Wednesday 13 June 2018 04:42 PM IST : By സ്വന്തം ലേഖകൻ

അടുക്കളത്തോട്ടത്തിലെ പച്ചക്കറികൾ മഴക്കാലത്തും പരിപാലിക്കാം; ചില ജൈവ മാർഗങ്ങൾ

home_grown ഫോട്ടോ: സരിൻ രാംദാസ്

വേനലൊഴിഞ്ഞു മഴ വീണാൽ കൃഷി ചെയ്യാൻ എല്ലാവർക്കും തിടുക്കമാണ്. മഴക്കാലത്തു കൃഷിക്കിറങ്ങുന്നവർ തിടുക്കത്തിൽ ചെയ്യുന്ന ചില കാര്യങ്ങൾ അബദ്ധങ്ങളാകാറുമുണ്ട്. മഴക്കാല കൃഷി ചെയ്യുന്നതിനെയും അടുക്കളത്തോട്ടത്തിന്റെ പരിപാലനത്തെയും പറ്റി അൽപം അറിവുണ്ടായാൽ വിളവെടുക്കുമ്പോഴും പുഞ്ചിരിക്കാം.

കൃഷിയും മഴയും

മഴക്കാലം പൊതുവെ പച്ചക്കറികൾക്ക് അത്ര യോജിച്ച കാലമല്ല. മേടമാസമാണു നടീലിനു നല്ലത്. മഴ തിമിർത്തെത്തുന്ന ഇടവപ്പാതിക്കു മുമ്പ് പച്ചക്കറിത്തൈകളുടെ ഇളം പ്രായം കഴിയും എന്നതാണ് ഇതിനു കാരണം. 45 ദിവസം കൊണ്ട് വേര് മണ്ണിൽ ഉറച്ചിട്ടുണ്ടാകും. രണ്ടാം ഘട്ട വളർച്ചയിലേക്ക് ഇവയെത്തുകയും ചെയ്യും. പിന്നെ, മഴയും വെള്ളവുമൊന്നും കാര്യമായി ബാധിക്കില്ല.

വലിയ ഇലകളോടു കൂടിയ വളർച്ചയാണ് രണ്ടാം ഘട്ടത്തിന്റെ തുടക്കം. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാനുള്ള ആരോഗ്യം ഈ സമയത്തോടെ തൈകൾക്ക് ഉണ്ടായിട്ടുണ്ടാകും. കാലവർഷത്തിന്റെ ആരംഭത്തിൽ പച്ചക്കറി നട്ടാൽ ശരിയാകില്ല എന്നു പറയുന്നതിന്റെ പ്രധാന കാരണം വേര് മണ്ണിൽ പിടിച്ചിട്ടുണ്ടാകില്ല എന്നതാണ്. മണ്ണൊലിപ്പോ ശക്തമായ മഴയോ വന്നാൽ ഇവ നശിച്ചു േപാകും.

വേനൽക്കാലത്ത് പച്ചക്കറി നടുന്ന രീതിയിലല്ല മഴക്കാലത്തു നടേണ്ടത്. മണ്ണിൽ തടമെടുത്ത് അതിനു നടുവിൽ പച്ചക്കറിത്തൈ നടാറാണ് പതിവ്. എന്നാൽ മഴക്കാലത്ത് മണ്ണിന്റെ കൂനയിലാണ് ഇവ നടേണ്ടത്. ഇങ്ങനെ ചെയ്താൽ വെള്ളം കെട്ടി നിൽക്കില്ല. ഈ കൂനയുടെ മുകളിൽ കരിയില കൊണ്ട് പൊതയിടാനും ശ്രദ്ധിക്കണം. അല്ലെങ്കിൽ മണ്ണൊലിച്ചു പോകും.

ഒരു റെയ്ൻ ഷെൽറ്റർ കെട്ടിയാൽ മഴക്കാലത്തും ഏതു പച്ചക്കറി വിളകളും കൃഷി ചെയ്യാം. കിഴക്കൻ വെയിൽ നന്നായി കിട്ടുന്നതു പോലെ ഇവ പണിയുന്നതാണ് നല്ലത്. സൂര്യപ്രകാശം കയറുന്ന തരത്തിൽ സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മറച്ച് അതിനടിയിൽ കൃഷി ചെയ്താലും മതി.

