രതയേറിയ രാജ്യങ്ങളിലൊന്നായ മാൾട്ട. മെഡിറ്ററേനിയൻ രാജ്യങ്ങളുടെ ട്രേഡ്മാർക്കായ, മേഘങ്ങളൊഴിഞ്ഞ പ്രകാശപൂരിതമായ അ ന്തരീക്ഷവും, നീലനിറത്തിന്റെ ജുഗൽബന്ധിയൊരുക്കുന്ന ശാന്തമായ ബീച്ചുകളും നിറഞ്ഞ ഇടം. ഇംഗ്ലിഷ് ഒരു വിധം ന ന്നായി കൈകാര്യം ചെയ്യുന്ന നാട്ടുകാർ. താരതമ്യേന വില കുറവുള്ള നല്ല ഭക്ഷണം.  ഗതാഗത സൗകര്യങ്ങൾ.. ഒരു ടൂറി സ്റ്റ് കേന്ദ്രമായി തിളങ്ങാൻ മാൾട്ടയ്ക്ക് വിശേഷണങ്ങളേറെ.
‘വാലെറ്റ’ആണ് തലസ്ഥാനം. വെറും ഒരു ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള കുഞ്ഞൻ നഗരം. കഫെ കളും ആഭരണശാലകളും ഡിസൈനർ ബുട്ടീക്കുകളും പരമ്പ രാഗത വ്യാപാര സ്ഥാപനങ്ങളും ആണ് ഇവിടം നിറയെ. ‘വാ ലെറ്റ’യിൽ നിന്നു കുറച്ചകലെ, ബീച്ചിനടുത്ത് ‘സ്ലിമ’യിലെ പാ ലസ് ഹോട്ടലിലായിരുന്നു താമസം. ഡിെെസനര്‍ സ്വീറ്റുകളും സ്പായും നീല സമുദ്രത്തിന്റെ മനോഹരമായ ജനൽക്കാഴ്ചകളുമുള്ള ഈ പഞ്ചനക്ഷത്ര ഹോട്ടൽ നേരത്തെ ബുക് ചെ യ്തതു െകാണ്ടു ചുളുവിൽ കിട്ടി.

കുറഞ്ഞ ചിലവില്‍ കാഴ്ചകളിലൂെട...

യാത്രയ്ക്കു മുൻപ് പോകുന്ന ഇടത്തെപ്പറ്റി നല്ല ഹോംവർക്ക് നടത്തണമെന്ന് അറിയാമെങ്കിലും പല തിരക്കുകൾ മൂലം അതൊന്നും നടന്നില്ല. എന്തിന് ‘ലോൺലി പ്ലാനെറ്റ്’ പോലും എടുക്കാതായിരുന്നു യാത്ര. ഹോട്ടലുകളിൽ ടൂറിസ്റ്റ് ഡെസ്ക്കും ആകർഷണങ്ങളെപ്പറ്റിയുള്ള  ധാരാളം ലഘു ലേഖകളും ലഭിക്കുമെന്ന വിശ്വാ സം ഇവിടെയും തെറ്റിയില്ല. ‘ഹോപ് ഓൺ, ഹോപ് ഓഫ്’ ബസുകളും പ്രൈവറ്റ് ടൂറുകളും തുടങ്ങി ബോട്ട് ട്രിപ്പുകളും ഹെലികോപ്റ്റർ റൈഡുകളും വരെ സ‍ഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട് മാൾട്ട.  കൃത്യമായി പ്ലാൻ ചെയ്ത റൂട്ടിലൂടെ, ആകർഷണങ്ങൾ  മുഴുവൻ കവർ ചെയ്യുന്ന ‘ഹോപ് ഓൺ, ഹോപ് ഓഫ്’ ബസുകളാണ് കുറഞ്ഞ ചെലവിൽ രാജ്യത്തിന്റെ പ്രധാന ഭാഗങ്ങൾ കാണാൻ നല്ലത്.  24 മണിക്കൂറായിരി ക്കും ടിക്കറ്റിന്റെ  കാലാവധി. ഓരോ 20 മുതൽ 30 മിനിറ്റു വ രെ വ്യത്യാസത്തിൽ ബസുകൾ ഓടിക്കൊണ്ടേയിരിക്കും.  കൂ ടെ ചില ഭാഷകളിലുള്ള കമന്ററിയും ഉണ്ടാവും. അടയാളപ്പെ ടുത്തിയ ബസ് സ്റ്റോപ്പുകളിൽ എവിടെ വേണമെങ്കിലും ഇറങ്ങുകയും അവിടെ ആവശ്യത്തിനുള്ള സമയം ചെലവഴിച്ചതിനുശേഷം അതേ കമ്പനിയുടെ മറ്റൊരു ബസിൽ യാത്ര തുടരുകയും ആവാം.

