Friday 27 July 2018 11:44 AM IST : By സ്വന്തം ലേഖകൻ

നമ്മുടെ ഷാഡോ പൊലീസ് പുലിയാണ്; വൻ ബാങ്ക് കവർച്ച ലക്ഷ്യമിട്ട സംഘത്തെ കുടുക്കിയത് ഇങ്ങനെ

tvm_robbery

നഗരത്തിലെ പൊലീസ് ഷാഡോ സംഘം മിന്നലായി. വൻബാങ്ക് കവർച്ചയ്ക്കായി തയാറെടുത്ത സംഘം അഴിക്കുള്ളിലായി. പിടിയിലായവരിൽ രണ്ടുപേർ അന്യജില്ലക്കാർ. വലിയ മോഷണം നടത്താനായി ശ്രമിച്ചതു കോവളത്തെ ധനകാര്യ സ്ഥാപനത്തിൽ.

ഷാഡോയുടെ പിൻതുടരലിൽ കവർച്ചാ പദ്ധതി വെള്ളത്തിലായി. തിരുവല്ലം സ്വദേശി വിഷ്ണു, കോവളം സ്വദേശികളായ സൂരജ്, റോയി, വിഴിഞ്ഞം സ്വദേശി ഷിബു, കാസർകോട് സ്വദേശികളായ അജയൻ, വിനോദ് എന്നിവരാണു പിടിയിലായത്. ഇവരിൽ നിന്ന് ബാങ്ക് കവർച്ച നടത്തുന്നതിനുള്ള ഗ്യാസ് കട്ടറുകളും അനുബന്ധ സാമഗ്രികളും കണ്ടെടുത്തു.

ഗ്യാസ് കട്ടറുകൾ ഉപയോഗിച്ചു മുൻപുനടന്ന ബാങ്ക് കവർച്ചകളെ തുടർന്ന് ഇത്തരം സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ഷാഡോ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കമ്മിഷണർ പി.പ്രകാശിനു ലഭിച്ച രഹസ്യ വിവരത്തിനു പിന്നാലെ കവർച്ചയുടെ മുഖ്യസൂത്രധാരൻ വിഷ്ണുവിനെയും നിരീക്ഷിച്ചു വരികയായിരുന്നു.

കിഴക്കേകോട്ടയിലെ ഒരു സ്ഥാപനത്തിൽ നിന്നു ഗ്യാസ്കട്ടറും മറ്റും സാധനങ്ങളും വാങ്ങി മടങ്ങിയ വിഷ്ണുവിനെ ഷാഡോ സംഘം പിൻതുടർന്നു.ഇയാളും കൂട്ടാളികളും കോവളം ഭാഗത്തെ ധനകാര്യസ്ഥാപനത്തിൽ മോഷണത്തിനായി തയാറെടുക്കവേയാണു സംഘത്തെ ഷാഡോ പൊലീസ് പിടികൂടിയത്.

പിടിയിലായവരിലെ ജോയി മുഖാന്തരമാണു കാസർകോട് സ്വദേശികളായ അജയനും വിനോദും സംഘത്തിൽ എത്തിയത്. ഇതിൽ അജയൻ കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിലെ അനവധി മോഷണ കേസുകളിൽ പ്രതിയാണ്.

മുംബൈയിൽ ഇപ്പോൾ താമസമാക്കിയ ഇയാളും വിനോദും ഗ്യാസ് കട്ടർ ഉപയോഗിക്കുന്നതിൽ വിദഗ്ധൻമാരാണെന്നു പൊലീസ് പറഞ്ഞു. ഇതുകൊണ്ടാണ് ഇവരെ മോഷണ സംഘത്തിൽ ഉൾപ്പെടുത്തിയത്. പിടിയിലായ വിഷ്ണു തിരുവല്ലം സബ് റജിസ്ട്രാർ ഓഫിസിൽ ട്രഷറിയിൽ അടയ്ക്കാനുള്ള ആധാരത്തിലെ റജിസ്ട്രഷൻ ഫീസായ 57ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണെന്നു പൊലീസ് അറിയിച്ചു.

വിഷ്ണുവും സൂരജും ഷിബുവും ജോയിയും ചേർന്നു നടത്തിയ ഗൂഢാലോചനയിലെ പങ്കാളികളാണു കാസർകോട് സ്വദേശികൾ. വിഴിഞ്ഞം സിഐ: ഷിബു, കോവളം എസ്ഐ: അജയകുമാർ, ഷാഡോ എസ്ഐ: സുനിൽ ലാൽ, ഷാഡോ ടിം അംഗങ്ങൾ എന്നിവർ ഉൾപ്പെട്ട ടീമാണ് ഇവരെ അറസ്റ്റു ചെയ്തത്.

സുരക്ഷാ ജീവനക്കാർ ഇല്ലാത്തത് മുതലെടുത്തു മോഷണ ശ്രമം കോവളം ഭാഗത്തുള്ള ധനകാര്യ സ്ഥാപനങ്ങൾ ആളൊഴിഞ്ഞ ഭാഗത്തും സുരക്ഷ ജീവനക്കാർ ഇല്ലാത്തതിനാലുമാണ് മോഷണത്തിനു തിരഞ്ഞെടുത്തതെന്നു ചോദ്യം ചെയ്യലിൽ സംഘം മൊഴി നൽകി. ഇതര സംസ്ഥാന തൊഴിലാളികളുള്ള സ്ഥലമായതിനാൽ പൊലീസ് അവരുടെ പുറകേ പോകുമെന്നും സംഘം കണക്കു കൂട്ടി.

കൂടുതൽ വാർത്തകൾ