Wednesday 25 July 2018 02:38 PM IST

കുട്ടികൾക്കിനി എം എം ആർ വാക്സിനല്ല, എം ആർ വാക്സിൻ; അറിയേണ്ടതെല്ലാം

Rakhi Parvathy

Sub Editor

mr_vaccine

എം എം ആർ വാക്സിൻ ഇനിയില്ല, പകരം എംആർ വാക്സിൻ. ദേശീയ രോഗപ്രതിരോധ പട്ടികയിൽ പെടുത്തി സൗജന്യമായി കൊടുക്കുന്ന വാക്സിനുകളുടെ ഇടയിലേക്കാണ് എംആർ വാക്സിൻ എന്ന പുതിയൊരു വാക്സിൻ ഇടം പിടിക്കുന്നത്. ആശങ്കകൾ വേണ്ട, കുട്ടികളില്‍ കണ്ടു വരുന്ന മാരകമായ മിസില്‍സ്‌ രോഗം നിര്‍മ്മാര്‍ജനം ചെയ്യുന്നതിനും ഗര്‍ഭിണികളില്‍ ഗര്‍ഭഛിദ്രത്തിനും ജനിക്കുന്ന കുട്ടികള്‍ക്ക് അംഗവൈകല്യം ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ റുബെല്ലാ രോഗം തടയുന്നതിനുള്ള വാക്സിൻ ആണിത്. ജനിച്ച് 15 മാസം പ്രായമാകും മുമ്പ് എടുക്കേണ്ട വാക്സിൻ ആണിത്. എങ്കിലും 12 വയസിനകവും എടുക്കാവുന്നതാണ്.  

കേരളത്തിൽ സ്വകാര്യ ആശുപത്രികളിൽ മാത്രം ലഭ്യമായിരുന്ന ഈ വാക്സിൻ സർക്കാർ ആശുപത്രികൾ വഴിയും പ്രൈമറി ഹെൽത്ത് സെന്ററുകൾ വഴിയും ലഭ്യമാക്കിയിട്ടുണ്ടെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ബി പത്മകുമാർ പറയുന്നു. കുട്ടികളെ മാരക രോഗത്തിൽ നിന്ന് രക്ഷിക്കാനുള്ള ഈ വാക്സിൻ ആദ്യ 15 മാസത്തിനുള്ളിൽ എടുക്കുന്നതാണ് ഏറ്റവും ഉചിതം. അഥവാ 15 മാസത്തിനകം എടുത്തില്ല എങ്കിലും വിദഗ്ധ ഡോക്ടറുടെ ഉപദേശ പ്രകാരം 12 വയസിനകവും എടുക്കാവുന്നതാണ്. രോഗപ്രതിരോധ വാക്സിനുകൾ വളരെ ചെറുപ്പത്തിലേ എടുക്കുന്നതാണ് നല്ലത് എന്നതാണ് വസ്തുത.  

തമിഴ്നാട്,  കർണ്ണാടക, ഗോവ, പോണ്ടിച്ചേരി, ലക്ഷദ്വീപ് പ്രദേശങ്ങളിൽ എംആർ വാക്സിന്റെ ആദ്യ ഘട്ടം നൽകി കഴിഞ്ഞു. രണ്ടാം ഘട്ടത്തിൽ കേരളത്തിൽ ഒക്ടോബർ മാസത്തോടെ കൊടുത്തു തുടങ്ങുവാനാണ് സർക്കാർ പദ്ധതി. ദേശീയ പ്രതിരോധ പട്ടികയിൽ പെടുത്താതെ റുബെല്ല എന്ന രോഗത്തിന് എതിരെ ഉള്ള വാക്സിൻ നമ്മൾ കഴിഞ്ഞ രണ്ടു ദശകങ്ങൾ ആയി ഉപയോഗിച്ചിരുന്നു. എന്നാൽ എല്ലാ പ്രതിരോധത്തിനുമായി ഇനി ഏകീകൃത എം ആർ വാക്സിൻ ആകും നൽകുക. ഒക്ടോബർ മാസത്തിനു ശേഷം ഒൻപതു മാസം തികയുന്ന ഓരോ കുഞ്ഞിനും രണ്ടു തവണ എം ആർ വാക്സിൻ നൽകാൻ നിർദേശമുണ്ട്. ഒന്നാമത്തെ ഡോസ് ഒൻപതു മാസം പ്രായം തികയുമ്പോൾ രണ്ടാമത്തെ ഡോസ് പതിനാറു മാസത്തിനും ഇരുപത്തിനാലു മാസത്തിനുമിടയിൽ ആയിരിക്കും.

വാക്സിൻ ലക്ഷ്യമിടുന്നത്

ഒന്നരവർഷത്തിനുള്ളിൽ ഇന്ത്യയിലെ നാൽപ്പത്തി ഒന്ന് കോടിയോളം വരുന്ന കുഞ്ഞുങ്ങൾക്ക് ഈ വാക്സിൻ നൽകും. ഈ രാജ്യത്തു നിന്ന് അഞ്ചാം പനി, റുബെല്ല എന്നീ രോഗങ്ങളെ /രോഗാണുക്കളെ തന്നെ കെട്ടു കെട്ടിക്കുക എന്ന ലക്ഷ്യത്തോടെ എത്തിയ വാക്സിൻ ആണിത്. ഈ രണ്ടു രോഗങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടാവുന്ന പ്രായം പതിനഞ്ചു വയസ്സിൽ താഴെ ഉള്ള കുട്ടികളിലാണ്. അത് കൊണ്ട് തന്നെ 15 മാസം മുമ്പും 12 വയസിനകവും ഉള്ള കുട്ടികൾക്ക് തൊണ്ണൂറ്റി അഞ്ചു ശതമാനം കവറേജ് കൊടുത്താൽ ഈ വൈറസിന് ഈ രാജ്യത്തു നില്ക്കാൻ ഇടമില്ലാതെ ആവും. വസൂരിയിലും പോളിയോ നിർമ്മാർജ്ജനത്തിലും നമ്മൾ തെരഞ്ഞെടുത്ത വഴി.

സുരക്ഷിതമോ

വാക്സിൻ തികച്ചും സുരക്ഷിതമാണ്. ഇതൊരു പുതിയ വാക്സിൻ അല്ല, അമ്പതു കൊല്ലമായി ലോകം മുഴുവൻ കൊടുത്തു കൊണ്ടിരുന്ന മീസിൽസ് റൂബെല്ല വാക്സിനുകളുടെ ഏകീകൃത വാക്സിൻ ആണ്.

ഫലം കണ്ടിരുന്നോ

അമേരിക്കയിൽ എം ആർ വാക്സിനേഷൻ വഴി റൂബെല്ല മുഴുവൻ ആയി നിയന്ത്രിക്കാനായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.‌ ലോകാരോഗ്യ സംഘടനയുടെ കീഴിൽ വരുന്ന പല മേഖലകളിലും രണ്ടായിരത്തി ഇരുപതിൽ ഈ രണ്ടു പകർച്ച വ്യാധികളും തുടച്ചു നീക്കാൻ ആണ് ലക്ഷ്യമിടുന്നത്.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ബി.പത്മകുമാർ, പ്രൊഫസർ, മെഡിസിൻ, തിരുവനന്തപുരം മെഡിക്കൽ കോളജ്