Friday 19 January 2018 12:18 PM IST : By സ്വന്തം ലേഖകൻ

ഫാസ്റ്റ്ഫുഡ് ബിസിനസിന്റെ മറവില്‍ ഷീഷ കഫെ; ഹുക്ക വലിക്കാനെത്തുന്നവരിൽ കൂടുതലും പെണ്‍കുട്ടികൾ!

shisha-image2

കോഴിക്കോട് ഫാസ്റ്റ്ഫുഡ് ബിസിനസിന്റെ മറവില്‍ ഷീഷ കഫെ നടത്തിയ കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. നൂഹ് എന്നയാളാണ് അനധികൃതമായി ഷീഷ കഫെ നടത്തി വന്നിരുന്നത്. 22 വയസ്സിൽ താഴെയുള്ള പെണ്‍കുട്ടികളും ആൺകുട്ടികളും അടങ്ങുന്ന വിദ്യാർത്ഥികളാണ് ഇവിടെ സ്ഥിരമായി ഹുക്ക ആസ്വദിക്കാൻ എത്തുന്നത്. നഗരത്തിലെ പ്രമുഖ കോളജിലെ വിദ്യാര്‍ത്ഥികളാണ് ഇവർ. റെയ്‌ഡിനായി പൊലീസ് എത്തുമ്പോൾ ഏഴോളം വിദ്യാര്‍ത്ഥികൾ ഇവിടെയിരുന്ന് ഹുക്ക വലിക്കുകയായിരുന്നു. ഇവരെ പിടികൂടിയ പൊലീസ് മാതാപിതാക്കളെ വിളിച്ചുവരുത്തി താക്കീത് നൽകിയാണ് വിട്ടയച്ചത്.

Shisha-image1

അറേബ്യന്‍ മാതൃകയിലാണ് ഇവിടെ ഷീഷകള്‍ ഒരുക്കിയിരിക്കുന്നത്. പുകയില ഉപയോഗിച്ചുള്ള ഷീഷകളാണ് വിദ്യാർത്ഥികൾ വലിച്ചിരുന്നത്. മുക്കാല്‍ മണിക്കൂറിന് 650 രൂപയാണ് കടയുടമ വിലയായി ഈടാക്കിയിരുന്നത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസിന്റെ മിന്നൽ പരിശോധന. ഇവിടെ ഷീഷ വലിയ്ക്കാൻ എത്തുന്നവരുടെ പേരുവിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കടയിൽ നിന്ന് പഴകിയ പഴങ്ങള്‍, കോഴിയിറച്ചി, പാല്‍ പായ്ക്കറ്റുകള്‍ എന്നിവയും പിടിച്ചെടുത്തു.