Friday 14 September 2018 12:13 PM IST : By സ്വന്തം ലേഖകൻ

മതമില്ലാത്ത പ്രണയം! മകൾ ക്രിസ്ത്യാനി പയ്യനെ വിവാഹം ചെയ്തു, മഹല്ലിൽ നിന്ന് മുസ്ലിം കുടുംബത്തെ പുറത്താക്കി നോട്ടീസ് ഇറക്കിയത് വിവാദമാകുന്നു

muslim_christian_marriage

പ്രണയത്തിന് മതത്തിന്റെ വേലിക്കെട്ടുകൾ തടസമായപ്പോൾ വിലക്കുകൾക്കു പുല്ലുവില നൽകി ഒന്നായ ദമ്പതികളുടെ കുടുംബത്തെ ഒറ്റപ്പെടുത്തിയ മഹല്ല് കമ്മിറ്റിയുടെ തീരുമാനം വിവാദമാകുന്നു. പെരിന്തല്‍മണ്ണ കൊണ്ടിപ്പറമ്പ് മദാറുല്‍ ഇസ്ലാം സംഘമാണ് മകൾ മറ്റൊരു മതത്തിൽ നിന്നു വിവാഹം ചെയ്തതിന്റെ പേരിൽ സി.പി.എം. ഏരിയാകമ്മിറ്റി അംഗമായ കുന്നുമ്മല്‍ യൂസഫിനെയും കുടുംബത്തെയും മഹല്ല് കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ മതം വിവാഹക്കാര്യങ്ങളില്‍ ഇടപെടേണ്ട എന്ന വ്യക്തമായ തീരുമാനമെടുത്ത കുടുംബം മതനേതാക്കളെ ധിക്കരിച്ച് വിവാഹവുമായി മുന്നോട്ടുതന്നെ പോവുകയായിരുന്നു. ഇതേത്തുടർന്നാണ് മഹല്ല് കമ്മിറ്റി വിലക്കുമായി രംഗത്തുവന്നത്.

യൂസഫിന്റെ മകള്‍ ജസീല ഇതര മതസ്ഥനായ നിലമ്പൂര്‍ സ്വദേശി ടിസോ ടോമിനെ വിവാഹം കഴിച്ചതോടെയാണു സംഭവം. മലപ്പുറം വാട്ടര്‍ അതോറിറ്റിയിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയറാണ് യൂസഫ്. മാതാവ് നജ്മ യൂസുഫ് സി.പി.എം മഞ്ചേരി ഏരിയാകമ്മിറ്റി അംഗവും മുന്‍ വാര്‍ഡംഗവുമാണ്. കഴിഞ്ഞ 19ന് നിലമ്പൂര്‍ രജിസ്ട്രാര്‍ ഓഫീസിലായിരുന്നു ജസീലയുടെയും ടിസോ ടോമിന്റെയും വിവാഹം. അന്നുതന്നെ മഹല്ല് കമ്മിറ്റി വീട്ടുകാരെ പുറത്താക്കിയതായി നോട്ടീസിറക്കി. ഈ നോട്ടീസ് വീട്ടുകാര്‍ക്കു നല്‍കിയിട്ടില്ല.

പിറ്റേന്നു വെള്ളിയാഴ്ച ജുമഅ നമസ്‌ക്കാരത്തിന് ശേഷം പള്ളിയില്‍വച്ച് പുറത്താക്കിയതായി വിളിച്ചുപറയുകയും പള്ളിയിലെ നോട്ടീസ് ബോര്‍ഡില്‍ പതിക്കുകയും ചെയ്തു. 21ന് പാണ്ടിക്കാട് പ്ലസന്റ് ഓഡിറ്റോറിയത്തില്‍വച്ചു വരന്റെ വീട്ടുകാര്‍ വിവാഹസല്‍ക്കാരവും ഒരുക്കിയിരുന്നു. ഇരുകുടുംബങ്ങളുടേയും സമ്മതത്തോടുകൂടി നടന്ന വിവാഹത്തില്‍ മഹല്ല് വിലക്ക് മറികടന്നും നിരവധിപ്പേര്‍ പങ്കെടുത്തിരുന്നു.

