Friday 19 January 2018 03:38 PM IST : By സ്വന്തം ലേഖകൻ

16 വര്‍ഷത്തിനിടെ 45 സര്‍ജറികള്‍, വലതുകൈ നഷ്ടപ്പെട്ടു; എന്നിട്ടും അവള്‍ തളര്‍ന്നില്ല, ജീവിതം ആസ്വദിച്ചു!

paulami-patel

ഇഷ്ടങ്ങളും മോഹങ്ങളും നടക്കാതെ വരുമ്പോൾ ആകാശം കീഴ്‌മേൽ മറിഞ്ഞ പോലെ നിരാശപ്പെട്ട് ഇരിക്കുന്നവരുണ്ട്. ഇത്തരത്തിൽ ചെറിയ പ്രതിസന്ധികളിൽ പോലും തളർന്നിരിക്കുന്നവർ പൗലമി പട്ടേല്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം അറിയണം. കുഞ്ഞായിരിക്കുമ്പോൾ തൊട്ട് ഇക്കാലമത്രയും അവർ അനുഭവിച്ച കഷ്ടപ്പാടുകൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കണം.

പന്ത്രണ്ടു വയസ്സുള്ളപ്പോഴാണ് ജീവിതത്തെ മാറ്റിമറിച്ച ആ ദുരന്തം നടക്കുന്നത്. ഒന്നു കണ്ണടച്ചു തുറക്കുമ്പോഴേക്കും അവളുടെ ജീവിതം ആകെ മാറിമറിഞ്ഞിരുന്നു. മീന്‍ പിടിക്കാനുപയോഗിക്കുന്ന ഇരുമ്പു ദണ്ഡു കൊണ്ട് കളിക്കുകയായിരുന്നു പൗലമി. ദണ്ഡ് അവളുടെ കയ്യില്‍ നിന്നും ജനലിലൂടെ വഴുതിപ്പോയി. അതു തിരികെ പിടിക്കുന്നതിനിടെ പൗലമി കയറിപ്പിടിച്ചത് 11 കെവി ഇലക്ട്രിക് ലൈനിൽ ആയിരുന്നു. പിന്നീട് വലതു കൈയിലേക്ക് ഒരു തരിപ്പ് കയറുന്നതു മാത്രമായിരുന്നു അവളുടെ ഓർമ്മ.

ഗുരുതരമായ പൊള്ളലോടെ ഒരാഴ്ചയോളം ഐസിയുവിൽ. ഒരാഴ്ചയ്ക്കുള്ളിലാണ് വേദനിപ്പിക്കുന്ന ആ തീരുമാനം എടുത്തത്. വലതു കൈയിലെ പഴുപ്പു മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കാതിരിക്കാൻ മുൻകരുതലെന്ന നിലയ്‌ക്ക് കൈ മുറിച്ചു മാറ്റാനായിരുന്നു ഡോക്ടർമാരുടെ നിർദേശം. അന്നു തൊട്ട് 28 വയസ്സ് വരെ 45 സർജറികൾക്ക് വിധേയയായി. വലതു കൈ നഷ്ടപ്പെട്ടതോടെ താനൊരു കുഞ്ഞിനെ പോലെ പുതിയ ജീവിതത്തിലേക്ക് പിച്ച വച്ചു തുടങ്ങുകയായിരുന്നു എന്ന് പൗലമി പറയുന്നു.

മാതാപിതാക്കളും സുഹൃത്തുക്കളും അവൾക്ക് തുണയായി നിന്നു. അവളെ കാണാന്‍ വരുന്ന ആളുകളെല്ലാം സംഭാഷണം ആരംഭിക്കുന്നതിനു മുൻപ് തമാശ പറഞ്ഞു തുടങ്ങണമെന്ന് അച്ഛന്‍ നിര്‍ദ്ദേശിച്ചിരുന്നു. കൃത്രിമ കൈ ഉപയോഗിച്ച് എഴുതാന്‍ പഠിക്കുകയായിരുന്നു ആദ്യം ചെയ്തത്. ആദ്യം അല്‍പം ബുദ്ധിമുട്ടിയെങ്കിലും പിന്നീട് പേന കയ്യിലൊതുക്കാനും പഴയതുപോലെ തന്നെ മനോഹരമായി എഴുതാനും പരിശീലിച്ചു. ബികോം പൂർത്തിയാക്കിയശേഷം എംബിഎ ചെയ്യുന്ന സമയത്ത് രണ്ടുവര്‍ഷം വീട്ടില്‍ നിന്നും മാറിനിന്നപ്പോഴാണ് തനിക്ക് സാധാരണ കുട്ടികളെപ്പോലെ എല്ലാം ചെയ്യാൻ സാധിക്കുമെന്ന് പൗലമിയ്‌ക്ക് ബോധ്യപ്പെട്ടത്.

ആദ്യമൊക്കെ വലതുകൈ കൃത്രിമ കൈ ആണെന്നു തോന്നാതിരിക്കാന്‍ ഫുള്‍സ്ലീവ് വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. അതുപോലെ കാലിലെ മുറിപ്പാടുകള്‍ കാരണം ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും ധരിച്ചിരുന്നില്ല. പതിയെ അവൾ പോസിറ്റീവ് ആയി ചിന്തിക്കാൻ തുടങ്ങി. സ്വന്തം കുറവുകളെ കുറവുകളായി കാണാതിരിക്കാൻ പഠിച്ചു തുടങ്ങി. ഇന്ന് ഭൂമിയിലെ കരുത്തരായ സ്ത്രീകളിൽ ഒരാളാണ് താനെന്ന് പൗലമി അഭിമാനത്തോടെ പറയും.