Tuesday 20 February 2018 09:55 AM IST : By സ്വന്തം ലേഖകൻ

വൈറ്റ്ഹൗസിനേക്കാൾ വലുപ്പം; ഉരുകിയൊലിച്ച് തീരുമോ സ്റ്റാലിന്റെ ഈ ‘മഞ്ഞുകൊട്ടാരം’?

ice-palace-1.jpg.image.784.410

പാറയേക്കാൾ കാഠിന്യമേറിയ മഞ്ഞുപാളികൾ; തകർക്കാൻ എത്ര ശ്രമിച്ചാലും ശാഠ്യത്തോടെ ‘മസിലും പിടിച്ചു’ നിൽക്കുന്ന തരം പാറകളായിരുന്നു എല്ലാം. എന്നിട്ടും അത് മനുഷ്യന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ പൊട്ടിത്തകർന്നു. മാത്രവുമല്ല, പാറകളെല്ലാം തുരന്ന് കിലോമീറ്ററുകളോളം നീളത്തില്‍ പരസ്പരം കൂടിച്ചേർന്ന തുരങ്കങ്ങളായും മാറി. മഞ്ഞു മൂടിക്കിടക്കുന്ന റഷ്യൻ ആർടിക് മേഖലയിലെ ഈ അദ്ഭുതം തയാറാക്കി അരനൂറ്റാണ്ടിലേറെയായി. ‘സ്റ്റാലിന്റെ മഞ്ഞുകൊട്ടാരം’ എന്നറിയപ്പെടുന്ന ഈ തുരങ്കത്തിന് വൈറ്റ് ഹൗസിനേക്കാളുമുണ്ട് വലുപ്പം. പക്ഷേ ഉപയോഗിച്ചിരുന്നത് മത്സ്യം സൂക്ഷിക്കാനായിരുന്നെന്നു മാത്രം.

വൻതോതിലാണ് ഈ പ്രകൃതിദത്ത ‘ഫ്രീസറിൽ’ മത്സ്യം സൂക്ഷിച്ചിരുന്നത്. ഇതു പിന്നീട് യൂറോപ്പിലേക്കു കയറ്റുമതി ചെയ്യും. എന്നാൽ അജ്ഞാത കാരണങ്ങളാൽ ഈ മഞ്ഞു കൊട്ടാരം ഉരുകിയൊലിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾത്തന്നെ പല തുരങ്കങ്ങളും മഞ്ഞുരുകി ഉപയോഗശൂന്യമായിക്കഴിഞ്ഞു. ഒരു ദശാബ്ദക്കാലമെങ്കിലുമായിട്ടുണ്ടാകും തുരങ്കം പുനരുദ്ധരിക്കാനുള്ള ഫണ്ട് പ്രദേശവാസികൾ ചോദിച്ചു കൊണ്ടേയിരിക്കുന്നു. ഒട്ടേറെ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന പ്രാദേശിക സ്മാരകം കൂടിയാണിത്. എന്നാൽ ഓരോ വർഷവും തുരങ്കം വൃത്തിയാക്കാനുളള പണം മാത്രമേ അനുവദിക്കാനാകൂ എന്ന നിലപാടിലാണ് അധികൃതർ.

ice-palace.jpg.image.784.410

അതിനിടെയാണ് അപ്രതീക്ഷിതമായുള്ള മഞ്ഞുരുകൽ. ആഗോളതാപനത്തെയൊക്കെ കുറ്റം പറയുന്നുണ്ടെങ്കിലും അധികൃതരുടെ അനാസ്ഥ തന്നെയാണ് ഒന്നാമത്തെ കാരണം. ആർട്ടിക്കിലെ ചൂടേറിയ ജലം തുരങ്കങ്ങളിലേക്കു കടക്കുന്നതു ത‍ടഞ്ഞാൽ മാത്രമേ മഞ്ഞുരുകൽ നിർത്താനാകൂവെന്നും വിദഗ്ധർ പറയുന്നു. തെക്കൻ സൈബീരിയയിലാണ് ഈ അദ്ഭുത മഞ്ഞു കൊട്ടാരമുള്ളത്. ജർമൻ എൻജിനീയറായ ഗുസ്താവ് ബാക്ക്മേൻ ആണ് നിർമാതാവ്. രണ്ടാം യുദ്ധ കാലത്ത് സൈബീരിയയിലേക്കു നാടു കടത്തപ്പെട്ട വ്യക്തിയാണ് ഇദ്ദേഹം. എന്നാൽ യുദ്ധം കഴിഞ്ഞതോടെ ഗുസ്താവിന്റെ ബുദ്ധി ഉപയോഗപ്പെടുത്താനായിരുന്നു റഷ്യൻ സർക്കാരിന്റെ തീരുമാനം.