malta02 ഗോേസാ ദ്വീപിലെ തെരുവിൽ കസ്തൂരിയും സീമയും



യൂറോപ്പിലെവിടെയും സാധാരണമായ ആറ് യൂറോയുടെ ബ്രേക്ക്ഫാസ്റ്റ് ഡീലിലെ സ്ഥിരം കോണ്ടിനെന്റൽ ബ്രേക്ക്ഫാസ്റ്റ് (തണുത്ത ക്രോസന്റ്, യോഗർട്ട്, പഴങ്ങൾ, പിന്നെ പേരിനു ടോസ്റ്റും) പ്രതീക്ഷിച്ചെത്തിയ ഞങ്ങൾക്ക് മുൻപിൽ നിറഞ്ഞത് സമൃദ്ധിയുടെ പൊലിമ. ഫ്ലൈറ്റിൽ കൂടെയുണ്ടായിരുന്ന സായിപ്പുമാർ ‘ബേക്കൺ–മുട്ട–സോസേജ്’ അടങ്ങുന്ന തനി ബ്രിട്ടീഷ് ബ്രേക്ക്ഫാസ്റ്റ് തിര‍ഞ്ഞെടുത്തപ്പോൾ തേനും വെയിലത്തുണക്കി ഒലീവ് ഓയിലിൽ  സൂക്ഷിച്ച തക്കാളിയും ആടിന്റെ പാൽകൊണ്ടുണ്ടാക്കിയ ചീസും, ഒലീവ് കായ്കളും, നാൻ പോലെ തോന്നിക്കുന്ന ഫ്ലാറ്റ് ബ്രെഡും തക്കാളി ചേർത്ത് ബേക്ക് ചെയ്ത മെഡിറ്ററേനിയൻ ബണ്ണും കഴിച്ച് ഞങ്ങൾ വളരെ സാഹസികമായി ആദ്യ ദിവസത്തെ നേരിട്ടു.

malta07 തനതു വിഭവങ്ങളുമായി ഒരു ‘തട്ടുകട’

അതാ, ഒരു കാസനോവ

ടൂര്‍ ബസ് കാത്ത് റിസപ്ഷനിൽ നിൽക്കുമ്പോൾ അതാ വരു ന്നു ഒരു അഭിനവ കാസനോവ. ഹോട്ടലിന്റെ  കൺസിയേർജ് ആൻഡ്രൂ. സ്വർണക്കുടുക്കുകളും കിന്നരിയും വച്ച കോട്ടണിഞ്ഞ ഈ അഴകിയ രാവണന് താനൊരു സംഭവമാണെന്ന് സ്വയമൊരു തോന്നലുണ്ടെന്ന് ഞങ്ങൾക്ക് പെട്ടെന്നു പിടികിട്ടി. അൽപം കിന്നാരം കഴിഞ്ഞിട്ടും വലിയ മൈൻഡൊന്നും ചെ യ്യുന്നില്ലെന്നു കണ്ടപ്പോൾ പുള്ളിക്കാരനൊരു ഡൗട്ട്. ‘ആര്‍ യു ലെസ്ബിയന്‍ കപ്പിൾ?’  ‘അതേ ചേട്ടാ... ഹണിമൂണിന് വന്നതാ...’ കസ്തൂരി അവനു മറുപടി മാത്രമല്ല, ഒരു ഫ്ളയിങ് കിസ്സും െകാടുത്തു. പിന്നെ അവിെട നിന്നു പയ്യെ സ്കൂട്ടായി. ബസില്‍ കയറും മുന്‍പു ഞങ്ങളൊന്നു തിരിഞ്ഞു േനാക്കി, അടുത്ത ഇരയുടെ പിന്നാലെ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു ആൻഡ്രൂ.

