Friday 21 April 2017 01:55 PM IST : By സ്വന്തം ലേഖകൻ

ഗർഭകാലത്തെ ചുറ്റിപ്പറ്റിയുള്ള നാല് വിശ്വാസങ്ങൾ; അനുകരിക്കുന്നതിന് മുൻപ് യഥാർത്ഥ വസ്തുതകൾ അറിയാം!

preg

ഗർഭാവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള എല്ലാവരും ഒറ്റത്തവണയെങ്കിലും ഇത്തരം അന്ധവിശ്വാസങ്ങൾ കേട്ടിട്ടുണ്ടാകും, അതുപോലെ പ്രവർത്തിച്ചിട്ടുണ്ടാകും. ഗർഭകാലത്ത് മാത്രമല്ല കുഞ്ഞുണ്ടായതിനു ശേഷവും യാഥാസ്ഥിതികമായ വിശ്വാസങ്ങൾ പിന്തുടരുന്നവരാണ് നമ്മൾ ഇന്ത്യക്കാർ. വീട്ടിലെ കാരണവന്മാർ പറയുന്നത് അക്ഷരംപ്രതി അനുസരിക്കുന്നവരാണ് നമ്മളിൽ ഏറെപേരും.

ഗർഭകാലത്ത് കുഞ്ഞിന്റെ ആരോഗ്യത്തിനു നല്ലതാണെന്നും, കുഞ്ഞു നല്ല വെളുത്ത് തുടുത്തിരിക്കുമെന്നും പറഞ്ഞ് ദിവസവും രണ്ടു മുതൽ നാലു തേങ്ങയുടെ വെള്ളം വരെ കുടിക്കുന്നവരുണ്ട്. അങ്ങനെ വെളുത്ത് സുന്ദരനായ കുഞ്ഞിനെ കാത്തിരുന്ന് ഒടുവിൽ ഇരുണ്ട നിറമുള്ള കുഞ്ഞിനെ പ്രസവിച്ച് സങ്കടപ്പെടാറുണ്ട്. ഗർഭകാലത്ത് എപ്പോഴും കുഞ്ഞിനെ കുറിച്ചു മാത്രമായിരിക്കും ചിന്ത. ഉറക്കത്തിൽപോലും ഏതു വശം ചെരിഞ്ഞുകിടക്കാം എന്ന് കൃത്യമായി ബോധമുണ്ടാകും. പലരും പങ്കാളിയുമൊത്ത് സെക്സിൽ ഏർപ്പെടാൻ പോലും മടിക്കും. അതൊരു മോശം പ്രവർത്തിയാണെന്നും കുഞ്ഞിന് ആപത്തു വരുത്തും തുടങ്ങിയ അബദ്ധ ധാരണകളാണ് ഇതിനൊക്കെ കാരണം.

അമ്മയുടെ മാനസികാവസ്ഥ കുഞ്ഞും പ്രകടിപ്പിക്കുന്ന സമയമാണ്. അമ്മയ്‌ക്ക് സന്തോഷമുണ്ടെങ്കിലേ കുഞ്ഞിനും സന്തോഷമുണ്ടാകൂ. അത് മനസ്സിലാക്കി വേണം ഗർഭകാലം ആഘോഷിക്കാൻ. പൊതുവെ കേൾക്കുന്ന തെറ്റായ നാലു വിശ്വാസങ്ങൾ ഇവയാണ്;

1. മനോഹരമമായ കുഞ്ഞിന്റെ ചിത്രം നോക്കി കിടന്നാൽ അതുപോലെ സൗന്ദര്യമുള്ള കുഞ്ഞിനെ കിട്ടുമെന്ന് പറയാറുണ്ട്. യാതൊരു വസ്തുതയുമില്ലാത്ത വെറും വിഡ്ഢിത്തരം മാത്രമാണ് ഇത്തരം ചിന്താഗതി. കുഞ്ഞിന്റെ ചിത്രത്തിന് പകരം മൃഗങ്ങളുടെ ചിത്രം നോക്കി കിടന്നാൽ നിങ്ങൾക്ക് ജനിക്കുന്ന കുഞ്ഞും അതുപോലെയായിരിക്കുമോ!  

2. ഗർഭകാലത്തും പ്രസവശേഷമുള്ള മൂന്നു മാസക്കാലവും എസി ഉപയോഗിക്കരുതെന്ന് പറയാറുണ്ട്. കുഞ്ഞിന് തണുപ്പേൽക്കും എന്നുപറഞ്ഞാണ് വീട്ടിലെ മുതിർന്നവർ പേടിപ്പിക്കാറുള്ളത്. ശരീരത്തിന്റെ ഉഷ്ണം കൂട്ടി വിയർത്തൊലിച്ച്, ചൂടിൽ അസ്വസ്ഥമായിട്ടു ഇരിക്കുന്നതിലും ഏറെ നല്ലതാണ് എസിയുടെ തണുപ്പ്. കുഞ്ഞിനും അമ്മയ്ക്കും ഇത് ഫ്രഷ് ഫീലിങ് നൽകുന്നു.  

3. ഗർഭകാലത്തെ ലൈംഗിക ബന്ധത്തിന് ’നോ’ എന്ന അഭിപ്രായം പറയുന്നവരാണ് കൂടുതലും. എന്നാൽ ഡോക്ടർമാരുടെ പറയുന്നത്, ഗർഭകാലത്തെ ലൈംഗിക ബന്ധം മൂലം കുഞ്ഞിന് ഒരപകടവും സംഭവിക്കില്ല എന്നാണ്. ആദ്യത്തെ മൂന്നു മാസക്കാലം മാത്രമാണ് ശ്രദ്ധിക്കേണ്ടത്.

4. മഞ്ഞൾ കൂടുതൽ കഴിച്ചാൽ കുഞ്ഞിന്റെ നിറം മഞ്ഞയാകും. കാരണവന്മാർ അടിച്ചേൽപ്പിക്കുന്ന തെറ്റായ ഒരു വിശ്വാസമാണിത്. സാധാരണ കുഞ്ഞിന് മഞ്ഞപിത്തം ഉണ്ടെങ്കിൽ മാത്രമേ ശരീരത്തിന്റെ നിറം മഞ്ഞയാകൂ. അല്ലാതെ മഞ്ഞൾ കഴിച്ചത് കൊണ്ട് നിറം മഞ്ഞയാകില്ല. മഞ്ഞൾ ഏറെ ഗുണഫലങ്ങളുള്ള ഒന്നാണ്. ശരീരത്തിന് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ മഞ്ഞൾ കഴിക്കുന്നത് വളരെ നല്ലതാണ്.