മഴക്കാലത്തു നടാവുന്ന പച്ചക്കറികൾ

മഴ ഏറെ ഇഷ്ടപ്പെടുന്ന പച്ചക്കറിയാണ് പയർ. മഴക്കാലത്തു നട്ടാലും ഇവ പിടിച്ചു നിൽക്കും. പയറിന്റെ നാടൻ ഇനമായ കുരുത്തോലപ്പയർ മഴക്കാലത്ത് ഏറെ ഫലം തരുന്നവയാണ്. പയറു നടാൻ നല്ല സമയം രോഹിണി ഞാറ്റുവേലയാണ്. മെയ് അവസാനത്തോടെയും ജൂൺ ആദ്യവുമാണ് രോഹിണി ഞാറ്റുവേല എത്തുന്നത്.

വെണ്ടയും മഴക്കാലത്ത് ഏറെ വിളവ് നൽകും. മേടമാസമാണ് വെണ്ടക്കൃഷിക്ക് അനുയോജ്യം. ‘മേട വെണ്ട’ എന്നു പോലും പറയാറുണ്ട്. ഏപ്രിൽ മാസത്തിൽ നട്ടു മഴക്കാലത്തെത്തുമ്പോൾ വളർച്ചയുടെ രണ്ടാം ഘട്ടം എത്തുന്ന രീതിയിൽ നടുകയാണ് വേണ്ടത്. വഴുതനങ്ങയും ഇതേപോലെ കൃഷി ചെയ്യാം. കോവൽ, നിത്യവഴുതന തുടങ്ങി വള്ളി പടർത്തി പോകുന്ന പച്ചക്കറികൾ മഴക്കാലത്തു നടാം. പീച്ചിൽ, ചുരയ്ക്ക എന്നിവയും നനവ് ഇഷ്ടപ്പെടുന്നവയാണ്. ചുവന്ന ചീരയെക്കാൾ പച്ചചീര മഴയത്തു പിടിച്ചു നിൽക്കും.

തക്കാളി മഴക്കാല കൃഷിക്ക് നന്നല്ല. അഴുകൽ രോഗം ഉണ്ടാകും. വെള്ളരി വർഗത്തിൽ പെട്ടവ വേനൽക്കാലത്ത് ഫലം ന ൽകുന്നവയാണ്. ചൂടു കൂടുമ്പോള്‍ ജലാംശം കൂടുതലായുള്ള പച്ചക്കറികൾ ആവശ്യം വരും എന്ന പ്രകൃതിയുടെ കണക്കൂകൂട്ടലാണിത്. മഴക്കാലത്തിനു മുമ്പ് ഇവ വിളവെടുത്തു തീരണം.

ഇപ്പോൾ കോളിഫ്‌ളവർ, കാബേജ്, കാരറ്റ് പോലുള്ള പച്ചക്കറി കൃഷി സാധാരണമാണ്. മുമ്പ് തണുപ്പുള്ള സ്ഥലങ്ങളിൽ മാത്രം കൃഷി ചെയ്തിരുന്നവ ഇപ്പോൾ എല്ലാ സ്ഥലങ്ങളിലും നല്ല വിളവ് നൽകുന്നുണ്ട്. എന്നാൽ ഇവ മഴക്കാലത്തിന് ഇണങ്ങില്ല. മഴക്കാലം കഴിഞ്ഞയുടനെ കൃഷി ചെയ്താൽ തണുപ്പ് കാലത്ത് വിളവെടുക്കാം.

