Friday 21 April 2017 03:22 PM IST : By സ്വന്തം ലേഖകൻ

വിദ്യാഭ്യാസം എന്തിന്? സോഫ്റ്റ്‌വെയർ അനലിസ്റ്റ് എംബിഎക്കാരി ഭാര്യയെ മുത്തലാഖ് ചൊല്ലിയത് വാട്സ്ആപ്പ് വഴി!

pardha

വിദ്യാഭ്യാസം ഉള്ളതുകൊണ്ട് മാത്രം പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്ന് തെളിയിക്കുന്നതാണ് ഹൈദരാബാദിൽ അടുത്തിടെ നടന്ന ഈ സംഭവം. സോഫ്റ്റ്‌വെയർ അനലിസ്റ്റായ ഭർത്താവ് എംബിഎക്കാരി ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയത് വാട്സ്ആപ്പ് വഴി. അതും വിവാഹം കഴിഞ്ഞ് വെറും ആറു മാസത്തിനു ശേഷമാണ് വിവാഹ മോചനം നടന്നത്.  

എംബിഎ ബിരുദധാരിയായ ബാദാർ ഇബ്രാഹീമിനെ 2016 ഫെബ്രുവരി ഏഴിനാണ് മുദാസിർ അഹമ്മദ് ഖാൻ വിവാഹം ചെയ്യുന്നത്. അന്ന് ഇയാൾ റിയാദിലുള്ള ഒരു ബാങ്കിൽ സോഫ്റ്റ്‌വെയർ അനലിസ്റ്റായി ജോലി നോക്കുകയായിരുന്നു. വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണ് ഇരുവരും ഒരുമിച്ചു കഴിഞ്ഞത്.

"ഭർത്താവുമായോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായോ യാതൊരുതരം പ്രശ്നങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. വാട്സ്ആപ്പിൽ മുത്തലാഖ് മെസ്സേജ് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. പിന്നീട് ഭർത്താവിന്റെ വീട്ടിലെത്തിയപ്പോൾ അവർ എന്റെ മുറി പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഭർത്താവെന്നേ ഉപേക്ഷിച്ചെന്നും തിരിച്ചു സ്വന്തം വീട്ടിലേക്ക് പൊയ്ക്കൊള്ളാനും അദ്ദേഹത്തിന്റെ മാതാപിതാക്കൾ എന്നോട് പറഞ്ഞു." ബാദാർ പറയുന്നു.

സ്ത്രീയെന്ന നിലയിൽ തനിക്ക് നേരിട്ട നീതികേടിനെതിരേ ബാദാർ പൊലീസിൽ പരാതി നൽകി. സൗദി അറേബ്യയിലാണ് മുദാസിറിപ്പോൾ ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും ഇയാൾക്കെതിരെ ആക്ഷനെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് പൊലീസ്. വാട്ട്സ്ആപ്പ് വഴിയുള്ള മുത്തലാഖ് ഹൈദരാബാദിൽ ഇതാദ്യ സംഭവമല്ല. ഹൈക്കോർട്ടിൽ സമാനമായ കേസുകൾ ഇപ്പോഴും വിധി കാത്തുകിടക്കുകയാണ്.