Tuesday 11 September 2018 02:46 PM IST : By സ്വന്തം ലേഖകൻ

മാരിയത്ത് പറയുന്നു, ലക്ഷ്യങ്ങളുണ്ടാകണം തളർന്ന് പോകരുത്! വീൽചെയറിലെങ്കിലും ഈ ജീവിതവും കരുത്തുറ്റത്

mariath

എട്ടാം വയസ്സില്‍ മദ്രസയിലേക്ക് പോകാന്‍ എഴുന്നേറ്റപ്പോള്‍ നെഞ്ചിന് താഴേക്ക് തളര്‍ന്നുപോയതാണ് മാരിയത്തിന് എന്നാൽ അന്ന് മനസ് പതറിയിടത്തുനിന്ന് ഇന്ന് എഴുത്തുകാരിയും ചിത്രകാരിയുമായി  മാരിയത്ത് വളര്‍ന്നതിന്റെ പിന്നില്‍ മനക്കരുത്താണുള്ളത്, ഒപ്പം ലക്ഷ്യങ്ങളും. നിലമ്പൂര്‍ ചുങ്കത്തറ ചോലശ്ശേരി സെയ്തലവിയുടെയും സൈനബയുടെയും രണ്ടാമത്തെ മകളായ മാരിയത്ത്. കൊച്ചു കുട്ടിയായിരുന്ന മാരിയത്ത് ചിറകൊടിഞ്ഞ ശലഭം പോലെ തളർന്നു വീണപ്പോൾ കൂട്ടുകാരികളെ കാണാൻ പോലും കഴിയാതെ ഒരുപാട് വിഷമിച്ചിരുന്നു. അവൾ സ്കൂളിൽ പോകുമ്പോൾ തനിക്കും പഠിക്കണം എന്ന് അവൾ മനസ്സിലുറച്ചു.

അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ മാരിയത്ത് പഠിച്ചത് സഹോദരിയെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനില്‍നിന്നാണ്. എസ് എസ് എല്‍സി സ്വന്തമായി എഴുതിയെടുത്ത് തരക്കേടില്ലാത്ത മാര്‍ക്കില്‍ വിജയിക്കാന്‍ സാധിച്ചു മാരിയത്തിന്. സഹോദരന്‍ ഫിറോസിന്റെ തോളിലേറി കോളേജിലേക്കുള്ള യാത്രയില്‍ പിന്നെ രണ്ടുകൊല്ലം ചുങ്കത്തറ മാര്‍ത്തോമ കോളേജില്‍ പഠനം. ചിത്രങ്ങളും എഴുത്തുമായിരുന്നു എന്നും ഇവൾക്ക് കൂട്ട്. ചിത്രകല പഠിച്ചിട്ടില്ലെങ്കിലും ജീവിതത്തിന്റെ കേന്‍വാസില്‍ വരച്ചിട്ട ചിത്രങ്ങള്‍ അത്രയും മനോഹരമായിരുന്നു. സാരികളില്‍ തുന്നിയെടുത്ത ചിത്രങ്ങള്‍ക്കൊപ്പം ഉമ്മയെ സഹായിക്കാന്‍ തയ്യലും പഠിച്ചു മാരിയത്ത്.

കാലംമായ്ച്ച കാല്‍പ്പാടുകള്‍ എന്ന പേരിൽ പുസ്തകമെഴുതി മാരിയത്ത് എഴുത്തുകാരിയുമായി. മലയാളത്തില്‍ മാത്രമല്ല കന്നഡ ഭാഷയിലേക്കും ഈ പുസ്തകം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളോട് പൊരുതിയ തന്റെ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തിയ പുസ്തകം വായിച്ചറിഞ്ഞ കാലിക്കറ്റ് സർവ്വകലാശാല അധികൃതര്‍ 2012 ലെ  വനിതാ ദിനത്തില്‍ ഇവരെ ആദരിക്കുകയുണ്ടായി. അന്നത്തെ ആദരിക്കലിനുശേഷം മാരിയത്തിന് സർവ്വകലാശാലയിലെ ജോലിയും തരപ്പെടുത്തി. ഇന്ന് ജീവിതത്തിൽ ലക്ഷ്യങ്ങളാണ് കരുത്തെന്ന് ഈ വനിത തെളിയിക്കുന്നു.