Tuesday 20 February 2018 10:23 AM IST : By ലിജിൻ മത്തായി

ഇവളാണ് മിടുമിടുക്കി! താലിമാല പൊട്ടിച്ചു രക്ഷപ്പെടാൻ ശ്രമിച്ചവരെ സ്കൂട്ടറിൽ പിന്തുടർന്നു കീഴടക്കിയ യുവതിയുടെ അസാമാന്യ ധൈര്യത്തിന്റെ കഥ

kollam-sowmiya.jpg.image.784.410

മാല പൊട്ടിച്ചു രക്ഷപ്പെടാൻ ശ്രമിച്ചവരെ സൗമ്യ പിന്തുടർന്നു കീഴടക്കിയതു ജീവിതപ്രാരബ്ദങ്ങളുടെ ചക്രങ്ങളിൽ മനക്കരുത്ത് മാത്രം ഇന്ധനമാക്കി. തേവലക്കര കിഴക്കേക്കര പുന്തല കിഴക്കതിൽ എസ്. സൗമ്യയാണ് (28) സമാനതകളില്ലാത്ത പോരാട്ടവീര്യത്തിലൂടെ നാടിന്റെ താരമായത്. മാലപൊട്ടിച്ചവരെ സിനിമാ സ്റ്റൈലിൽ പിന്തുടർന്നാണു സൗമ്യ കീഴടക്കിയത്.

ആ നിമിഷങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ ഇപ്പോഴും സൗമ്യയ്ക്കു ഞെട്ടലൊഴിയുന്നില്ല. ‘കഴുത്തിൽ കിടന്ന മിന്നുമാല പോയതോടെ ജീവിതത്തിലെ പ്രധാന സമ്പാദ്യം തന്നെ നഷ്മായതു പോലെ തോന്നി. അതില്ലാതെ വീട്ടിലേക്കു പോകേണ്ടെന്നു തന്നെ നിശ്ചയിച്ചു. ഏതു വിധേനയും അതു തിരികെ പിടിക്കണം എന്ന വാശിയായി. മറ്റൊന്നും ആലോചിക്കാതെ കള്ളന്മാർക്കു പിന്നാലെ സ്കൂട്ടറിൽത്തന്നെ പാഞ്ഞു’– സൗമ്യ പറഞ്ഞു.

സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഗേളായ സൗമ്യ ജോലി കഴിഞ്ഞു സ്കൂട്ടറിൽ മടങ്ങുംവഴി സന്ധ്യയ്ക്കാണു ബൈക്കിലെത്തിയ യുവാക്കൾ മൂന്നര പവന്റെ താലിമാല കവർന്നത്. വളവുകളും ഹംപുകളും നിറഞ്ഞ റോഡിലൂടെ മൂന്നര കിലോമീറ്റർ ദൂരത്തിൽ സിനിമയെ വെല്ലുന്ന ചേസിങ്. ഒപ്പത്തിനൊപ്പം മുന്നേറുന്നതിനിടയിൽ ‘എത്രദൂരം പോയാലും മാലയുമായിട്ടേ ഞാൻ മടങ്ങൂവെന്നും തന്നിട്ടു പൊയ്ക്കൊള്ളൂ എന്നും’ സൗമ്യ പറയുന്നുണ്ടായിരുന്നു.

അസഭ്യവർഷവും ഭീഷണികളുമായിരുന്നു യുവാക്കളുടെ മറുപടി. ഇതിനിടയിൽ വഴിവക്കിലുള്ളവരുടെ സഹായവും തേടി. ശബ്ദം പുറത്തേക്കെത്താൻ തടസ്സമായതോടെ ഹെൽമറ്റും വലിച്ചെറിഞ്ഞു.  ഒടുവിൽ കല്ലുകടവിനു സമീപത്തു വച്ചു ബൈക്കിന്റെ മുൻവശത്തേക്കു സ്കൂട്ടർ ഇടിപ്പിച്ചു. റോഡിലേക്കു സൗമ്യ തെറിച്ചുവീണു. മോഷ്ടാക്കളും വീണു. എന്നാൽ ഓടിയെത്തിയ നാട്ടുകാരുടെ സഹായത്തോടെ ഒരാളെ പിടികൂടി.

മാലയുമായി കടന്ന രണ്ടാമൻ പിന്നീടു പൊലീസ് പിടിയിലായി. തയ്യൽക്കാരനായ ബാബുവാണു സൗമ്യയുടെ ഭർത്താവ്. മക്കൾ: അഞ്ചാം ക്ലാസുകാരി സബന്യയും മൂന്നാംക്ലാസുകാരി സോനയും. ചെറുപ്പത്തിലെ അച്ഛനെ നഷ്ടമായ സൗമ്യയ്ക്കു കൂട്ടായി അമ്മ ശലോമിയുമുണ്ട്. സൗമ്യയുടെ ധൈര്യത്തെ അഭിനന്ദിക്കുകയാണു നാട്ടുകാർ.

കൂടുതൽ വായനയ്‌ക്ക്