Friday 28 September 2018 10:25 AM IST : By സ്വന്തം ലേഖകൻ

സോഷ്യല്‍ മീഡിയ തുണച്ചു! രോഗികളോട് ധിക്കാരപരമായി പെരുമാറിയ ജീവനക്കാരിക്ക് സസ്പെന്‍ഷന്‍

woman_hospital

ഇടുക്കി: ജില്ലാ ആശുപത്രിയില്‍ രോഗികളോട് ധിക്കാരപരമായി പെരുമാറിയ ജീവനക്കാരിയുടെ വിഡിയോ ആയിരുന്നു രണ്ട് ദിവസം സോഷ്യൽമീഡിയയിൽ വൈറലായിരുന്നത്. സംഭവത്തിന്റെ സത്യാവസ്ഥ കണക്കിലെടുത്ത് താത്കാലിക ജീവനക്കാരിയായ ഇവർക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണ വിധേയമായി സസ്‌പെൻഷൻ നൽകി.  കുഞ്ഞുങ്ങളും പ്രായമായവരും അടക്കം ക്യൂ നില്‍ക്കുമ്പോള്‍ രോഗികള്‍ക്ക് ടോക്കണ്‍ നല്‍കാതെ അഹങ്കാരത്തോടെ പെരുമാറുന്ന വനിതാ ജീവനക്കാരിയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ്‌ വലിയ ചർച്ചകൾ വഴിവച്ചത്.

ഇടുക്കി പൈനാവ് സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സംഭവം. ആശുപത്രിയിലെ ഒപി കൗണ്ടറില്‍ ഡോക്ടറെ കാണാനുള്ള ടോക്കൺ നൽകുന്ന ഇടത്ത് വലിയ തിരക്കുണ്ടായിട്ടും ജോലി ചെയ്യാതെ പരസ്പരം സംസാരിച്ചിരിക്കുകയായിരുന്നു ജീവനക്കാരി. ക്യൂ നിന്നവർ ആവശ്യപ്പെട്ടപ്പോൾ ചീട്ട് നല്‍കാന്‍ തയ്യാറാകാതെ ഇവർ താൻ ചീട്ടു നൽകില്ല എന്നു പറഞ്ഞ്  ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് പോവുകയായിരുന്നു. ഇതോടെ രോഗികളായെത്തിയവര്‍ പ്രതിഷേധിച്ചതിനാല്‍ സീനിയര്‍ ഡോക്ടറായ നവാസ് പ്രശ്‌നം പരിഹരിക്കാന്‍ രംഗത്ത് വന്നു. രോഗികളായവര്‍ ഡോക്ടറുടെ നിര്‍ദ്ദേശം പാലിച്ചെങ്കിലും ജീവനക്കാരി ധിക്കാര നടപടി തുടരുന്നതും വിഡിയോയിൽ കാണാം. ഇവര്‍ രോഗികള്‍ക്കെതിരെ കയര്‍ത്ത് സംസാരിക്കുകയും ചെയ്തു.

കൈക്കുഞ്ഞുങ്ങളുമായി അമ്മമാർ, ടോക്കൺ നൽകേണ്ട ആശുപത്രി ജീവനക്കാരിക്ക് സമയമില്ല!

ഇന്നലെ വൈകിട്ടുവരെയും 12 ലക്ഷം പേര്‍ ഈ ദൃശ്യങ്ങള്‍ കണ്ടു. വിഡിയോ ദൃശ്യങ്ങൾ ശ്രദ്ധേയമായപ്പോഴാണ് മുതിര്ന്ന പാർട്ടി പ്രവർത്തകന്റെ ഭാര്യയാ ഇവർക്കെതിരെ നടപടി ഉണ്ടായത്. മുമ്പ് സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരില്‍ സസ്‌പെന്റ് ചെയ്യപ്പെട്ടതായും  ഇവര്‍ കോടതിയെ സമീപിച്ച് ജോലിയിൽ തിരികെ കയറിയതാണെന്നും റിപ്പോർട്ടുകളുണ്ട്.  ഇതില്‍ അന്വേക്ഷണം നടന്നു വരികയുമാണ്. ഇതിനിടയിലാണ് ഇപ്പോഴത്തെ സംഭവം.