ക്രീം നിറത്തിൽ കൊത്തുപണികൾ ചെയ്ത കെട്ടിടങ്ങൾ നിറഞ്ഞ തലസ്ഥാന നഗരി കാണാൻ എളുപ്പവഴി നടക്കൽ തന്നെയാണ്.  കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞ കല്ലുപാകിയ ചെറു വീഥികളിലൂടെ അലസമായി നടക്കുന്നതിനിടയിലാണ് ഒരു അദ്ഭുതമായി സെന്റ് ജോൺസ് കത്തീഡ്രൽ മുന്നിൽ വന്നത്.  

പുറമെ വളരെ ലളിതമായ കെട്ടിടമായി തോന്നുമെങ്കിലും സ്വർണത്തിന്റെ അലുക്കു വച്ച വിശദമായ കൊത്തുപണികളും വിലപിടിപ്പുള്ള പെയിന്റിങ്ങുകളും നിറഞ്ഞ ഈ പള്ളി മാൾട്ടയുടെ തന്നെ അഭിമാന പ്രതീകമാണ്. നാലര ലക്ഷത്തോളം വരുന്ന മാൾട്ടീസ് ജനത ഭൂരിഭാഗവും റോമൻ കത്തോലിക്കരാണ്. സ്ഥിരമായി പള്ളിയിൽ പോകുന്നവർ ധാരാളം. 316 ച തുരശ്ര അടി  മാത്രം വിസ്തീർണമുള്ള ഈ രാജ്യത്ത് 350 ൽ ഏറെ പള്ളികളുണ്ടെന്ന് പറയുമ്പോൾ തന്നെ അറിയാമല്ലോ, മതത്തിന് ഈ രാജ്യക്കാർ കൊടുക്കുന്ന പ്രാധാന്യം.
പള്ളികളെ പോലെ തന്നെ മാൾട്ടീസ് ജനതയുടെ അഭിമാന പ്രതീകങ്ങളാണ് യുനെസ്കോ ഹെറിറ്റേജ് സൈറ്റുകളായി തിരഞ്ഞെടുത്തിട്ടുള്ള ഏഴ് മെഗാലിതിക് ടെംബിളുകൾ. ക്രിസ്തുവിനും 4000 വര്‍ഷങ്ങള്‍ക്കു മുന്‍പു പണിതീർത്തതെന്ന് കരുതപ്പെടുന്ന ഈ കൽസ്തൂപങ്ങൾക്ക് ഈജിപ്തിലെ പിരമിഡുകളേക്കാൾ പഴക്കമുണ്ട്.  

കാര്യമായ ചരിത്രമൊന്നുമറിയാതെ ഇറങ്ങിപ്പുറപ്പെട്ട ‍ഞ ങ്ങളെപ്പോലുള്ള സാദാ യാത്രക്കാരെ പക്ഷേ, ഏറ്റവും ആ കർഷിക്കുക പല ഹോളിവുഡ് സിനിമകളിലും തല കാണിച്ച് താരമായ ‘അസൂർ വിൻഡോ’ (Azure Window) ആണ്.  ഇന്ദ്രനീല കടലിലേക്കുള്ളൊരു ജാലകം, അതാണ് അസൂർ വിൻഡോ. ഇളം മഞ്ഞനിറത്തിൽ കടലിലേക്ക് തള്ളി നിൽക്കുന്ന ഈ ആർച് വേ ഏറ്റവുമൊടുവിൽ തല കാണിച്ചത് ഗെയിം ഓഫ് ത്രോൺസിന്റെ ആദ്യ സീസണിലാണ്. (2017 മാർച്ചിലുണ്ടായ ഒരു കൊടുങ്കാറ്റിൽ ഈ അമൂല്യമായ വരദാനം നിലം പൊത്തി. ‘പ്രകൃതി തന്നതിനെ പ്രകൃതി തിരിച്ചെടുത്തു’ എന്ന് മാൾട്ടയുടെ പരിസ്ഥിതി മന്ത്രി അന്നു ട്വിറ്ററിൽ സങ്കടപൂർവം കുറിച്ചു.)