അതേ സമയം വിഷയം നിയമപരമായി നേരിടുമെന്ന് ജസീലയുടെ മാതാവ് നജ്മ യൂസുഫ് പറഞ്ഞു. മകള്‍ക്ക് 27വയസുെണ്ടന്നും സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവുണ്ടെന്നും അവര് ചൂണ്ടിക്കാട്ടി. ഇരുവരും അവരവരുടെ വിശ്വാസം അനുസരിച്ചാണ് ജീവിക്കുക. എം.സി.എയും എം.ബി.എയും കഴിഞ്ഞ ജസീല നിലവില്‍ വിദേശത്ത് ജോലിചെയ്തുവരികയാണ്.

സംഭവത്തെക്കുറിച്ച് ജസീലയുടെ മാതൃസഹോദരനായ റഷീദ് സിപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിങ്ങനെ–

ഇന്നലെ എന്റെ (മൂത്താപ്പാന്റെ )പെങ്ങളുടെ മകളുടെ കല്ല്യാണമായിരുന്നു. ജസീലയുടെ അഥവാ ഞങ്ങളുടെ ഇയ്യക്കുട്ടിയുടെ കല്ല്യാണമായിരുന്നു. അവള്‍ക്കിഷ്ടമുള്ള ആളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമവള്‍ക്കുണ്ട്. ടിസോ ടോമിയും അവളും തമ്മിലെ വിവാഹമൊന്നുമല്ല ഇവിടത്തെ ആദ്യ മിശ്രവിവാഹം. രണ്ട് കുടുംബങ്ങളും ഒന്നിച്ച്‌ ആളുകളുടെ പങ്കാളിത്തത്തോടെ നടത്തിയ ഇത്തരം മതരഹിത വിവാഹങ്ങള്‍ ഇവിടെ പതിവല്ല. അത്തരമൊരു കാര്യത്തിന് ധീരത കാട്ടിയ പെങ്ങള്‍ നജ്മ യൂസഫിനും അളിയനും കുടുംബത്തിനും എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍.

മഹല്ല് കമ്മിറ്റിക്ക് ഇതില്‍കുരു പൊട്ടണ്ടകാര്യമൊന്നുമില്ല. മഹല്ല് കമ്മിറ്റി മഹല്ല് കമ്മിറ്റിയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ കാര്യങ്ങള്‍ ഈ കടുംബവുമായി സംസാരിക്കേണ്ടതില്ലാ എന്നാണ് പറഞ്ഞത്. മഹല്ല് കാര്യങ്ങളില്‍ പള്ളിക്ക് പറയാമെന്ന് വാദത്തിന് സമ്മതിച്ചാല്‍ തന്നെ അല്ലാത്ത കാര്യങ്ങളില്‍ വിലക്കാന്‍ എന്ത് അധികാരമാണുള്ളത്. കാര്യങ്ങളുടെ കിടപ്പ് ഇവര്‍ ക്കൊന്നും ഇനിയും മനസ്സിലായിട്ടില്ല. പള്ളി വിചാരിച്ചാല്‍ കാലത്തിന്റെ ഒഴുക്കിനെ തടയാനാവുമോ?

അല്ലെങ്കില്‍ പള്ളിക്ക് തന്നെ നിലനില്‍ക്കാന്‍ എത്ര നാള്‍ കഴിയും എന്നറിയാത്ത വിധം കാവി തീ പടരുന്ന കാലത്ത് ഇങ്ങനെ ചില വിവര ദോഷികള്‍ കാട്ടുന്ന വിവരകേടുകള്‍ ഫാസിസ്റ്റുകള്‍ക്കാണ് ഗുണം ചെയ്യുക. പൊട്ട കുളത്തിലെ തവളകള്‍ ഉണ്ടാക്കുന്ന ഓരോരോ മണ്ടത്തരങ്ങള്‍. ധാരാളം മുസ്ലിങ്ങള്‍, അതും മത വിശ്വാസികള്‍ തന്നെ ഈ കല്ല്യാണത്തില്‍ സജീവമായിരുന്നു എന്ന് നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.