Thursday 13 September 2018 05:07 PM IST : By സ്വന്തം ലേഖകൻ

ഒരു മാസം കഴിഞ്ഞിട്ടും വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചില്ല; ദമ്പതികൾ നഗരസഭാ ഓഫിസ് അടയ്ക്കാൻ സമ്മതിച്ചില്ല

kozhikod-nagarasabha-office.jpg.image.784.410

അപേക്ഷ നൽകി ഒരു മാസം പിന്നിട്ടിട്ടും നഗരസഭാ ഓഫിസിൽ നിന്ന് വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് നഗരസഭാ ഓഫിസ് അടയ്ക്കാൻ ദമ്പതികൾ സമ്മതിച്ചില്ല. ഓഫിസ് ഇതു മൂലം രാത്രിയിലും പ്രവർത്തിച്ചു, ഒടുവിൽ രാത്രി എട്ടരയോടെ സർട്ടിഫിക്കറ്റ് ലഭിച്ചു.

കോട്ടയം കോരൂത്തോട് സ്വദേശി പൂവത്തോട്ട് ജോഷി ജയിംസിന്റെയും കൊടിയത്തൂർ പഞ്ചായത്തിലെ മൈസൂർപറ്റ സ്വദേശിനി നടുപറമ്പിൽ ബിന്ദു ജേക്കബിന്റെയും വിവാഹ സർട്ടിഫിക്കറ്റാണ് സമരത്തെ തുടർന്ന് രാത്രി വൈകി നൽകിയത്. കഴിഞ്ഞ മാസം 11 ന് ഇവർ വിവാഹ സർട്ടിഫിക്കറ്റിനും ജനന സർട്ടിഫിക്കറ്റിനും അപേക്ഷ നൽകി. ഓഫിസുകൾ പലതവണ കയറിയിറങ്ങി.

കഴിഞ്ഞ വ്യാഴാഴ്ചയും ഓഫിസിലെത്തി മണിക്കൂറുകൾ കാത്തിരുന്നിട്ടും ലഭിച്ചില്ല. നാളെ വരാൻ പറയുകയായിരുന്നുവെന്ന് ഇവർ പറയുന്നു. ഇന്നലെ രാവിലെ നഗരസഭാ കാര്യാലയത്തിൽ എത്തി.വൈകുന്നേരം അഞ്ചിന് ഓഫിസ് സമയം കഴിയാറായപ്പോ‍ൾ സാങ്കേതിക തകരാർ പറഞ്ഞ് ബ്ലോക്ക് ടെക്നിക്കൽ അസിസ്റ്റന്റ് സ്ഥലം വിടുകയായിരുന്നുവത്രെ. എന്റർ ചെയ്യുന്നതിന് പകരം ടെക്നിക്കൽ അസിസ്റ്റന്റ് അപേക്ഷ ക്യാൻസൽ ചെയ്യുകയായിരുന്നുവെന്ന് ഇവർ ആരോപിക്കുന്നു.

ഇതോടെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് സാങ്കേതികമായി തടസ്സമായി. വീണ്ടും അപേക്ഷ നൽകുകയെന്നതും ദുഷ്കരമായി. അടുത്ത തിങ്കളാഴ്ച ഇസ്രയേലിൽ ജോലിക്ക് ഇന്റർവ്യൂവിന് ബിന്ദുവിന് ഹാജരാകണമെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് കിട്ടിയേ മതിയാകൂ എന്ന അവസ്ഥയിലാണ് ഓഫിസ് അടയ്ക്കാൻ സമ്മതിക്കാതെ ഇരുവരും ഓഫിസിന് മുന്നിൽ ഇരിപ്പു തുടങ്ങിയത്.

നഗരസഭാ സെക്രട്ടറി തിരുവനന്തപുരത്തായതും പ്രശ്നം സങ്കീർണമാക്കി.നഗരസഭാ ചെയർമാൻ വി.കുഞ്ഞൻ, സ്ഥിരം സമിതി അധ്യക്ഷൻ പ്രശോഭ് കുമാർ പെരുമ്പടപ്പിൽ എന്നിവർ ഓഫിസിലെത്തി. ബ്ലോക്ക് ടെക്നിക്കൽ അസിസ്റ്റന്റ് ഉൾപ്പെടെയുള്ള ജീവനക്കാരെ രാത്രി ഓഫിസിലെത്തിച്ച് എട്ടര മണിയോടെ സർട്ടിഫിക്കറ്റ് ശരിയാക്കി നൽകുകയായിരുന്നു. പത്തു മിനിറ്റു കൊണ്ട് ശരിയാക്കാവുന്ന സാങ്കേതിക തകരാർ ചൂണ്ടിക്കാട്ടിയാണ് ഒരു ദിവസം മുഴുവൻ തങ്ങളെ വട്ടം കറക്കിയതെന്ന് ജോഷിയും ബിന്ദുവും പറയുന്നു.

കൂടുതൽ വായനയ്ക്ക്