Friday 06 July 2018 11:44 AM IST : By സ്വന്തം ലേഖകൻ

അച്ഛൻ മരിച്ച് രണ്ടരവർഷം കഴിഞ്ഞ് അവൾ പിറന്നു, അച്ഛന്റെ മകളായി; ആ കഥ ഇങ്ങനെ

birth1

‘അവൻ എന്റെ ഭർത്താവ് മാത്രമല്ല, എന്റെ ബെസ്റ്റ് ഫ്രണ്ടും ഹീറോയുമായിരുന്നു. എനിക്ക് മാത്രമല്ല അവൻ എല്ലാവർക്കും ഹീറോ ആയിരുന്നു...അവന്റെ ആഗ്രഹം പോലെ അവനൊരു പെൺകുഞ്ഞ് പിറന്നു, ഏയ്ഞ്ചലീന, അച്ഛന്റെ മകളായി... എന്റെ മാലാഖക്കുഞ്ഞായി...’ 2014 ഡിസംബറിൽ കൊല്ലപ്പെട്ട പോലീസ്കാരന്റെ ഭാര്യ കഴിഞ്ഞ ദിവസം ജനിച്ച തങ്ങളുടെ കുഞ്ഞിനെ മാറോടണച്ച് പറഞ്ഞു. 2014 ൽ കൊല്ലപ്പെട്ട വെന്‍ജ്യന്‍ ലിയുവാണ് രണ്ടര വർഷത്തിന് ശേഷം ഇപ്പോള്‍ അച്ഛനായിരിക്കുന്നത്. ആ അപൂർവ കഥ ഇങ്ങനെ. 2014 ഡിസംബര്‍ 20 നാണ് ജോ എന്നു വിളിക്കുന്ന ലിയു, ബ്രൂക്‌ലിനില്‍ പട്രോളിങ് നടത്തുന്നതിനിടെ കൊല്ലപ്പെട്ടത്. ആഫ്രിക്കന്‍ അമേരിക്കക്കാരും പൊലിസും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലായിരുന്നു അക്രമികളുടെ വെടിയേറ്റ് 32കാരനായ ലിയുവും മറ്റൊരു ഓഫീസറും കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നതിനു ഏതാനും മാസങ്ങള്‍ക്കു മുന്‍പായിരുന്നു ഷെന്നിനെ ലിയു വിവാഹം കഴിക്കുന്നത്.

birth4

താന്‍ ഏറെ സ്‌നേഹിക്കുന്ന ആത്മ മിത്രത്തിന്റെ വേര്‍പാട് ഷെന്നിന് സഹിക്കാനായില്ല. തന്റെ ഭര്‍ത്താവിന്റെ രക്തത്തില്‍ നിന്നു തന്നെ തനിക്ക് ഒരു കുഞ്ഞിനെ വേണമെന്നത് ലിയുവിന്റെ സ്നേഹത്തിന്റെ ഉറച്ച തീരുമാനമായിരുന്നു. മാത്രമല്ല ലിയുവിന്റെയും ഷെന്നിന്റെയും സ്വപ്നമായിരുന്നു ഒരു മകൾ.ലിയുവിന്റെ കൊലപാതകം നടന്ന രാത്രിയില്‍ തന്നെ അദ്ദേഹത്തിന്റെ ബീജം ശേഖരിച്ചു വയ്ക്കാന്‍ ഭാര്യ ഷെൻ ഡോക്ടര്‍മാരോട് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ബീജം സ്പേം ബാങ്കിലെ പ്രത്യേക പരിചരണത്തിൽ സൂക്ഷിച്ചു. ഒരു ദിവസം തങ്ങളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാവുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍.

birth3

തുടര്‍ന്ന് കൃത്രിമ ഗര്‍ഭധാരണത്തിലൂടെ തന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കുകയായിരുന്നു ഷെൻ. ലിയുവിന്റെ മാതാപിതാക്കളായ സിയു യാനും വെയ് താങ് ലിയുവും തങ്ങളുടെ പേരക്കുട്ടിയെ കണ്ണീരോടെയാണ് വരവേറ്റത്. ഗർഭിണിയാകും വരെ കൃത്രിമ ഗർഭധാരണത്തെക്കുറിച്ച് ഷെൻ ഇവരെ അറിയിച്ചിരുന്നില്ല. അമേരിക്കൻ ആർമിക്ക് വേണ്ടി പടപൊരുതി മരിച്ച ആദ്യ ഏഷ്യൻ– അമേരിക്കൻ പൊലീസ് സേനാംഗമാണ് ലിയു. 1994 ലാണ് ലിയുവും കുടുംബവും ചൈനയില്‍ നിന്ന് അമേരിക്കയിലെത്തിയത്. സ്വന്തം രാജ്യമല്ലാതിരുന്നിട്ടു ലിയു അത്രമാത്രം ആത്മാര്‍ത്ഥമായി പൊലീസ് സേനയില്‍ ജോലി ചെയ്തു. അത് കൊണ്ട് തന്നെ തങ്ങളുടെ ജോയുടെ കുഞ്ഞിനെ കാണാൻ നിരവധി പേരാണ് ന്യൂയോർക്ക് പ്രെസ്ബിറ്റേറിയൻ ആശുപത്രിയിലെത്തിയത്. കുഞ്ഞ് ഏയ്ഞ്ചലീനയെ എൻവൈപിഡി പൊലീസ് കാപ് വച്ചാണ് സഹപ്രവർത്തകർ വരവേറ്റത്.