മണ്ണിനെ അറിയാം

∙ മഴക്കാലത്തെ ഏറ്റവും വലിയ വെല്ലുവിളി മണ്ണിലെ അമ്ലത നിയന്ത്രിക്കുക എന്നതാണ്. മണ്ണൊലിച്ചു പോകുന്നതിന് അനുസരിച്ച് അമ്ലതയിൽ വ്യത്യാസം വരും. ചാക്കിലാണ് പച്ചക്കറി നട്ടിരിക്കുന്നതെങ്കിൽ ഒരു വലിയ സ്പൂൺ കുമ്മായം രണ്ടാഴ്ചയിലൊരിക്കൽ ഇട്ടു കൊടുക്കാം. തണ്ട് തൊടാതെ, ചെടിക്കു ചുറ്റും മണ്ണിൽ ഇട്ടു കൊടുക്കുകയാണ് വേണ്ടത്.

∙ പച്ചക്കറികൾക്കു നനവു വേണം, പക്ഷേ, വെള്ളം കെട്ടി നിൽക്കുന്നത് നല്ലതല്ല. തടത്തിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങാൻ ഡ്രെയിനേജ് ഉറപ്പാക്കണം. വെള്ളത്തിനൊപ്പം മണ്ണ് ഒലിച്ചു പോകാത്ത തരത്തിൽ ചെറിയ ദ്വാരങ്ങളേ ചാക്കിലിടാവൂ. മ ണ്ണിനും മണ്ണിൽ ജീവിക്കുന്ന സൂക്ഷ്മജീവികൾക്കും ശ്വസിക്കാനും കഴിയണം. ഈ ജീവികളാണു ചെടിക്കു വേണ്ട മൂലകങ്ങൾ നൽകുന്നത്. വെള്ളം തങ്ങി നിന്നാൽ ഇതിനു തടസ്സമാകും.

രോഗങ്ങൾ വരും കാലം

കൃഷിയിനങ്ങൾ അനാരോഗ്യകരമായ അവസ്ഥയിലാകും മഴക്കാലത്ത്. സൂര്യപ്രകാശം വേണ്ട അളവിൽ കിട്ടില്ല എന്നത് വളർച്ചയും കുറയ്ക്കും. കീടബാധകൾക്ക് പരിഹാരം കണ്ടാലേ പച്ചക്കറികൾ വർഷകാലത്തു കരുത്തോടെ നിൽക്കൂ.

∙ കീടങ്ങളുടെ വരവറിഞ്ഞു വേണം മരുന്നുപ്രയോഗം. മഴക്കാലം തുടങ്ങി ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ കീടങ്ങളുടെ ആ ദ്യബാച്ച് എത്തും. പലപ്പോഴും ഇവയെ നമ്മൾ കണ്ടില്ലെന്നു നടിക്കും. ‘വെണ്ടയ്ക്കയ്ക്കു ചുറ്റും ഒന്നോ രണ്ടോ വണ്ടിനെ കണ്ടു’ എന്നു ലാഘവത്തോടെ പറയും. ഇവ മുട്ടയിട്ടു പെരുകുമ്പോഴാകും കീടനാശിനികൾ പ്രയോഗിക്കുക. ഇവയെ ആദ്യമേ തുരത്തിയാൽ രോഗബാധ എളുപ്പത്തിൽ പരിഹരിക്കാം.

∙ മഴക്കാലം ആരംഭിക്കുമ്പോളേ കീടനാശിനിപ്രയോഗം തുടങ്ങണം. ജൈവ കീടനാശിനികൾ വീട്ടിൽ തന്നെ തയാറാക്കാം. വിപണിയിലും ലഭ്യമാണ്.

