Friday 09 November 2018 04:29 PM IST : By സ്വന്തം ലേഖകൻ

കേരളം പിടിമുറുക്കി; പുതുച്ചേരിയിൽ ആഡംബര വാഹന റജിസ്ട്രേഷൻ പകുതിയായി

registration

ചെന്നൈ: കേരളം കർശന നടപടികളുമായി രംഗത്തെത്തിയതോടെ റോഡ് നികുതി വെട്ടിക്കാൻ പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്യുന്ന ആഡംബര വാഹനങ്ങളുടെ എണ്ണത്തിൽ വൻ ഇടിവ്. കഴിഞ്ഞ മാസം കേരളത്തിൽ നിന്നു താൽക്കാലിക പെർമിറ്റെടുത്ത ഒരു ആഡംബര കാർ പോലും പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്തില്ല.

സാധാരണ ഗതിയിൽ പുതുച്ചേരിയിൽ പ്രതിമാസം ശരാശരി ഒരു കോടിക്കു മുകളിൽ വിലയുള്ള 20 വാഹനങ്ങളെങ്കിലും റജിസ്റ്റർ ചെയ്യാറുണ്ട്. ഇതിൽ പകുതിയോളം കേരളത്തിൽ നിന്നായിരുന്നു. കഴിഞ്ഞ മാസം കേരളത്തിൽ നിന്നുള്ള വരവു നിലച്ചതോടെ പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്തതു പത്തിൽ താഴെ ആഡംബര വാഹനങ്ങൾ മാത്രം.

ഇതുവരെ ചട്ടം ലംഘിച്ചു പുതുച്ചേരിയിൽ കാർ റജിസ്റ്റർ ചെയ്തവർക്കു കേരളത്തിലേക്കു മാറാൻ നിശ്ചിതസമയം അനുവദിക്കണമെന്നു നികുതിവെട്ടിപ്പ് അന്വേഷിച്ച ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം ശുപാർശ ചെയ്തിരുന്നു. ഇതുവഴി കേരളത്തിനു നൂറു കോടിയോളം രൂപയുടെ നികുതി വരുമാനമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഒരു വർഷത്തിൽ താഴെ പഴക്കമുള്ള കാറുകൾ കേരളത്തിൽ റീ റജിസ്റ്റർ ചെയ്യുമ്പോൾ പൂർണ റോഡ് നികുതി അടയ്ക്കണം. ഒരു വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെങ്കിൽ ഏഴു ശതമാനം ഇളവു ലഭിക്കും.

എന്നാൽ, പുതുച്ചേരി റജിസ്ട്രേഷൻ കാറുകളുടെ ഉടമകൾക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചതോടെ പലരും റീ റജിസ്ട്രേഷനു മടിക്കുകയാണ്.


കൂടുതല്‍ വാര്‍ത്തകള്‍