ഉത്സവാേഘാഷമായ് മുക്കുവ ഗ്രാമം

‘യഥാർഥ മാൾട്ട’ കാണണമെന്ന് ആവശ്യപ്പെട്ട ഞങ്ങളെ ബ സ്ഡ്രൈവർ ഇറക്കിയത് മാഴ്സാലോക്ക്  എന്ന മുക്കുവ ഗ്രാ മത്തിൽ. കടും നിറങ്ങളിൽ പെയിന്റ് ചെയ്ത ലസ്സു എന്നറിയപ്പെടുന്ന മത്സ്യബന്ധന ബോട്ടുകളും ‘ഇപ്പോ പിടിച്ച്’ ഗ്രിൽ ചെയ്തു വിളമ്പുന്ന മത്സ്യ റസ്റ്ററന്റുകളും അച്ഛനേം അ മ്മേം ഒഴികെ മറ്റെല്ലാം വിൽക്കാൻ വച്ചിരിക്കുന്ന ഓപ്പൺ എയർ മാർക്കറ്റും ഐസ്ക്രീം സ്റ്റാളുകളുമായി ആകെ ഉത്സവം   നിറ ഞ്ഞ ഒരന്തരീക്ഷം. നാലായിരം ആളുകളേ ആ ഗ്രാമത്തിൽ സ്ഥിര താമസമുള്ളൂവെങ്കിലും ഞായറാഴ്ചകളിൽ മീൻ വിഭവ ങ്ങൾ കഴിക്കാനെത്തുന്ന നഗരവാസികളും ടൂറിസ്റ്റുകളും അ തിന്റെ പല ഇരട്ടി വരും.

malta04 മാൾട്ട ദ്വീപിലെ കാഴ്ച

െെവൻ ഗ്ലാസിനു മുന്നിലെ ഡിന്നര്‍

യാത്രകളിൽ ചെല്ലുന്ന സ്ഥലത്തെ തനതു വിഭവങ്ങൾ രുചിച്ചു നോക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ട് ഞങ്ങൾ. എങ്കിലും മാൾട്ടയുടെ തനതു വിഭവങ്ങളിലൊന്നായ മുയൽ സ്റ്റ്യൂ വേണ്ടെന്നു വച്ച് ‘കാപുന്റ’ എന്നൊരു പാസ്ത – വെജിറ്റബിൾ വിഭവവും റിക്കോട്ട ചീസ് ചേർത്ത ‘പാസ്റ്റിസ്സി’യും തിരഞ്ഞെടുത്തു, ആദ്യത്തെ രാത്രിയിലെ അൽ – ഫ്രെസ്ക്കൊ ഡിന്നറിന്. ചുറ്റിലും രാത്രി ഏറെയായിട്ടും പിരിഞ്ഞു പോകാതെ കുടുംബങ്ങൾ വൈൻ ഗ്ലാസുകൾക്ക്  മുൻപിൽ സൊറ പറഞ്ഞി രുന്നു. അടുത്തുള്ള നൈറ്റ്ക്ലബിൽ നിന്ന് സംഗീതത്തിന്റെ  അ ലകൾ ഒഴുകി പടർന്നു.

മാൾട്ടയിൽ നിന്ന് ഫെറിയിൽ മുപ്പത് മിനിറ്റു ദൂരമേ ഉള്ളെങ്കി ലും, ‘ഗോസോ’ എന്ന ചെറുദ്വീപ് ശാന്തമായ ഒരു ഗ്രാമീണ ജീവിതം നമ്മുെട മുന്നില്‍ വരച്ചിടും. ഒഴിഞ്ഞ ബീച്ചുകളും  കിലോമീറ്ററുകളോളം നീളുന്ന നടപ്പാതകളും അങ്ങിങ്ങായി ചി തറിത്തെറിച്ചു കിടക്കുന്ന ഫാം ഹൗസുകളും നാരങ്ങാത്തോട്ട ങ്ങളും നിറഞ്ഞ ഗോസോ. എവിടെ തിരിഞ്ഞാലും ചെറിയ പള്ളികൾ തലയെടുപ്പോടെ വിലസുന്നു. ഒപ്പം ലോകത്തിലെ തന്നെ  വലുപ്പത്തിൽ ര ണ്ടാമതെന്നു കരുതപ്പെടുന്ന ‘ജാനിറ്റ’ എന്ന പുരാതന അ മ്പലവും. യുനെസ്കോയുെട ലോക െെപതൃക പട്ടികയില്‍ പെടുന്ന ഈ അമ്പലം ഏതോ ദൈവീകശക്തികൾ നേരിട്ട് നിർമിച്ചതാണെന്നാണ് വിശ്വാസം.