∙ എല്ലാ ആഴ്ചയും ഒരു ദിവസം ‘സ്പ്രേയിങ് ഡേ’ ആക്കാം. പുകയില കഷായം, വെളുത്തുള്ളി–കാന്താരി– ഇഞ്ചി മിശ്രിതം പോലുള്ളവ ഉപയോഗിക്കാം. രൂക്ഷമായ കീടബാധ ഉണ്ടെങ്കിൽ മൂന്നു ദിവസം ഇടവിട്ട് സ്പ്രേ ചെയ്യണം. കീടങ്ങൾക്കും പുഴുക്കൾക്കും വളർന്നുവരാനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തുവന്നാലേ അവ ആരോഗ്യത്തോടെ വളരൂ. ഈ സാഹചര്യങ്ങൾക്കു മാറ്റം വരുത്താം. മുട്ട വിരിഞ്ഞ് പുഴുക്കൾ എത്തുമ്പോൾ അവയ്ക്ക് ഭക്ഷിക്കാൻ തളിരില തന്നെ വേണം. ഇലകളിൽ കയ്പ്പോ മറ്റോ ഉണ്ടെങ്കിൽ പുഴുക്കൾ ഭക്ഷിക്കില്ല. ചൂടടിക്കുമ്പോൾ എരിവോടെ പൊങ്ങുന്ന ആവിയും പുഴുക്കൾക്ക് താങ്ങാൻ കഴിയില്ല.

∙ ആര്യവേപ്പില നീര് കീടങ്ങളെ കൊല്ലാനും അവ മുട്ടയിടുന്നത് തടയാനും നല്ലതാണ്. പുൽത്തൈലത്തില്‍ നിന്നും കറുവാപ്പട്ടയിൽ നിന്നുമുള്ളവയുടെ ഗന്ധവും കീടങ്ങളെ അകറ്റും.

മഴക്കാലത്ത് ഇലകളിൽ ഇത്തരം സ്പ്രേ ഉപയോഗിച്ചാലും വെള്ളം വീഴുമ്പോൾ അവ ഒലിച്ചു പോകാം. ഇതിനു പരിഹാരമാണ് സ്റ്റിക്കറുകൾ. പേര് സ്റ്റിക്കർ എന്നാണെങ്കിലും ഇലകളിൽ കൊണ്ട് ഒട്ടിച്ചു വയ്ക്കുന്ന ഒന്നല്ല ഇത്. ദ്രാവകരൂപത്തിലുള്ള ഇവ സ്പ്രേ ചെയ്യുന്ന മരുന്നിൽ ചേർത്തടിച്ചാൽ ഇലകൾക്കു മുകളിൽ പറ്റിപ്പിടിച്ചിരിക്കും. സോപ്പു വെള്ളം ഇത്തരത്തിലുള്ള ഒന്നാണ്. ഇവ മഴ പെയ്താലും പോകില്ല.

∙ മഴക്കാലത്താണ് മണ്ണിൽ ഉറങ്ങിക്കിടക്കുന്ന രോഗകാരിക ളായിട്ടുള്ള കുമിളുകൾ ഉണരുക. ഇതിനു മുൻകരുതലായി ട്രൈക്കോഡെർമ പോലുള്ള ഗുണകാരികളായുള്ള ഫംഗസ്സുകളെ പ്രയോജനപ്പെടുത്താം. ചാണകപ്പൊടി ചേർക്കുമ്പോൾ ട്രൈക്കോഡെർമ ചേർത്തിട്ടുള്ളവ ഉപയോഗിക്കുക. രോഗം ഉണ്ടാക്കുന്ന ഫംഗസ്സിനെ ഇതു നശിപ്പിക്കും. സ്യൂഡോമോണാസ് ഇത്തരത്തിലുള്ള മറ്റൊന്നാണ്. 20 ഗ്രാം അല്ലെങ്കിൽ അഞ്ച്–10 മില്ലി ലീറ്റർ സ്യൂഡോമോണാസ് ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് ഇലകളിൽ തളിച്ചുകൊടുക്കാം. ചെടികൾ നനച്ചു കഴിഞ്ഞ് അരമണിക്കൂറിന് ശേഷം വേണം ഇത്. ചുവട്ടില്‍ ഒഴിച്ചു കൊടുക്കുകയുമാകാം. പുള്ളി കുത്തൽ രോഗം, അഴുകൽ രോഗം എന്നിവ ഇത്തരത്തിൽ ഇല്ലാതാക്കാം.