സൈബീരിയയിൽ ഒരു മത്സ്യ സംഭരണ കേന്ദ്രത്തിലായിരുന്നു ഗുസ്താവിനു ജോലി. ആ പരിചയത്തിലാണു മത്സ്യം ശേഖരിക്കാൻ ഒരു പ്രകൃതിദത്ത കേന്ദ്രം നിർമിക്കാമെന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. ഗുസ്താവിനൊപ്പം ആണും പെണ്ണുമായി തൊഴിലാളികളുടെ ഒരു സംഘത്തെയും അയച്ചു. പത്തു വർഷത്തോളം രാവും പകലുമില്ലാതെയാണ് അവർ പണിയെടുത്തത്. മഞ്ഞുപാറകളിന്മേൽ ആയുധപ്രയോഗം നടത്തി മാസങ്ങളെടുത്താണ് അതെല്ലാം പൊട്ടിച്ചത്. ഒരു ഷിഫ്റ്റിൽ 15–20 പേരെന്ന കണക്കിൽ മൂന്നു ഷിഫ്റ്റിലായിരുന്നു ജോലി. 1956 ആയപ്പോഴേക്കും പണി പൂർത്തിയായി, ഏകദേശം 10 വർഷം കൊണ്ട്.

ice-palace-.jpg.image.784.410

75000 ചതുരശ്ര അടി പ്രദേശത്താണു തുരങ്കം പണിതത്. ഇവിടെ മൈനസ് 14 മുതൽ മൈനസ് 12 ഡിഗ്രി സെൽഷ്യസ് വരെ താപനില പ്രകൃതിദത്തമായിത്തന്നെ കൃത്യമായി തുടർന്നു. ഈ പ്രകൃതിദത്ത ‘ഫ്രീസിങ്ങി’ന്റെ ബലത്തിലാണ് ആർട്ടിക്കിൽ നിന്നുള്ള മത്സ്യസമ്പത്ത് തുരങ്കങ്ങളിലെത്തിച്ചു സൂക്ഷിച്ചത്. യന്ത്രസഹായമില്ലാതെ ഇത്തരത്തിൽ നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ സംഭരണ കേന്ദ്രവും ഇതാണ്. മഞ്ഞുപാളികൾ കൊണ്ടുതന്നെയായിരുന്നു വാതിലുകളും മേൽക്കൂരയും തറയുമെല്ലാം. പരസ്പരം കൂടിപ്പിണഞ്ഞ രീതിയിലായിരുന്നു തുരങ്കങ്ങളെല്ലാം. ചിലതിന് 460 അടി വരെയായിരുന്നു നീളം. തുരങ്കം പണിതീരുന്നതിനു മൂന്നു വർഷം മുൻപ് സ്റ്റാലിൻ അന്തരിച്ചിരുന്നു. നിർമാണം പൂർത്തിയായതോടെ ഗുസ്താവ് ഉക്രെയ്നിലേക്കു കടന്നു. പിന്നീട് അവിടെയായിരുന്നു ജീവിതം. 1967ലാണ് അദ്ദേഹത്തിന് ഉക്രെയ്നിലേക്കു പോകാൻ അനുമതി ലഭിച്ചത്.

കൂടുതൽ വായനയ്‌ക്ക്