ഒരുമിച്ച് യാത്രകൾ ധാരാളം ചെയ്യാറുണ്ടെങ്കിലും, പല കാര്യങ്ങളിലും എനിക്കും കസ്തൂരിക്കും വ്യത്യസ്തമായ രു ചികളാണ്. ചെന്നെത്തുന്ന സ്ഥലത്തിന്റെ പ്രകൃതിയും സംസ്കാരവും ഭക്ഷണവുമാണ് എന്റെ പ്രധാന ആകർഷണങ്ങൾ. എന്നാൽ ഷോപ്പിങ് മാളുകളിലും, വഴിയോര കച്ചവടകേന്ദ്രങ്ങളിലും കയറി ചുളുവിലയ്ക്ക് എന്തെങ്കിലുമൊക്കെ വാ ങ്ങാതെ ഉറക്കം വരില്ല അവള്‍ക്ക്. അങ്ങനെയാണ് ഞങ്ങൾ മ നോഹരമായ ഗ്ലാസ് ശില്പങ്ങൾ വിൽക്കുന്ന, ഗോസോയിലെ ക്രാഫ്റ്റ് വില്ലേജിൽ എത്തിയത്. ഇറ്റലിയിലെ വിശ്വപ്രസിദ്ധ മുറാനോ ഗ്ലാസുകളേക്കാൾ വില കുറവും കാഴ്ചയ്ക്ക് അതീവ ഭംഗിയുള്ളതുമാണ് മാൾട്ടയിലെ കണ്ണാടി ശില്പങ്ങൾ.  കടും നീലനിറത്തിൽ വെള്ളിയിൽ കെട്ടിയൊരു  ലോലാക്ക് വാങ്ങി പടിയിറങ്ങിയപ്പോൾ പഴ്സിൽ നിന്ന് 80 യൂറോ മാറിക്കിട്ടി യിരുന്നു.



ഇവിടെയും ഒരു വിചിത്ര ആചാരം

യാത്രയുടെ അവസാന ദിവസം, വിശപ്പില്ലെങ്കിലും ‘ഇനി നാളെ കഴിക്കാൻ പറ്റില്ലല്ലോ’ എന്ന ബേജാറിൽ വഴിയരികിലെ കടയില്‍ നിന്നു റിക്കോട്ട ചീസ് നിറച്ച പാസ്റ്റിസ്സി എന്ന പലഹാരം വാങ്ങി അവിടെ വച്ചു തന്നെ ആക്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് തൊട്ടടുത്ത ഓഫിസിൽ നിന്ന് ലഞ്ച് കഴിക്കാൻ ഇറങ്ങി വന്ന സുന്ദരിയെ കണ്ടത്. പേസ്ട്രി കഴിക്കാൻ  മറന്ന് ഞങ്ങൾ സുന്ദരിയുടെ പൊക്കമുള്ള ലെതർ ഷൂവിലും തിളങ്ങുന്ന മുടിയിലും ഇറ്റാലിയൻ കട്ടുള്ള സ്കർട് സ്യൂട്ടിലും കണ്ണും നട്ടിരിപ്പായി.  ഈ കൗതുകം കണ്ടാവാം, അ വര്‍ അടുത്തു വന്നു പരിചയപ്പെട്ടു. ‘‘ഞാൻ ഹെലേന. നിങ്ങള്‍ എവിെട നിന്നാണ്?’’

