Thursday 16 March 2017 11:27 AM IST : By സ്വന്തം ലേഖകൻ

വീട്ടമ്മമാരേ, ബാങ്കിങ് ചാർജുകളിൽ നിന്ന് രക്ഷപ്പെടാൻ ഇതാ പോസ്റ്റ് ഓഫീസ് അക്കൗണ്ട്, എടിഎം സേവനം അടക്കം സൗജന്യം

post_office

ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കുന്നതിനെതിരേ പരാതി പറഞ്ഞു സമയം കളയേണ്ട. നേരേ അടുത്തുള്ള പോസ്റ്റ് ഓഫീസിൽ പോയി ഒരു പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങൂ. ഒരു രൂപ പോലും സർവീസ് ചാർജ് നൽകാതെ ബാങ്കിങ് ഇടപാടുകൾ നടത്തൂ. ഈ സേവനം ഉപയോഗിച്ചാൽ വീട്ടമ്മമാർ അടക്കമുള്ളവർക്ക് ഇനി പണം സ്വരൂപിക്കാൻ ബാങ്കുകളുടെ കഴുത്തറപ്പൻ ഫീസ് നൽകേണ്ടി വരില്ല. ഒരു രൂപപോലും സർവീസ് ചാർജ് ഇല്ലാത്ത സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, പരിധിയില്ലാതെ സൗജന്യ എടിഎം ഉപയോഗം തുടങ്ങിയ സേവനങ്ങളാണ് ഇതിലൂടെ ലഭ്യമാകുന്നത്.


കേന്ദ്ര സർക്കാർ ഈ ജനുവരിയിൽ ആരംഭിച്ച ഇന്ത്യൻ പോസ്റ്റൽ സർവീസിൻറെ  സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ ഇതു മാത്രമല്ല, ഇതിനുമപ്പുറമുളള സേവനവും സൗജന്യമാണ്. മറ്റ് ബാങ്കുകൾ 1,000, 5,000 രൂപ മിനിമം ബാലൻസ് ആവശ്യപ്പെടുമ്പോൾ ഇവിടെ വെറും 50 രൂപ സർവീസ് ചാർജ് മാത്രം മതിയാകും. അക്കൗണ്ട് തുടങ്ങുന്നതിനൊപ്പം എടിഎം കാർഡിനുള്ള പ്രത്യേക അപേക്ഷ ഫോറവും പോസ്റ്റ് ഓഫീസ് വഴി ലഭിക്കും. വീസ റുപ്പേ ഡെബിറ്റ് കാർഡാണ് പോസ്റ്റ് ഓഫീസിൽ നിന്നു ലഭിക്കുന്നത്. ഈ കാർഡ് ഉപയോഗിച്ച് ഓണ്‍ലൈൻ ഇടപാടുകളും നടത്താൻ സാധിക്കും. പോസ്റ്റ് ഓഫീസ് എടിഎമ്മുകൾക്ക് പുറമെ ഏതു ബാങ്കിന്റെ എടിഎമ്മിലും ഈ കാർഡ് സൗജന്യമായി ഉപയോഗിക്കാം.


ഇനി ചെക്ക് ബുക്ക് വേണമെങ്കിൽ ഇതിനായി 500 രൂപയെങ്കിലും അക്കൗണ്ടിൽ നിലനിർത്തണം. ചെക്ക് ബുക്ക് വേണ്ടെങ്കിൽ 50 രൂപ മതി. അക്കൗണ്ട് സജീവമായി നിലനിർത്താൻ മൂന്നു വർഷത്തിനിടെ ഒരു തവണയെങ്കിലും ഇടപാട് നടത്തണം എന്നതാണ് ഒരേയൊരു നിബന്ധന. അടുത്തുള്ള പോസ്റ്റ് ഓഫീസിൽ ഫോട്ടോയും ആധാർ രേഖയുമായി ചെന്നാൽ അക്കൗണ്ട് തുടങ്ങാം. വലിയ തുകയ്ക്കുള്ള ഇടപാടുകൾക്ക് പാൻകാർഡ് കൂടി വേണം. ജോയിന്‍റ് അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യവും പോസ്റ്റ് ഓഫീസിലുണ്ട്. നിക്ഷേപങ്ങൾക്ക് നാലു ശതമാനം പലിശയും പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. സാന്പത്തിക വർഷം 10,000 രൂപവരെയുള്ള പലിശയ്ക്ക് ടാക്സ് ഫ്രീയും ലഭിക്കും.

ബാങ്ക് അക്കൗണ്ട് പോലെ പോസ്റ്റ് ഓഫീസിലെ സേവിംഗ് അക്കൗണ്ട് മറ്റൊരു പോസ്റ്റ് ഓഫീസിലേക്ക് മാറ്റാനും സാധിക്കും. കൂടുതൽ വിവരങ്ങൾ വേണമെങ്കിൽ അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ടാൽ മതി. രാജ്യത്തെ ഭൂരിഭാഗം ഹെഡ് പോസ്റ്റ് ഓഫീസുകളിലും പോസ്റ്റൽ വകുപ്പിന്‍റെ എടിഎം പ്രവർത്തിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം വടക്കാഞ്ചേരി മുഖ്യ തപാൽ ഓഫീസിൽ എടിഎം പ്രവർത്തിച്ചു തുടങ്ങി. കേരളത്തിൽ തൃശ്ശൂർ, ഗുരുവായൂർ തുടങ്ങിയ സ്ഥലങ്ങളിലും എടിഎം പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്.

പ്രത്യേകതകൾ ചുരുക്കത്തിൽ

1.എടിഎം കാർഡിന് വാർഷിക ഫീസ് ഇല്ല

2.എസ്എംഎസ് സന്ദേശത്തിന് ഫീസ് ഇല്ല

3.പരിധിയില്ലാത്ത എടിഎം ഇടപാട് നടത്താം

4.അധിക ചെക്ക് ബുക്കിന് ഫീസ് ഇല്ല

5. എസ്ബി അക്കൗണ്ട് തുടങ്ങാൻ 50 രൂപ

6.ഏതു ബാങ്കിന്റെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം

7.ഏതു പോസ്റ്റ് ഓഫീസിലും നിക്ഷേപിക്കാം, പിൻവലിക്കാം

8. രണ്ടാം ശനി ഉൾപ്പെടെ ആഴ്ചയിൽ ആറു പ്രവൃത്തി ദിനം