പോഷകങ്ങൾ വേണ്ടുവോളം

പച്ചക്കറികൾ നന്നായി വളരാൻ നല്ല പോഷകങ്ങൾ ആവശ്യമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികൾക്ക് 140–150 ദിവസം കൊണ്ടുതന്നെ വിളവ് കിട്ടേണ്ടവയാണ്. അതുകൊണ്ട് വേഗത്തിൽ ഫലം നൽകുന്ന പോഷകങ്ങൾ വേണം ഉപയോഗിക്കാൻ. ഇവ വിട്ടിലും തയാറാക്കാം.

ജൈവ സ്ലറി കൂട്ട് – 10 കിലോ ചാണകം, ഒരു കിലോ വീതം വേപ്പിൻ പിണ്ണാക്കും കപ്പലണ്ടി പിണ്ണാക്കും എല്ലുപൊടിയും ആവശ്യത്തിന് വെള്ളം അഥവാ ഗോമൂത്രം ചേർത്തിളക്കി നാലു ദിവസം പുളിക്കാനായി വയ്ക്കുക. അഞ്ചാം ദിവസം നന്നായി ഇളക്കിയെടുത്ത്, 10 കപ്പ് വെള്ളത്തിന് ഒരു കപ്പ് സ്ലറി എന്ന അനുപാതത്തിൽ നേർപ്പിച്ച് ഉപയോഗിക്കുക.

ഫിഷ് അമിനോ ആഡിഡ് – ഒരു കിലോ വീതം മത്തിയും ശർക്കരയും ചേർത്ത് 15 ദിവസം വായു കടക്കാത്ത വിധം സൂക്ഷിക്കുക. അതിനുശേഷം തുറന്ന് അരിച്ചെടുത്ത് രണ്ടു മില്ലി മിശ്രിതം ഒരു ലീറ്റർ വെള്ളത്തിൽ നേർപ്പിച്ച് ഉപയോഗിക്കാം.

കീടനാശിനി വീട്ടിൽ തയാറാക്കാം...

വെളുത്തുള്ളി കാന്താരി ഇഞ്ചി സത്ത് – 10 ഗ്രാം വീതം വെളുത്തുള്ളിയും കാന്താരിയും ഇഞ്ചിയും നന്നായി അരച്ച് അര ലീറ്റർ വെള്ളത്തിൽ കലക്കി അരിച്ചെടുക്കുക. (മഴക്കാലത്ത് 10 ഗ്രാം ബാർസോപ്പ് 50 മില്ലി ലീറ്റർ വെള്ളത്തിൽ കുഴമ്പാക്കി ഈ സത്തുമായി ചേർത്തിളക്കുക). ഇത് പത്തിരട്ടി വെള്ളവും ഒരു നുള്ള് കായവും ചേർത്തുപയോഗിക്കാം.

വേപ്പെണ്ണ എമൽഷൻ – 60 ഗ്രാം ബാർസോപ്പ് അരലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഒരു ലീറ്റർ വേപ്പെണ്ണയുമായി ചേർത്തിളക്കി പത്തിരട്ടി വെള്ളം ചേർത്തെടുക്കുക.

പുകയില കഷായം – 50 ഗ്രാം പുകയില പൊടിയായി അരിഞ്ഞ് അര ലീറ്റർ വെള്ളത്തിൽ കുതിർത്ത് നന്നായി തിളപ്പിച്ച് ഒരു ദിവസം വയ്ക്കുക. പുകയില പിഴിഞ്ഞ് നീരെടുക്കുക. 10 ഗ്രാം ബാർസോപ്പ് 50 മില്ലി ലീറ്റർ വെള്ളത്തിൽ കുഴമ്പാക്കി പുകയില സത്തുമായി ചേർത്തിളക്കുക. ഇത് ഏഴിരട്ടി വെള്ളം ചേർത്തു തളിക്കാം.

വിവരങ്ങൾക്കു കടപ്പാട്: ഫിലിപ്പ് ജി. കാനാട്ട്, അഗ്രികൾച്ചറൽ എക്സ്പേർട്ട്, ഗ്രീൻ മാജിക് ഫാമിങ് സിസ്റ്റം, തേവര, കൊച്ചി.