ഒരു മിനിറ്റു െകാണ്ടു ഇന്ത്യയെക്കുറിച്ചും ആര്‍ഷഭാരതസംസ്കാരത്തെക്കുറിച്ചുമെല്ലാം കസ്തൂരി അവര്‍ക്കൊരു ക്ലാ െസടുത്തു. പിന്നെ അവരെ േസാപ്പിടാനായി പറഞ്ഞു, ‘‘ഹിന്ദുക്കളായ ഞങ്ങൾക്ക് നിങ്ങളുെട രാജ്യത്തിന്റെ കാത്തലിക് ട്രഡീഷൻ വളരെ ഇഷ്ടമാണ്.’’
ഹെലേന മനോഹരമായി ഒന്നു ചിരിച്ചു. എന്നിട്ട് വിചിത്രമാ യ ഒരു മാൾട്ടിസ് ആചാരത്തെപ്പറ്റി വിശദമാക്കി. കുട്ടികളുടെ ഒന്നാം പിറന്നാൾ ആഘോഷങ്ങൾക്കിടയിൽ, മുട്ടിലിഴയുന്ന  കുഞ്ഞിനെ ഒരു കാർപെറ്റിൽ വച്ച് കുറേ വസ്തുക്കളുടെ മുന്നിലിരുത്തും. പുഴുങ്ങിയ മുട്ട, കുരിശുമാല, സ്പാനർ, ഡ്രി ൽ, അടുക്കളപാത്രങ്ങൾ തുടങ്ങി ഒരുപാടു സാധനങ്ങള്‍. ഇ വയിൽ ഏതാണോ കുഞ്ഞ് ഇഴഞ്ഞു ചെന്ന് കൈക്കലാക്കുന്ന ത്, അതായിരിക്കുമത്രേ കുഞ്ഞിന്റെ ഭാവിയിലെ ജോലി.  പതിനെട്ടാം നൂറ്റാണ്ടിൽ ഈ ആചാരം പിറന്നപ്പോൾ അന്നു നിലവിലുള്ള ജോലികൾക്കനുസരിച്ചായിരുന്നു കാർപെറ്റിലെ സാധനങ്ങൾ. കുഞ്ഞ് മുട്ട എടുത്താൽ ഭാവിയിൽ വലിയ പ ണക്കാരനാകുമെന്നും കുരിശുമാലയാണെങ്കിൽ പുരോഹിത നാകുമെന്നും, അടുക്കളപാത്രമെങ്കിൽ വീട്ടമ്മയോ, റെസ്റ്ററന്റു ടമയോ ആകുമെന്നുമൊക്കെ വിശ്വാസം.

കാലം മാറിയതനുസരിച്ച് കാൽക്കുലേറ്ററും മൊബൈൽഫോണും സ്റ്റെതസ്കോപ്പും പെയിന്റ് ബ്രഷുമൊക്കെ ലി സ്റ്റിൽ ഇടംപിടിച്ചത്രേ. താൻ തിര‍ഞ്ഞെടുത്തത് കാൽക്കു ലേറ്ററാണെന്ന് ഹെലേന. ജോലി കിട്ടിയിരിക്കുന്നതും കമ്പനി സെക്രട്ടറിയായി. ഒരു പേസ്ട്രി കൂടി പൊതിഞ്ഞു വാങ്ങി, വീ ണ്ടും ഒരു വലിയ പുഞ്ചിരി സമ്മാനിച്ച്, അവര്‍ ഒാഫിസിലേക്കു മടങ്ങി. ടൂറിസ്റ്റ്ഗൈഡുകൾക്കോ യാത്രാവിവരണങ്ങൾക്കോ യൂ ട്യൂബ് വിഡിയോകൾക്കോ ഒപ്പിയെടുക്കാനാവാത്ത ഒന്നുണ്ട് യാത്രകളിൽ. അതു യാത്രയുെട ആത്മാവാണ്. ഒരു നഗര ത്തിന്റെയോ ഗ്രാമത്തിന്റെയോ ആത്മാവറിയണമെങ്കിൽ, അങ്ങോട്ട് എല്ലാം മറന്നു പോണം. അവിടുത്തെ തിരക്കുക ളിലലിയണം. ആൾക്കൂട്ടത്തിൽ ഒരാളായി, ശബ്ദങ്ങളെയും  ഗന്ധങ്ങളെയും ഉള്ളിലേക്കാവാഹിച്ച്, അനുഭവങ്ങളായി, അനുഭൂതികളായി...

malta01

പള്ളിയിലെ ഡ്രസ്േകാഡ്

യൂറോപ്പിലെ പല നഗരങ്ങളേക്കാൾ ‘കണ്‍സർവേറ്റീവ്’  ആണ് മാൾട്ട. പള്ളികളിൽ വ്യക്തമായ ഡ്രസ് കോഡുണ്ട്.  മുട്ടിനു താഴെ വരുന്ന പാവാടകളും തോൾ മറയ്ക്കുന്ന ടോ പ്പുകളും നിർബന്ധം. നിയമങ്ങൾ പാലിക്കാത്ത ടൂറിസ്റ്റുകളെ കാത്തു പള്ളിയുടെ മുൻപിൽ തന്നെ വോളണ്ടിയേഴ്സ് കാണും. അവരുെട െെകകളില്‍ ഷാളുകളും. ശരീരം മറയ്ക്കാൻ വളരെ സൗമ്യമായി അവര്‍ നമ്മെ ഓർമിപ്പിക്കും.
കുഞ്ഞനൊരു ഡെനിം സ്കർട്ടും സ്ലീവ് ലെസ് വെസ്റ്റും ധരിച്ച കസ്തൂരിക്കു പണി കിട്ടി, വാലെറ്റയിലെ സെന്റ് പോൾസ് ചർച്ചിൽ ചെന്നപ്പോൾ. ചൊറിയൻ ഷാൾ (മ റ്റുള്ളവര്‍ ഉപയോഗിച്ച ഷാളിന് കസ്തൂരി ഇട്ട പേര്)  ഇ ഷ്ടമല്ലാത്തതിനാല്‍ അവള്‍ അടുത്തുള്ള കടയിൽ നിന്ന് പുതിയൊരു ഷാൾ വാങ്ങി.
േഷാര്‍ട് മിഡിയിട്ട മദാമ്മമാരും ഷോർട്സ് ധരിച്ചെത്തി യ സായിപ്പുമാരും കടം വാങ്ങിയ ഷാൾ മുണ്ടു പോലെ ഉ ടുത്ത് മറ്റൊരു ഷാള്‍ പുതച്ച് അപ്പോഴും പള്ളിയിലേക്ക് പ്രവേശിക്കുന്നുണ്ടായിരുന്നു.


Travel Tips  

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണു ടൂറിസ്റ്റ് സീസണ്‍. മറ്റു സമയങ്ങളില്‍ പോയാല്‍ ഒാഫ് സീസണ്‍ ഡിസ്കൗണ്ട് കിട്ടും. യൂറോയാണ് കറൻസി.  (1 യൂറോ ഏകദേശം 75 ഇന്ത്യൻ രൂപ).
ബീച്ച് ലൈഫാണ് മാള്‍ട്ടയുടെ പ്രധാന ആകർഷ ണം. പക്ഷേ, ബീച്ചിലിറങ്ങുമ്പോള്‍ ഒരുപാട് ആഴത്തിലേക്ക് പോകരുത്. മാള്‍ട്ടയിലെ തിരകൾ അ പകടകാരികളാണ്. എയർപോർട്ടിൽ നിന്ന് മാള്‍ട്ട യിലെ ഏതു പ്രധാന ടൂറിസ്റ്റ് ലോക്കേഷനിലേക്കും 20 യൂറോ മാത്രമേ ഉള്ളൂ.

(ഈ യാത്രാ വിവരണം വനിതയ്ക്ക് വേണ്ടി തയാറാക്കിയത് സീമ ശ്രീഹരി. (’ഒരുമിച്ചും ഒറ്റയ്ക്കും െപണ്‍ യാത്ര’ എന്ന വനിത മാസിക പ്രസിദ്ധീകരിച്ച പെണ്‍ യാത്രകളെക്കുറിച്ചുള്ള ലേഖനത്തിന്റെ രണ്ടാം യാത്ര നാളെ വായിക്കാം....... )    

ജോലിത്തിരക്കുകളില്‍ നിന്ന് ജനീവയിലേക്ക് പറന്ന മൂന്നു കൂട്ടുകാരികള്‍; ഇതാ ഒരു കിടിലന്‍ പെണ്‍യാത്ര